ഇരിങ്ങാലക്കുട : ടൂർ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നൽകി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി തിരുവനന്തപുരം ശാസ്താമംഗലം സ്വദേശി ചാർളി വർഗ്ഗീസിനെ (51) തൃശ്ശൂർ റൂറൽ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ്സിന്റെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ബി കെ അരുൺ അറസ്റ്റ് ചെയ്തു.
മാധ്യമങ്ങളിൽ ടൂർ പാക്കേജിൻ്റെ പരസ്യം കണ്ട് ചാർളി വർഗ്ഗീസുമായി ബന്ധപ്പെട്ട കൊടുങ്ങല്ലൂർ, മേത്തല, എലിശ്ശേരിപ്പാറ സ്വദേശികളായ അശോകൻ, സുഹൃത്തുക്കളായ വിജയൻ, രങ്കൻ എന്നിവരാണ് തട്ടിപ്പിനിരയായത്.
ചാർളി ആവശ്യപ്പെട്ട പ്രകാരം ഇവർ വിനോദയാത്രയ്ക്കായി 9 ലക്ഷം രൂപയോളം നൽകി. പിന്നീട് ഇയാൾ ഇവരെ കബളിപ്പിച്ച് തന്ത്രപൂർവ്വം ഒഴിവാക്കുകയായിരുന്നു.
തങ്ങൾ തട്ടിപ്പിനിരയായതായി സംശയം തോന്നിയ ഇവർ വിനോദയാത്ര സ്ഥാപനം അന്വേഷിച്ചു ചെന്നപ്പോൾ സ്ഥാപനം അടച്ചു പൂട്ടിയതായി കണ്ടെത്തി.
തുടർന്ന് അശോകൻ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
തട്ടിപ്പിനു ശേഷം ചാർളി പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു.
സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിന് ചാർളിക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
സബ്ബ് ഇൻസ്പെക്ടർ കെ സാലിം, സജിൽ, എഎസ്ഐ ഷഫീർ ബാബു, ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.