ഇരിങ്ങാലക്കുട : കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെന്ത്രാപ്പിന്നിയിൽ താമസിക്കുന്ന യുവതിയെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ.
വീടുകളിൽ കയറിയിറങ്ങി ഡയറക്ട് മാർക്കറ്റിംഗ് നടത്തുന്ന തിരൂർ സ്വദേശിയായ യുവതിയെ വ്യാഴാഴ്ച പെരിഞ്ഞനം ദുർഗ്ഗാനഗറിൽ വെച്ച് ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചമപറമ്പ് വീട്ടിൽ അപ്പുണ്ണി മകൻ സന്തോഷി(45)നെയാണ് അറസ്റ്റ് ചെയ്തത്.
ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെ തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെട്ട യുവതി കയ്പമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതി ‘ആദർശ്’ എന്ന് പേരുള്ള പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ് എത്തിയതെന്ന് യുവതി മൊഴി നൽകിയിരുന്നു. തുടർന്ന് ഓട്ടോറിക്ഷ സ്റ്റാൻ്റുകളും, മെക്കാനിക്കുകളെയും, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട് രജിസ്ട്രേഷനിലുള്ള ഒരു പ്രൈവറ്റ് ഓട്ടോറിക്ഷയിൽ ഒരാൾ ജംഗ്ഷനുകൾ തോറും ഫിനോയിൽ വില്പനയുമായി എത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ പ്രധാന ജംഗ്ഷനുകളിൽ ഇത്തരത്തിലുള്ള ഫിനോയിൽ വിൽപ്പന നടത്തുന്ന ഓട്ടോയെ കണ്ടെത്തുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശാനുസരണം നടത്തിയ കോമ്പിങ്ങ് ഓപ്പറേഷനൊടുവിലാണ് പ്രതിയെ കോതപറമ്പിൽ വെച്ച് പിടികൂടിയത്.
സന്തോഷ് ഉപയോഗിച്ചിരുന്ന ആദർശ് എന്ന് പേരുള്ള KL- 9 P- 4899 നമ്പർ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജുവിൻ്റെ നേതൃത്വത്തിൽ കയ്പമംഗലം ഇൻസ്പെക്ടർ ഷാജഹാൻ, സബ്ബ് ഇൻസ്പെക്ടർമാരായ സൂരജ്, പ്രദീപ്, ജെയ്സൻ, എ എസ് ഐ ലിജു ഇയ്യാനി, എ എസ് ഐ നിഷി, ഉദ്യോഗസ്ഥരായ ബിജു, നിഷാന്ത്, ഷിജു, അനന്തുമോൻ, പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.