സൗജന്യ നേത്ര പരിശോധന ക്യാമ്പ് 27ന്

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും കൊച്ചി ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലും സംയുക്തമായി 60-ാമത് സൗജന്യ നേത്ര- തിമിരരോഗ നിർണ്ണയ ക്യാമ്പ് 27ന് രാവിലെ 9 മണി മുതൽ 1 മണി വരെ സേവാഭാരതി ഓഫീസിൽ വച്ച് സംഘടിപ്പിക്കും.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

കാറളം പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ സരിത വിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയാകും.

നിര്യാതയായി

വള്ളിയമ്മ

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മാവിൻ ചുവട് പുതുവാട്ടിൽ നാരായണൻ (മുൻ ചുമട്ട് തൊഴിലാളി യൂണിയൻ -CITU) ഭാര്യ വള്ളിയമ്മ (69) നിര്യാതയായി.

സംസ്കാരം ജൂൺ 24 (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് മുക്തിസ്ഥാനിൽ.

മക്കൾ : പ്രസാദ് (കെ എസ് ആർ ടി സി),
പ്രസിത, പ്രസീന (സർവീസ് സഹകരണ ബാങ്ക്, വെള്ളാങ്ങല്ലൂർ)

മരുമക്കൾ : ശരണ്യ, രാജു, ബിജു

കത്തോലിക്ക കോൺഗ്രസ് കുടുംബസംഗമം നടത്തി

ഇരിങ്ങാലക്കുട : കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിൻ്റെ തിരുനാളും സംഘടനയുടെ വാർഷികവും കുടുംബ സംഗമവും വിവിധ പരിപാടികളോടെ നടത്തി.

തിരുനാൾ ദിവ്യബലിക്ക് യൂണിറ്റ് ഡയറക്ടർ ഫാ. ഡേവിസ് കല്ലിങ്ങൽ കാർമ്മികത്വം വഹിച്ചു.

തുടർന്ന് പതാക വന്ദനം നടത്തി.

വൈകീട്ട് നടന്ന വാർഷിക സമ്മേളനവും അംഗങ്ങളുടെ കുടുംബ സംഗമവും രൂപത ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് ഡയറക്ടർ ഫാ. ഡേവിസ് കല്ലിങ്ങൽ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ പ്രസിഡൻ്റ് ജോസഫ് തെക്കൂടൻ അധ്യക്ഷനായിരുന്നു.

പള്ളി കൈക്കാരൻ ലൂയിസ് തറയിൽ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി റാഫേൽ പെരുമ്പുള്ളി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

വൈസ് പ്രസിഡൻ്റ് ഷാബു വിതയത്തിൽ സ്വാഗതവും കൺവീനർ ക്ലീറ്റസ് ഇലഞ്ഞിക്കൽ നന്ദിയും പറഞ്ഞു.

വാർഷികത്തോടനുബന്ധിച്ച് ഇടവകയിലെ നിർദ്ധനരായ വിദ്യാർഥികൾക്ക് സൗജന്യ നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു.

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ കാഷ് അവാർഡ് നൽകി അനുമോദിച്ചു.

കുടുംബാഗങ്ങളുടെ വിവിധ കലാപരിപാടികൾ ക്കു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽയോഗാദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ യോഗ ഹാളിൽ വച്ച് അന്താരാഷ്ട്ര യോഗ ദിനാചരണവും, ആദ്യ യോഗ ക്ലാസ്സിന്റെ ബോധവൽക്കരണവും പരിശീലനവും സംഘടിപ്പിച്ചു.

ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി.എ. പോൾ, വാർഡ് കൗൺസിലർ ഗീത പുതുമന എന്നിവർ ആശംസകൾ നേർന്നു.

യോഗദിനത്തെ കുറിച്ചും, യോഗ വാർദ്ധക്യത്തിൽ എങ്ങനെ പ്രയോജനം ചെയ്യുന്നു എന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ബിജു മോഹൻ ക്ലാസ്സ്‌ എടുത്തു.

തുടർന്ന് വിവിധ യോഗ ക്ലബ്ബ് അംഗങ്ങളുടെ യോഗ പ്രദർശനവും ഉണ്ടായിരുന്നു.

പരിപാടിയിൽ ഏകദേശം 130ഓളം പേർ പങ്കെടുത്തു.

ഹോമിയോ യോഗ ഇൻസ്‌ട്രക്ടർ രാജലക്ഷ്മി നന്ദി പറഞ്ഞു.

ജനക്ഷേമ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : നരേന്ദ്രമോദി സർക്കാരിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ജനക്ഷേമ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട നമോഭവനിൽ നടത്തിയ ക്യാമ്പ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ കുട്ടികൾക്കുള്ള സുകന്യ സമൃദ്ധി യോജന, ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന കെവൈസി പുതുക്കൽ, മുദ്ര ലോൺ തുടങ്ങിയ കേന്ദ്ര ഗവണ്മെന്റ് സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

പോസ്റ്റ്‌ ഓഫീസ് പ്രതിനിധികളും ഐഡിബിഐ ബാങ്ക് ജീവനക്കാരുമാണ് ക്യാമ്പിൽ കേന്ദ്ര ഗവണ്മെന്റ് പദ്ധതികളെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകിയത്.

ആളൂർ മണ്ഡലം പ്രസിഡന്റ്‌ വിശ്വജിത്ത് അധ്യക്ഷത വഹിച്ചു.

യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ ലാൽ ആശംസകൾ നേർന്നു.

ബിജെപി ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, അജീഷ് പൈക്കാട്ട്, രിമ പ്രകാശ്, ശ്യാംജി, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

യുവമോർച്ച ജനറൽ സെക്രട്ടറി അമീഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ ജിനു ഗിരിജൻ നന്ദിയും പറഞ്ഞു.

യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌ ആശിഷ, സെക്രട്ടറിമാരായ ശ്രീരാജ്, ഷൈബിൻ, ഉണ്ണിമായ, ആദിത്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഭാരതീയ വിദ്യാഭവനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

ചെയർമാൻ ടി.എ. നായർ ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ആനന്ദവല്ലി, പി.കെ. ഉണ്ണികൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ ഗിരിജ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ‘മാസ്സ് യോഗ ഡെമോൺസ്ട്രേഷൻ സെഷനി’ൽ 9, 10 ക്ലാസുകളിലെ വിദ്യാർഥികൾ പങ്കെടുത്തു.

വിവിധ യോഗാസനങ്ങൾ, യോഗാനൃത്തം, യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗം എന്നിവയും ഉണ്ടായിരുന്നു.

യോഗാധ്യാപിക റോജ നേതൃത്വം നൽകി.

ഫിസിക്കൽ എജുക്കേഷൻ വിഭാഗം അധ്യാപിക റോസ്മി പരിപാടികൾ ഏകോപിപ്പിച്ചു.

അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മനക്കലപ്പടി 6-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കായുള്ള അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ജിസ്മ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

മുൻ ദേവസ്വം ചെയർമാൻ എൻ.ബി. മോഹനൻ ആശംസകൾ നേർന്നു.

ട്രെയിനറും കൗൺസിലറും ലൈഫ് കോച്ചുമായ ആർ.ബി. ഷിഫ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.

വാർഡ് മെമ്പർ അസ്‌മാബി ലത്തീഫ് സ്വാഗതം പറഞ്ഞു.

ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിക്കുകയും അവരുടെ തുടർപഠനത്തിനും തൊഴിൽ സാധ്യതകൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

വിമർശനം യാഥാർഥ്യം മനസിലാക്കാതെ : അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : ബഡ്ജറ്റിനെതിരെയുള്ള വിമർശനം യാഥാർഥ്യം മനസിലാക്കാതെയുള്ളതെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ പറഞ്ഞു.

ബസ് സ്റ്റാൻഡ് വികസനം ഉൾപ്പെടെ പുതിയതായി പ്രഖ്യാപിച്ച എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കുമെന്ന് അദേഹം വ്യക്തമാക്കി.

മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടും നടപ്പിലാക്കാൻ കഴിയാത്ത പദ്ധതികളും നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുമെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഉണ്ണിയാടൻ കൂട്ടിച്ചേർത്തു.

കുട്ടൻകുളം സമരഭൂമിയിൽ സ്മാരകം ഉടനെ യാഥാർത്ഥ്യമാക്കണം : കെ.ജി. ശിവാനന്ദൻ 

ഇരിങ്ങാലക്കുട : അയിത്തത്തിനും അനാചാരങ്ങൾക്കും വഴിനടക്കാനുള്ള സ്വാതന്ത്ര്യനിഷേധത്തിനും എതിരെ ഇരിങ്ങാലക്കുടയിൽ നടന്ന ഐതിഹാസികവും ചരിത്രപ്രസിദ്ധവുമായ കുട്ടൻകുളം സമരത്തിൻ്റെ ഓർമ്മയ്ക്കായി സ്മാരകം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു.

സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുട്ടൻകുളം സമരവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, മുൻ സ്റ്റേറ്റ് കൗൺസിൽ അംഗം കെ. ശ്രീകുമാർ, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ. പി.ജെ. ജോബി എന്നിവർ ആശംസകൾ നേർന്നു.

മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ. ശിവൻ, അനിത രാധാകൃഷ്ണൻ, കെ.എസ്. പ്രസാദ്, വി.ആർ. രമേശ്, മിഥുൻ പോട്ടക്കാരൻ
എന്നിവർ നേതൃത്വം നൽകി.

വിശുദ്ധ തോമസ് മൂർ ദിനാചരണം

ഇരിങ്ങാലക്കുട : കെ.സി.വൈ.എം.ന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂർ ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രൽ കേരള കത്തോലിക്ക യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ പ്രത്യേക അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

രാവിലെ 7.30നുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി റവ. ഫാ. ഡോ. ലാസർ കുറ്റിക്കാടൻ പുഷ്പാർച്ചന നടത്തുകയും ദിനാചരണ സന്ദേശം നൽകുകയും ചെയ്തു.

തുടർന്ന് റവ. ഫാ. ലിന്റോ കരേക്കാടൻ വിശുദ്ധ തോമസ് മൂർ ദിനാചരണാശംസകൾ നേർന്നു.

കെ.സി.വൈ.എം. പ്രസിഡന്റ് പി.ഡി. ഡിജോ, സെക്രട്ടറി എം.വി. ആന്റണി, ട്രഷറർ യേശുദാസ് ജെ. മാമ്പിള്ളി, വൈസ് പ്രസിഡന്റുമാരായ അനഹ ജാക്സൺ ചെറുപുന്നം, ജോസ്ലിൻ ജോസ്, ജോയിന്റ് സെക്രട്ടറി അനറ്റ് മരിയ, അനിമേറ്റർ ജോസ് മാമ്പിള്ളി എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പുഷ്പാർച്ചന നടത്തുകയും വിശുദ്ധന്റെ മധ്യസ്ഥം അഭ്യർത്ഥിച്ച് ആശംസകൾ അർപ്പിക്കുകയും ചെയ്തു.