”കൂട്ടുകാരിക്കൊരു കരുതല്‍” പദ്ധതിയുമായി ബോയ്‌സ് സ്കൂളിലെ എന്‍ എസ് എസ് വൊളൻ്റിയർമാർ

ഇരിങ്ങാലക്കുട : ഗവ മോഡല്‍ ബോയ്‌സ് വി എച്ച് എസ് ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്‍റെ ആഭിമുഖ്യത്തില്‍ ”കൂട്ടുകാരിക്കൊരു കരുതല്‍” പരിപാടിയുടെ ഭാഗമായി നിര്‍ധന കുടുംബത്തിന് തയ്യല്‍ മെഷീൻ കെെമാറി.

സാന്ത്വന സ്പര്‍ശം പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് വാക്കറും നൽകി.

പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു.

പിടിഎ പ്രസിഡന്‍റ് ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ആര്‍ രാജലക്ഷ്മി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം എ ലസീദ, ആല്‍ഫ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് നഴ്‌സ് ഷൈനി, സുബിത, വൊളൻ്റിയർ ലീഡര്‍ എം എസ് അനന്യ എന്നിവര്‍ പ്രസംഗിച്ചു.

എന്‍എസ്എസ് വൊളൻ്റിയർമാർ റെഗുലര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ”സാന്ത്വന കുടുക്ക” പദ്ധതി, ഭക്ഷ്യമേള, ഐസ്‌ക്രീം, ന്യൂസ് പേപ്പര്‍, ദോത്തി, ഉപ്പേരി, ബിരിയാണി, ഹാന്‍ഡ് വാഷ് എന്നിങ്ങനെ വിവിധ ചലഞ്ചുകൾ നടത്തിയാണ് തയ്യല്‍ മെഷീനും വാക്കറും വാങ്ങാനുള്ള തുക സമാഹരിച്ചത്.

ഒട്ടേറേ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ വൊളൻ്റിയർമാർ ഈ വര്‍ഷം നടപ്പിലാക്കി.

ഡോ എ പി ജെ അബ്ദുള്‍ കലാം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2024ലെ ജീവകാരുണ്യം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും മികച്ച സ്‌കൂളിനും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുമുള്ള അവാര്‍ഡുകൾ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന് ലഭിച്ചു.

തുമ്പൂര്‍ എ യു പി സ്‌കൂളില്‍ സമ്പൂര്‍ണ നീന്തല്‍ പരിശീലനം ആരംഭിച്ചു

ഇരിങ്ങാലക്കുട : തുമ്പൂര്‍ എ യു പി സ്‌കൂളില്‍ സമ്പൂര്‍ണ നീന്തല്‍പരിശീലനം ആരംഭിച്ചു.

മഷിക്കുളത്തില്‍ സംഘടിപ്പിക്കുന്ന പരിശീലനം ആർ കെ ജയരാജ് ഉദ്ഘാടനം ചെയ്തു.

ഹരിലാല്‍ മുത്തേടത്താണ് പരിശീലകന്‍.

10 ദിവസത്തെ പരിശീലനത്തില്‍ 30 ആണ്‍കുട്ടികളും 37 പെണ്‍കുട്ടികളും പങ്കെടുക്കും.

കാട്ടൂര്‍ പൊട്ടക്കടവില്‍ സ്ലൂയിസ് തകരാറിൽ : കൃഷിസ്ഥലങ്ങളിലേക്ക് ഓരുവെള്ളം കയറുന്നു ; പ്രതിഷേധവുമായി കര്‍ഷകർ

ഇരിങ്ങാലക്കുട : കാട്ടൂര്‍ പൊട്ടക്കടവ് പാലത്തിന് സമീപമുള്ള സ്ലൂയിസ് തകരാറിലായതിനെ തുടര്‍ന്ന് കനോലി കനാലില്‍ നിന്ന് ഓരുവെള്ളം കൃഷിസ്ഥലങ്ങളിലേക്ക് കയറാന്‍ തുടങ്ങിയതോടെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി.

കര്‍ഷകസംഘം കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തിയത്.

ഒരു വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച സ്ലൂയിസാണ് കഴിഞ്ഞ ദിവസം തകരാറിലായത്.

വേലിയേറ്റ സമയമായതു കൊണ്ട് വലിയ തോതിലുള്ള ഉപ്പുവെള്ളമാണ് കനാലില്‍ നിന്ന് ചെമ്പന്‍ചാല്‍, താണിച്ചിറ തുടങ്ങിയ കാര്‍ഷിക മേഖലയിലേക്ക് കയറുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.

ഈ പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസുകളിലും ഉപ്പുവെള്ളമെത്താന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

സ്ലൂയിസ് അറ്റകുറ്റപ്പണികള്‍ നടത്തി തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് കര്‍ഷകസംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കര്‍ഷകസംഘം പ്രസിഡന്‍റ് ഇ സി ജോണ്‍സന്‍, സെക്രട്ടറി ഇ വി അരവിന്ദാക്ഷന്‍, ഭാനുമതി ബാലന്‍, ഒ കെ ഭാസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതിഷേധത്തിനു പിന്നാലെ സ്ലൂയിസിന്റെ തകരാര്‍ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.

അറ്റകുറ്റപ്പണികള്‍ വിലയിരുത്താന്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി വി ലത, ബ്ലോക്ക് അംഗം വി എ ബഷീര്‍, പഞ്ചായത്തംഗം രമാഭായ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

തകരാര്‍ സംഭവിച്ച സ്ലൂയിസ് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

സ്ലൂയിസ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ നടത്തി സ്ലൂയിസിലെ കേടുപാടുകള്‍ പരിഹരിക്കണമെന്നും കര്‍ഷകരുടെ ആശങ്ക അകറ്റണമെന്നും മണ്ഡലം പ്രസിഡന്‍റ് എ പി വില്‍സണ്‍, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് രഞ്ചില്‍ തേക്കാനത്ത്, പഞ്ചായത്തംഗം അംബുജം രാജന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

എടത്താട്ടിൽ മാധവനെ അനുസ്മരിച്ച് സർവ്വകക്ഷി യോഗം

ഇരിങ്ങാലക്കുട : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും എ കെ എസ് ടി യു സ്ഥാപക നേതാവുമായിരുന്ന എടത്താട്ടിൽ മാധവൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

സംസ്ഥാന കൗൺസിൽ അംഗം അഡ്വ വി എസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം ബി ലത്തീഫ് അധ്യക്ഷത വഹിച്ചു.

ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് കെ എസ് ജയ, മുതിർന്ന നേതാവ് കെ ശ്രീകുമാർ, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഡേവിസ്, സി പി ഐ ജില്ലാ കൗൺസിൽ അംഗം എൻ കെ ഉദയപ്രകാശ്, സി പി എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, ടി കെ സന്തോഷ്, കെ കെ സുധാകരൻ മാസ്റ്റർ, പി സി ഉണ്ണിച്ചെക്കൻ, കെ ആർ ജോജോ, ഡെന്നീസ് കണ്ണൻകുന്നി, സോമൻ ചിറ്റേത്ത് എന്നിവർ സംസാരിച്ചു.

ടി സി അർജുനൻ സ്വാഗതവും, സി യു ശശിധരൻ നന്ദിയും പറഞ്ഞു.

തദ്ദേശ റോഡ് പുനരുദ്ധാരണം :  ഇരിങ്ങാലക്കുടയിൽ 30 റോഡുകൾക്കായി  8.39 കോടി രൂപ അനുവദിച്ചതായി മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ  നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ച് ഭരണാനുമതി  ലഭ്യമായതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. 

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായാണ് വിവിധ റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചിരിക്കുന്നത്.

സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനശക്തി റോഡിന് 15 ലക്ഷം രൂപ, എ കെ ജി പുഞ്ചപ്പാടം  റോഡിന് 16 ലക്ഷം രൂപ, കോടംകുളം പുളിക്കച്ചിറ റോഡിന് 45 ലക്ഷം രൂപ, മുരിയാട് അണ്ടിക്കമ്പനി മഠം കപ്പേള റോഡ് ആരംഭ നഗറിന് 20 ലക്ഷം രൂപ, ആശാനിലയം റോഡിന് 38 ലക്ഷം രൂപ, പാര്‍ക്ക് വ്യൂ റോഡിന് 45 ലക്ഷം രൂപ, സെന്‍റ് ആന്‍റണീസ് റോഡിന് 28 ലക്ഷം രൂപ, പായമ്മല്‍ റോഡിന് 40 ലക്ഷം രൂപ, ഇല്ലിക്കാട് ഡെയ്ഞ്ചര്‍ മൂല റോഡിന് 45 ലക്ഷം രൂപ, ഐ എച്ച് ഡി പി കോളനി റോഡിന് 20 ലക്ഷം രൂപ, ഐശ്വര്യ റോഡിന് 38.28 ലക്ഷം രൂപ, തുറവന്‍കാട് ഗാന്ധിഗ്രാം റോഡിന് 30 ലക്ഷം രൂപ, എസ് എന്‍ നഗര്‍ റോഡിന് 20 ലക്ഷം രൂപ, ഇരിങ്ങാലക്കുട ബ്ലോക്ക് സാന്ത്വന സദന്‍ ലിങ്ക് റോഡിന് 31.3 ലക്ഷം രൂപ, കോലോത്തുംപടി ഐക്കരക്കുന്ന് റോഡിന് 28 ലക്ഷം രൂപ, പേഷ്ക്കാര്‍ റോഡിന്  45 ലക്ഷം രൂപ, മധുരംപിള്ളി മാവുംവളവ് ലിങ്ക് റോഡിന് 25 ലക്ഷം രൂപ, ചെമ്മണ്ട കോളനി റോഡിന് 15  ലക്ഷം രൂപ, തളിയക്കോണം സ്റ്റേഡിയം കിണര്‍ റോഡിന് 36.4 ലക്ഷം രൂപ, മനപ്പടി വെട്ടിക്കര റോഡിന് 17 ലക്ഷം രൂപ, ഹെല്‍ത്ത് സബ് സെന്‍റര്‍ താണിശ്ശേരി റോഡിന്  15 ലക്ഷം രൂപ, കൂത്തുമാക്കല്‍ റോഡിന് 24 ലക്ഷം രൂപ, വായനശാല കലി റോഡ് പൊറത്തൂര്‍ അമ്പലം വരെ 42.1 ലക്ഷം രൂപ, കര്‍ളിപ്പാടം താരാ മഹിളാ സമാജം ഊത്തുറുമ്പിക്കുളം റോഡിന് 22 ലക്ഷം രൂപ, മഴുവഞ്ചേരിതുരുത്ത് റോഡിന് 21.88 ലക്ഷം രൂപ, റെയില്‍വേ ഗേറ്റ് 

പെരടിപാടം റോഡിന് 15 ലക്ഷം രൂപ, പാറക്കുളം റോഡ് ഗാന്ധിഗ്രാം ഗ്രൗണ്ട് റോഡിന് 28 ലക്ഷം രൂപ, വടക്കേക്കുന്ന് റോഡിന് 20 ലക്ഷം രൂപ, കണ്ണിക്കര അത്ഭുതകുളങ്ങര അമ്പലം റോഡിന് 31 ലക്ഷം രൂപ, കണ്ണിക്കര കപ്പേള എരണപ്പാടം റോഡിന് 22 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.

ഗൾഫിൽ ജോലിക്കായി വിസ തരാമെന്നു പറഞ്ഞ് ആറു ലക്ഷം രൂപ തട്ടിയ കേസിൽ കല്ലൂർ സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശികളായ അതുൽ കൃഷ്ണ, അതുൽ കൃഷ്ണയുടെ സഹോദരീ ഭർത്താവ് എന്നിവർക്ക് അബുദാബിയിൽ കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ തട്ടിയ കേസിൽ തൃശൂർ കല്ലൂർ സ്വദേശി അരണാട്ടുകരക്കാരൻ ബാബുവിനെ (50) പോലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐ സി എം ക്ലീറ്റസ്, പ്രൊബേഷൻ എസ് ഐ സി പി ജിജേഷ്, സീനിയർ സി പി ഓമാരായ ഇ എസ് ജീവൻ, എം ഷംനാദ്, സി പി ഓമാരായ കെ എസ് ഉമേഷ്, എം എം ഷാബു എന്നിവർ ചേർന്ന് ചേർന്ന് ചെങ്ങാലൂരിൽ നിന്നാണ് ബാബുവിനെ പിടി കൂടിയത്.

പരാതിക്കാരോട് ഓരോ സമയത്ത് ഓരോരോ കാരണങ്ങൾ പറഞ്ഞാണ് വാങ്ങിയ പണം തിരിച്ചു കൊടുക്കാതെ ബാബു സമയം നീട്ടിക്കൊണ്ട് പോയിരുന്നത്.

ഓണ അവധിയും പൊങ്കൽ അവധിയും പണം തിരിച്ചു തരാൻ തടസ്സമായി പരാതിക്കാരോട് പറഞ്ഞിരുന്നു.

തുടർന്ന് പ്രതി ചതിക്കുകയാണെന്ന് മനസ്സിലായതോടെയാണ് അവർ പൊലീസിൽ പരാതിപ്പെട്ടത്.

നിര്യാതയായി

മേരി

ഇരിങ്ങാലക്കുട : തട്ടിൽ പെരുമ്പിള്ളി പോൾ ഭാര്യ മേരി (70) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : ലിഷ, സിസ്റ്റർ ജിഷ മരിയ, ജിൻ്റോ

മരുമക്കൾ : ജോർജ്ജ്, റോസ് മോൾ

ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷിച്ച് ഗായത്രി റസിഡന്റ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : ഗായത്രി റസിഡന്റ്സ് അസോസിയേഷൻ്റെ ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

ഗായത്രി ഹാളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് കെ ജി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.

വിവിധ വിഷയങ്ങളെക്കുറിച്ച് ടി എൻ രാമചന്ദ്രൻ, വിനോദ് വാര്യർ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

വിവിധ മേഖലകളിൽ അംഗീകാരങ്ങൾ നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.

കൗൺസിലർ ഒ എസ് അവിനാഷ് ആശംസകൾ നേർന്നു.

സെക്രട്ടറി വി പി അജിത്കുമാർ സ്വാഗതവും ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

ബീവറേജിൽ മദ്യം വാങ്ങാൻ വന്നവരെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ മതിലകം പൊക്ലായ് ബീവറേജിൽ മദ്യം വാങ്ങാൻ എത്തിയ വഞ്ചിപ്പുര സ്വദേശികളായ കണ്ണൻ, ബാബു എന്നിവരെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.

കയ്പമംഗലം സ്വദേശികളും, നിരവധി ക്രിമിനൽ കേസ്സിലെ പ്രതികളുമായ പെരിഞ്ഞനം കൊളങ്ങര വീട്ടിൽ മജീദ് മകൻ മിൻഷാദ്, കയ്പമംഗലം പുതിയ വീട്ടിൽ ഖാദർ മകൻ ഷാനവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബീവറേജിൽ മദ്യം വാങ്ങാനെത്തിയ കണ്ണനെയും ബാബുവിനെയും പ്രതികൾ തടഞ്ഞുനിർത്തി കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കൈ തട്ടിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പുറകെ ഓടിച്ചെന്ന് പിടിച്ചുനിർത്തി നെഞ്ചിൽ കുത്താൻ ശ്രമിക്കുകയും, സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായാണ് കേസ്.

മതിലകം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ കാറിൽ കയറി രക്ഷപ്പെട്ടു.

തുടർന്ന് കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, കയ്പമംഗലം പൊലീസും മതിലകം പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ, കയ്പമംഗലം സ്റ്റേഷൻ പരിധിയിലുള്ള കടയിൽ നിന്ന് മതിലകം സ്റ്റേഷൻ ഐഎസ്എച്ച്ഒ എം കെ ഷാജി, കയ്പമംഗലം സ്റ്റേഷൻ ഐഎസ്എച്ച്ഒ ഷാജഹാൻ, എസ് ഐ രമ്യ കാർത്തികേയൻ, എസ് ഐ സൂരജ്, എസ് ഐ ജെയ്സൺ, എസ് ഐ മുഹമ്മദ്‌ റാഫി, എസ് ഐ(പി) സഹദ്, ഉദ്യോഗസ്ഥരായ ജമാലുദ്ദീൻ, അനന്തു എന്നിവർ ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

സെന്റ് ജോസഫ്സ് കോളെജിലെ പൂർവ്വവിദ്യാർഥിനി സംഗമം ജനുവരി 25ന്

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളെജിൻ്റെ പൂർവ്വവിദ്യാർഥിനി സംഗമം ജനുവരി 25ന് നടക്കും.

കോളെജ് ദേശീയ തലത്തിൽ 85-ാം റാങ്കും കേരളത്തിൽ ഏഴാം റാങ്കും സ്വന്തമാക്കി അഭിമാനത്തികവിൽ നിൽക്കുന്ന ഈ വർഷം ഒരുമിച്ചുകൂടാൻ എല്ലാ പൂർവവിദ്യാർത്ഥിനികളെയും സഹർഷം സ്വാഗതം ചെയ്യുന്നതായി മാനേജ്‌മെൻ്റ് അറിയിച്ചു.