തവനിഷിന്റെ സവിഷ്കാര അവാർഡ് പ്രണവിനും കാളിദാസിനും

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സവിഷ്കാര പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് വിജയികളായി പനമ്പിള്ളി മെമ്മോറിയൽ ഗവ കോളെജിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ കെ ബി കാളിദാസ്, രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ പി ആർ പ്രണവ് എന്നിവരെ തിരഞ്ഞെടുത്തു.

കേരളത്തിലെ കലാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാർഥികൾക്ക് നൽകുന്ന അവാർഡാണ് സവിഷ്കാര പേഴ്സൺ ഓഫ് ദി ഇയർ അവാർഡ്.

7500 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മൊമെൻ്റോയും അടങ്ങുന്ന പുരസ്കാരം കോളെജ് പ്രിൻസിപ്പൽ റവ ഫാ ഡോ ജോളി ആൻഡ്രൂസ് കൈമാറി.

തവനിഷ് സ്റ്റാഫ് കോർഡിനേറ്റർമാരായ അസി പ്രൊഫ മുവിഷ് മുരളി, അസി പ്രൊഫ റീജ ജോൺ, അസി പ്രൊഫ വി ബി പ്രിയ എന്നിവരും, സ്റ്റുഡന്റ് സെക്രട്ടറി സജിൽ, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ആഷ്മിയ, ജിനോ, എഡ്വിൻ, അതുൽ എന്നിവരും തവനിഷ് വൊളന്റിയർമാരും ചടങ്ങിൽ പങ്കെടുത്തു.

ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായി ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചു.

ക്രൈസ്റ്റ് കോളെജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ ഇ ടി ജോൺ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് വി ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബാലജനസഖ്യം പേട്രൻ തോംസൺ ചിരിയങ്കണ്ടത്ത്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ സിംന എന്നിവർ ആശംസകൾ നേർന്നു.

പ്രിൻസിപ്പൽ മുരളി എം കെ സ്വാഗതവും ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപിക കെ സ്മിത നന്ദിയും പറഞ്ഞു.

“ഓർമ്മകളിൽ എം ടി” : കാട്ടൂർ യുവകലാസാഹിതിയുടെ അനുസ്മരണ യോഗം 5ന്

ഇരിങ്ങാലക്കുട : യുവകലാസാഹിതി കാട്ടൂർ മേഖലയുടെ ആഭിമുഖ്യത്തിൽ മലയാള സാഹിത്യലോകം കണ്ട പ്രഗത്ഭനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ജനുവരി 5ന് രാവിലെ 10 മണിക്ക് കാട്ടൂർ സമഭാവന ഹാളിൽ അനുസ്മരണയോഗം സംഘടിപ്പിക്കും.

യോഗത്തിൽ കലാസാഹിത്യ സാമൂഹിക സാംസ്കാരിക മേഖലകളിലെ വ്യക്തിത്വങ്ങളും വായനക്കാരും എം ടിയുടെ ഓർമ്മകളുമായി ഒത്തുകൂടുമെന്ന് പ്രസിഡന്റ് ഷിഹാബ് കൊരട്ടിപ്പറമ്പിൽ, സെക്രട്ടറി എം കെ ബൈജു എന്നിവർ അറിയിച്ചു.

സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ വാർഷികാഘോഷം നടത്തി

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിന്റെ വാർഷികാഘോഷം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.

ചടങ്ങിൽ മികച്ച അധ്യാപകരെയും വിരമിക്കുന്ന അധ്യാപകരെയും ആദരിച്ചു.

കോർപ്പറേറ്റ് മാനേജർ ഫാ സീജോ ഇരിമ്പൻ വിരമിക്കുന്ന അധ്യാപിക ഷീജയുടെ ഫോട്ടോ അനാച്ഛാദനം ചെയ്ത് സംസാരിച്ചു.

സ്കൂൾ മാനേജർ റവ ഫാ ഡോ പ്രൊഫ ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

വാർഡ് കൗൺസിലർ ഫെനി എബിൻ, പിടിഎ പ്രസിഡന്റ് കെ ആർ ബൈജു, മാനേജ്മെന്റ് പ്രതിനിധി പി ജെ തിമോസ്, ഹൈസ്കൂൾ എച്ച് എം റീജ ജോസ്, വിരമിച്ച സുവോളജി അധ്യാപിക കെ ബി ആൻസി ലാൽ, ഒ എസ് എ പ്രസിഡന്റ് ജോർജ് മാത്യു, ജോയിന്റ് സ്റ്റാഫ് സെക്രട്ടറി സി ഹണി, സ്കൂൾ ചെയർപേഴ്സൺ ജെയിൻ റോസ് പി ജോഷി എന്നിവർ ആശംസകൾ നേർന്നു.

വിരമിക്കുന്ന അധ്യാപകരായ സി ഡി ഷീജ, നീമ റോസ് നിക്ലോവസ്, കെ കെ ജാൻസി എന്നിവർ പ്രസംഗിച്ചു.

സ്കൂൾ പ്രിൻസിപ്പൽ പി ആൻസൺ ഡൊമിനിക് സ്വാഗതവും പ്രോഗ്രാം കൺവീനർ എം ജെ ഷീജ നന്ദിയും പറഞ്ഞു.

“വികസിത് ഭാരത് യംഗ് ലീഡേഴ്സ് 2025” ൽ പ്രധാനമന്ത്രിയോട് സംവദിക്കാൻ ക്രൈസ്റ്റ് കോളെജിലെ ഹരിനന്ദനനും

ഇരിങ്ങാലക്കുട : ജനുവരി 10, 11, 12 തിയ്യതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ”നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2025”ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ”വികസിത് ഭാരത് യംഗ് ലീഡേഴ്സ് 2025 ഡയലോഗ്” പരിപാടിയിൽ പങ്കെടുക്കാൻ ഇരിങ്ങാലക്കുടയിൽ നിന്ന് ഹരിനന്ദനും.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എൻ എസ് എസ് വൊളൻ്റിയറുമായ പി എ ഹരിനന്ദനാണ് ലീഡേഴ്സ് മീറ്റിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി ആശയം പങ്കുവയ്ക്കുവാനും അവസരം ലഭിച്ചിരിക്കുന്നത്.

എടക്കുളം പട്ടശ്ശേരി അനീഷിന്റെയും ജാസ്മി അനീഷിന്റെയും മകനാണ് ഹരിനന്ദൻ.

സംസ്ഥാനതലത്തിൽ ഹരിനന്ദനടക്കം 39 പേർക്കാണ് ഈ അസുലഭ അവസരം ലഭിച്ചിരിക്കുന്നത്.

തൃശൂർ ജില്ലയിൽ നിന്നും ഈ പരിപാടിയിലേക്ക് പങ്കെടുക്കാൻ അർഹത നേടിയ ഏക വിദ്യാർഥിയാണ് ഹരിനന്ദൻ.

മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സിന്റെ നേതൃത്വത്തിലാണ് വിവിധ ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പ് നടത്തിയത്.

ഒന്നാംഘട്ടം ക്വിസ് മത്സരം, രണ്ടാംഘട്ടം ഉപന്യാസ മത്സരം, മൂന്നാംഘട്ടം സംസ്ഥാന തല ”വിഷൻ പിച്ച് ഡെസ്ക്” അവതരണവും അഭിമുഖവും എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയ.

പ്രധാനമന്ത്രിയെ കാണാനും മീറ്റിൽ പങ്കെടുക്കാനും പോകുന്നതിന് മുമ്പെ ജനുവരി 6ന് സംസ്ഥാനത്തെ ഗവർണർ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാരുമായും സംഘം കൂടിക്കാഴ്ച നടത്തും.

7നാണ് സംഘം ഡൽഹിയിലേക്ക് പുറപ്പെടുക.

”സുവർണ്ണം” അഞ്ചാം ദിനത്തിൽ ”മധുകശാപം” നങ്ങ്യാർക്കൂത്ത് അരങ്ങേറി

ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപന പരമ്പരയുടെ അഞ്ചാം ദിനത്തിൽ പ്രസിദ്ധ കൂടിയാട്ട കലാകാരൻ അമ്മന്നൂർ രജനീഷ് ചാക്യാർ നളചമ്പുക്കളെ അധികരിച്ച് ആദ്യമായി ചാക്യാർകൂത്തും തുടർന്ന് മാധവനാട്യഭൂമിയിൽ നടന്നുവരുന്ന കൂടിയാട്ടമഹോത്സവത്തിൻ്റെ ഭാഗമായി ഗുരുകുലം ശ്രുതി അവതരിപ്പിച്ച ‘മധൂകശാപം’ നങ്ങ്യാർക്കൂത്തും അരങ്ങേറി.

മിഴാവിൽ കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം അഭിഷേക്, ഇടയ്ക്കയിൽ ദിനേശ് വാര്യർ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം വിഷ്ണുപ്രിയ, ഗുരുകുലം അതുല്യ എന്നിവർ പശ്ചാത്തലമേളമൊരുക്കി. ഡോ പി കെ എം ഭദ്ര ചാക്യാർക്കൂത്തിൻ്റെ വിഷയത്തെ കുറിച്ച് ആമുഖഭാഷണം നടത്തി.

വൈകീട്ട് ‘സംഗമ ഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമികയിലെ മേളം’ എന്ന വിഷയത്തിൽ ദിനേശ് വാര്യരും, ”കൂത്ത്, കൂടിയാട്ടം” വിഷയത്തിൽ ഇ കെ കേശവനും പ്രസംഗിച്ചു.

മൻമോഹൻ സിംഗിൻ്റെ വിയോഗം : ഇരിങ്ങാലക്കുടയിൽ സർവകക്ഷി അനുശോചനയോഗം നടത്തി

ഇരിങ്ങാലക്കുട : കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രിയായിരുന്ന ഡോ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചനയോഗം നടത്തി.

ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് സി എസ് അബ്ദുൽ ഹഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ എം പി പ്രൊഫ സാവിത്രി ലക്ഷ്മണൻ, മുൻ ഗവ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ, കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ, ആർ ശ്രീലാൽ (സി പി എം), സുധീഷ് (സി പി ഐ), കൃപേഷ് ചെമ്മണ്ട (ബി ജെ പി), സാം തോമസ് (കേരള കോൺഗ്രസ് ജേക്കബ് വിഭാഗം), മനോജ് (സി എം പി), മുൻ ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർലി, വിബിൻ വെള്ളയത്ത്, ശ്രീജിത്ത് പട്ടത്ത്, അഡ്വ ഷിജു പാറേക്കാടൻ, എം ആർ ഷാജു, അയ്യപ്പൻ ആങ്കാരത്ത്, സുജ സഞ്ജീവ്കുമാർ, ബീവി അബ്ദുൾകരീം, സതീഷ് പുളിയത്ത്, സനൽ കല്ലൂക്കാരൻ, മോളി ജേക്കബ്, വിജയൻ ഇളയേടത്ത്, ഗംഗാദേവി സുനിൽ എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് അസറുദ്ദീൻ കളക്കാട്ട് സ്വാഗതവും ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.

സി പി ഐ പാർട്ടി കോൺഗ്രസ്സ് : ഇരിങ്ങാലക്കുടയിൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : സി പി ഐ 25-ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി.

സി പി ഐ കാറളം ലോക്കൽ കമ്മിറ്റിയിലെ പത്തനാപുരം ബ്രാഞ്ച് സമ്മേളനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി കെ കെ ജയൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് ബൈജു, മണ്ഡലം കമ്മിറ്റി അംഗം ഷീല അജയഘോഷ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അനിൽ മംഗലത്ത്, പി കെ വേലായുധൻ എന്നിവർ പ്രസംഗിച്ചു.

ശ്രീവത്സൻ രക്തസാക്ഷി പ്രമേയവും അംബിക സുഭാഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ബ്രാഞ്ച് സെക്രട്ടറിയായി കെ കെ ടോണിയെയും, അസിസ്റ്റന്റ് സെക്രട്ടറിയായി കെ കെ ജയനെയും തെരഞ്ഞെടുത്തു.

കെ കെ ടോണി സ്വാഗതവും, വി ആർ സുനിൽകുമാർ നന്ദിയും പറഞ്ഞു.

ക്രൈസ്റ്റ് കോളെജിൽ അസിസ്റ്റന്റ് ഹോസ്റ്റൽ വാർഡൻ, ഗസ്റ്റ് അധ്യാപക ഒഴിവുകൾ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ലേഡീസ് ഹോസ്റ്റലിൽ അസിസ്റ്റന്റ് ഹോസ്റ്റൽ വാർഡൻ്റെയും (മുഴുവൻ സമയം), സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെയും ഒഴിവുകൾ ഉള്ളതായി പ്രിൻസിപ്പൽ അറിയിച്ചു.

ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജനുവരി 3 വെള്ളിയാഴ്ച 11 മണിക്ക് കോളെജ് ഓഫീസിൽ ഹാജരാകണം.

അസിസ്റ്റന്റ് ഹോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് നിയമിക്കപ്പെടുവാൻ താല്പര്യമുള്ള വനിതകൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജനുവരി 4 ശനിയാഴ്ച 2 മണിക്ക് കോളെജ് ഓഫീസിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 0480 2825258 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കൂടിയാട്ട മഹോത്സവത്തിൽ ദമയന്തി അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൽ ദമയന്തിയുടെ കഥ അരങ്ങേറി.

ക്ഷേമീശ്വരന്റെ നൈഷധാനന്ദം നാടകത്തിനെ ആസ്പദമാക്കി ദമയന്തിയുടെ നിർവ്വഹണം ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് പ്രസിദ്ധ കൂടിയാട്ട കലാകാരി ഉഷാനങ്ങ്യാരാണ്.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിജയ്, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളം ആതിര ഹരിഹരൻ എന്നിവരും പങ്കെടുത്തു.

മൂന്നാം ദിവസമായ ജനുവരി ഒന്നിന് ഗുരുകുലം ശ്രുതി മധൂക ശാപം നങ്ങ്യാർ കൂത്ത് അവതരിപ്പിക്കും.

കംസൻ നായാട്ട് ചെയ്ത മധൂക മഹർഷിയുടെ ആശ്രമത്തിലെത്തുന്നതും മഹർഷിയുടെ ആഹാരമായ പുഷ്പം അപഹരിക്കുകയും അതറിഞ്ഞ മഹർഷി കംസനെ ശപിക്കുന്നതുമാണ് കഥാഭാഗം.

ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹോത്സവത്തിൽ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും നടക്കുന്നുണ്ട്.