സംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട : സംഗമേശ്വര റസിഡൻ്റ്സ് അസോസിയേഷന്റെ 21-ാമത് വാർഷിക പൊതുയോഗം നടത്തി.

ഹരികുമാർ തളിയക്കാട്ടിൽ (പ്രസിഡന്റ്), മണി ആന്തമ്പിള്ളി (സെക്രട്ടറി), ശിവദാസൻ നായർ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

നമ്പൂതിരീസ് കോളെജിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് സേതുമാധവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി മണി ആന്തമ്പിള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജയശങ്കർ പായ്ക്കാട്ട് വരവ് – ചെലവ് കണക്കുകളും അവതരിപ്പിച്ചു.

ഹരികുമാർ തളിയക്കാട്ടിൽ സ്വാഗതവും ശിവദാസൻ നായർ നന്ദിയും പറഞ്ഞു.

വെള്ളാങ്ങല്ലൂരിലെ പോളക്കുളം റോഡ്‌ ഗതാഗതത്തിന് തുറന്നു കൊടുത്തു

ഇരിങ്ങാലക്കുട : ബെന്നി ബഹനാൻ എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 49,80,000 രൂപ ചിലവാക്കി നിർമ്മിച്ച വെള്ളാങ്ങല്ലൂർ പഞ്ചായത്ത് 5-ാം വാർഡിലെ പോളക്കുളം റോഡ്‌ ഗതാഗതത്തിന് തുറന്നു കൊടുത്തു.

ബെന്നി ബഹനാൻ എം പി ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി മുഖ്യാതിഥിയായി.

ബ്ലോക്ക്‌ അസിസ്റ്റന്റ് എഞ്ചിനീയർ സന്തോഷ്‌ റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വികസനകാര്യ കമ്മിറ്റി ചെയർമാൻ ജിയോ ഡേവിസ്, ഡിവിഷൻ മെമ്പർ അസ്മാബി ലത്തീഫ്, വാർഡ് മെമ്പർ ഷംസു വെളുത്തേരി എന്നിവർ ആശംസകൾ നേർന്നു.

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കോൺഗ്രസ് 101-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും നടത്തി.

മാർക്കറ്റ് പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു.

ബൂത്ത് പ്രസിഡൻ്റ് ഡേവിസ് ഷാജു അധ്യക്ഷത വഹിച്ചു.

തുടർന്ന് രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

മുൻ കൗൺസിലർമാരായ ജോസ് കോമ്പാറക്കാരൻ, തോമസ് കോട്ടോളി, അഡ്വ. ഹോബി ജോളി, ജോസ് മാമ്പിള്ളി എന്നിവർ അനുസ്മരണ സന്ദേശം നൽകി.

സണ്ണി മുരിങ്ങത്ത്പറമ്പിൽ, വിൻസെൻ്റ് ചക്കാലക്കൽ, ഇഗ്നേഷ്യസ് നെടുമ്പാക്കാരൻ, ജോണി അമ്പൂക്കൻ, ഗിൽട്ടൺ കൊക്കാലി എന്നിവർ നേതൃത്വം നൽകി.

പിണറായി വിജയൻ സർക്കാരിന്റെ 4-ാം വാർഷികം : ഇരിങ്ങാലക്കുടയിൽ കരിദിനം ആചരിച്ച് ഐക്യ ജനാധിപത്യ മുന്നണി

ഇരിങ്ങാലക്കുട : ജനദ്രോഹ നയങ്ങൾ തുടരുന്ന പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം ഐക്യ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുടയിൽ കരിദിനമായി ആചരിച്ചു.

ഇരിങ്ങാലക്കുട രാജീവ്ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഠാണാവിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ചെയർമാനും മുൻ ഗവൺമെന്റ് ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ.കെ. ശോഭനൻ, അഡ്വ. സതീഷ് വിമലൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമാരായ സി.എസ്. അബ്ദുൾ ഹഖ്, പി.കെ. ഭാസി, എ.ഐ. സിദ്ധാർത്ഥൻ, ബാസ്റ്റിൻ ഫ്രാൻസിസ്, ബാബു തോമസ്, എൻ. ശ്രീകുമാർ, ഷാജു പാറേക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത് സ്വാഗതവും ഷാറ്റോ കുര്യൻ നന്ദിയും പറഞ്ഞു.

പൂമംഗലം പഞ്ചായത്തില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രവൃത്തി സ്ഥലത്തേക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സ് വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു.

കാറളം വെള്ളാനിയിൽ ബസ്സ് ജീവനക്കാരെ ആക്രമിച്ച 3 പേർ പിടിയിൽ

ഇരിങ്ങാലക്കുട : കാറളം വെള്ളാനിയിൽ വച്ച് ബസ്സ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറെ ആക്രമിച്ച് പരിക്കൽപ്പിക്കുകയും ചെയ്ത കേസിലെ 3 പ്രതികൾ പിടിയിൽ.

കാറളം വെള്ളാനി സ്വദേശികളായ കൊല്ലായിൽ വീട്ടിൽ സേതു (29), കുറുവത്ത് വീട്ടിൽ ബബീഷ് (42), പുല്ലത്ത് വീട്ടിൽ സബിൽ (25) എന്നിവരെയാണ് കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.

ഞായറാഴ്ച വൈകീട്ട് 7 മണിയോടെ കാറളം നന്തിയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ലാസ്റ്റ് ട്രിപ്പ് പോയിരുന്ന മംഗലത്ത് ബസ്സ് വെള്ളാനി യൂണിയൻ ഓഫീസിന് സമീപത്തു വച്ച് മോട്ടോർ സൈക്കിളിന് സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞ് മോട്ടോർസൈക്കിൾ വട്ടം വെച്ച് തടഞ്ഞ് നിർത്തി ബസ്സിനുള്ളിലേക്ക് കയറി കണ്ടക്ടർ ആയ താണിശ്ശേരി സ്വദേശി പ്ലാശ്ശേരി വീട്ടിൽ റെനീതി(42)നെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറായ മാള സ്വദേശി ഒറവന്തുരുത്തി വീട്ടിൽ വിനോദി(48)നെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും ചെയ്ത സംഭവത്തിനാണ് കാട്ടൂർ പൊലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

സേതു കാട്ടൂർ പൊലീസ് സ്റ്റേഷനിലെ റൗഡിയും രണ്ട് അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ കേസിലും, ചേർപ്പ് സ്റ്റേഷനിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെയും പ്രതിയാണ്.

ബബീഷ് കാട്ടൂർ പൊലീസ് സ്റ്റേഷനിലെ റൗഡിയും, 2 വധശ്രമക്കേസിലും, 5 അടിപിടിക്കേസിലും, ഒരു സ്ത്രീധന പീഡനക്കേസിലും, ലഹരി ഉപയോഗിച്ച് പൊതുജനശല്യമുണ്ടാക്കിയ 3 കേസിലും, അശ്രദ്ധമായി വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കുണ്ടാക്കിയ കേസിലും പ്രതിയാണ്.

സബിൽ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് ബീഡി വലിച്ചതിനുള്ള രണ്ട് കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ ഒരു കേസിലും പ്രതിയാണ്.

കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, സബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്ജ്, തോമസ്, എസ്.സി.പി.ഒ. ധനേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഉത്സവം കൊടിയിറങ്ങി : കൂടൽമാണിക്യം ക്ഷേത്രപരിസരവും റോഡുകളും ശുചീകരിച്ച് നഗരസഭ

ഇരിങ്ങാലക്കുട : 10 ദിവസം നീണ്ടുനിന്ന കൂടൽമാണിക്യം തിരുവുത്സവം കൊടിയിറങ്ങിയതിന് പിന്നാലെ ക്ഷേത്രപരിസരവും പൊതുറോഡുകളും ശുചീകരിച്ച് ഇരിങ്ങാലക്കുട നഗരസഭ.

ക്ഷേത്രോത്സവം ആരംഭിച്ച മെയ് 8 മുതൽ 18 വരെ ദിവസവും 11 ശുചീകരണ ജീവനക്കാർ 24 മണിക്കൂറും ക്ഷേത്രപരിസരം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്നു.

18ന് പുലർച്ചെ മുതൽ 20 ശുചീകരണ ജീവനക്കാർ ചേർന്ന് ആറാട്ട് പോകുന്ന വഴികളും ക്ഷേത്രത്തിന് നാലു വശമുള്ള റോഡുകളും മെയിൻ റോഡ് മുതൽ ഠാണാ ജംഗ്ഷൻ വരെയും വൃത്തിയാക്കി.

തിങ്കളാഴ്ച 25 ജീവനക്കാർ ചേർന്ന് ക്ഷേത്ര പരിസരം മുഴുവൻ വൃത്തിയാക്കി മാലിന്യങ്ങൾ ചാക്കിലാക്കി നഗരസഭാ വാഹനങ്ങളിൽ കയറ്റി മാലിന്യസംസ്കരണ പ്ലാന്റായ ഹിൽപാർക്കിലേക്ക് സംസ്കരണത്തിനായി അയച്ചു.

ഉത്സവത്തിന്റെ എട്ടു ദിവസങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ ക്ഷേത്രപരിസരത്ത് സംഭാര വിതരണവും നടത്തിയിരുന്നു.

“പ്രഭാതങ്ങൾ ജാഗ്രതൈ” പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതാപ് സിംഗ് എഴുതിയ “പ്രഭാതങ്ങൾ ജാഗ്രതൈ” എന്ന കഥാസമാഹാരം പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം.പി. സുരേന്ദ്രൻ മുൻ നഗരസഭാധ്യക്ഷ സോണിയ ഗിരിക്ക് നൽകി പ്രകാശനം ചെയ്തു.

നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ അരുൺ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ചു.

കഥാകൃത്ത് പി.കെ. ഭരതൻമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

കാട്ടൂർ രാമചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി.

സംസ്കാരസാഹിതി ജില്ലാ കമ്മിറ്റി മെമ്പർ എ.സി. സുരേഷ്, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ബാലകൃഷ്ണൻ അഞ്ചത്ത്, രാധാകൃഷ്ണൻ വെട്ടത്ത്, പി.എൻ. സുനിൽ എന്നിവർ പ്രസംഗിച്ചു.

ഓൾ കേരള വുമൺസ് ബാഡ്മിൻ്റൺ ലീഗ് : എവനീർ ഏവിയേഷൻസ് ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ നടന്ന ഓൾ കേരള വുമൺസ് ബാഡ്മിന്റൺ ലീഗിൽ എറണാകുളം എവനീർ ഏവിയേഷൻസ്, ഇരിങ്ങാലക്കുട ലയൺസ് ഷട്ടിൽ ക്ലബ്ബിനെ 2-1ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

പെൺകുട്ടികളുടെ വിഭാഗത്തിൽ ലയൺസ് ഷട്ടിൽ ക്ലബ്ബിലെ മീര എസ്. നായർ – അപർണ സഖ്യം 15-10,15-5 എന്ന സ്കോറിന് എവനീർ ഏവിയേഷൻ എറണാകുളത്തെ പരാജയപ്പെടുത്തി ലീഡ് നേടി.

35 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ എവനീർ ഏവിയേഷന്റെ ഹിമ വിവേകാനന്ദൻ – നിള സഖ്യം 15-9,15-12 എന്ന സ്കോറിന് ലയൺസ് ഷട്ടിൽ ക്ലബ്ബിന്റെ ഷേബ – മായശ്രീ സഖ്യത്തെ പരാജയപ്പെടുത്തി ഒപ്പം എത്തി.

നിർണായകമായ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ വാശിയേറിയ മത്സരത്തിലൂടെ ഏവിയേഷന്റെ മിനി രാജൻ നായർ – വിജയ് ലക്ഷ്മി സഖ്യം 14-15, 10-15, 15-9 എന്ന സ്കോറിന് ലയൺ ഷട്ടിൽ ക്ലബ്ബിന്റെ ആശ – ജെസ്സി സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

തൃശൂർ ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ ട്രഷറർ ജോയ് കെ. ആന്റണി സമ്മാനങ്ങൾ വിതരണം ചെയ്തു.

ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമി സെക്രട്ടറി പീറ്റർ ജോസഫ്, ടൂർണമെന്റ് കൺവീനർ ആൾജോ ജോസഫ്, അബ്രഹാം പഞ്ഞിക്കാരൻ എന്നിവർ നേതൃത്വം നൽകി.

സ്വാതന്ത്ര്യ സമരസേനാനി എം.കെ. തയ്യിലിന്റെ മകൻ ശശികുമാർ അന്തരിച്ചു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനിയും ഇടതുപക്ഷ പ്രസ്ഥാനം ഇരിങ്ങാലക്കുടയിൽ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത എം.കെ. തയ്യിലിന്റെ മകൻ ശശികുമാർ (65) നിര്യാതനായി.

ആരോഗ്യ വകുപ്പിൽ മുൻ നേഴ്സിംഗ് അസിസ്റ്റന്റായിരുന്നു.

മരിച്ച ശശികുമാറിൻ്റെ കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലെ റിസർച്ച് സെന്റർ വിഭാഗത്തിന് കൈമാറി.

സംസ്കാരം ശനിയാഴ്ച (മെയ് 17) വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

അമ്മ : പരേതയായ കൗസല്യ

ഭാര്യ : ശോഭന

മക്കൾ : ലിഖിൽ, നിഖിൻ (സിപിഎം തറയിലക്കാട് ബ്രാഞ്ച് അംഗം)

സഹോദരൻ : സുരേഷ് ബാബു (സിപിഎം വെള്ളിലംകുന്ന് ബ്രാഞ്ച് സെക്രട്ടറി)