തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി : പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നവീകരിക്കുന്ന പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാൽ തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്.

പൂമംഗലം പഞ്ചായത്തിലെ എസ്.എൻ. നഗർ റോഡ് (20 ലക്ഷം), പായമ്മൽ റോഡ് (40 ലക്ഷം) എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചത്.

എടക്കുളം ഹെൽത്ത് വെൽനെസ്സ് സെൻ്ററിൽ നടന്ന ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കവിത സുരേഷ്, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത്, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹൃദ്യ അജീഷ്, മെമ്പർമാരായ കെ.എൻ. ജയരാജ്, ലത വിജയൻ എന്നിവർ പ്രസംഗിച്ചു.

നിര്യാതനായി

സുനിൽ

ഇരിങ്ങാലക്കുട : പടിയൂർ വാര്യം റോഡ് പരിസരം അടിപ്പറമ്പിൽ പരേതനായ പത്മനാഭൻ മകൻ സുനിൽ (49) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ജിഷ

മകൻ : ആദിത്യൻ.

 ഇരിങ്ങാലക്കുടയിൽ സ്നേഹക്കൂടിന്റെ തണലിലേക്ക് ചേക്കേറി ആറാമത്തെ കുടുംബം

ഇരിങ്ങാലക്കുട : കൂട്ടായ്‌മയുടെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ആറാമത്തെ വീടും യാഥാർത്ഥ്യമായി. 

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീമിന്റെ വിവിധ യൂണിറ്റുകളുടെയും സുമനസ്സുകളുടെയും സഹായത്താൽ ഉയർന്ന ആറാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. 

ആളൂരിലെ ഭവനരഹിതയായ റസിയ സുൽത്താനയാണ് സ്വപ്നഭവനത്തിന്റെ താക്കോൽ മന്ത്രിയിൽ നിന്നും സ്വീകരിച്ചത്. 

സാങ്കേതിക കാരണങ്ങളാൽ സംസ്ഥാനത്തെ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോയവർക്ക് വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ മന്ത്രി ബിന്ദുവിന്റെ ഭാവനയിൽ വിരിഞ്ഞ പദ്ധതിയാണിത്. 

ഇക്കാലയളവിൽ ബഹുജന പിന്തുണയോടെ 6 വീടുകൾ സാക്ഷാത്കരിക്കാനായതിന്റെ ആനന്ദനിമിഷമാണിതെന്ന് താക്കോൽ സമർപ്പണത്തിനുശേഷം മന്ത്രി പറഞ്ഞു. 

സ്വന്തമായി വീടില്ലാതിരുന്ന റസിയ സുൽത്താനയ്ക്ക് സുമനസ്സുകളുടെ സഹായത്തോടെ 3 സെന്റ് സ്ഥലം വാങ്ങിയതിന്റെ ആധാരകൈമാറ്റം 2023 നവംബറിലാണ് മന്ത്രി ബിന്ദു നിർവ്വഹിച്ചത്. 

വീടുവെച്ചു നൽകുന്ന ഉദ്യമം എ.പി.ജെ. അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എൻ.എസ്.എസ്. സെല്ലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ, പാലക്കാട് മേഖലയിലെ യൂണിറ്റുകൾ ഏറ്റെടുത്തു. 

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത സഹൃദയ എൻജിനീയറിങ് കോളെജിലെ എൻ.എസ്.എസ്. യൂണിറ്റിനെ നിർവ്വഹണച്ചുമതല ഏൽപ്പിച്ചു. 

സഹൃദയ കോളെജിലെ വൊളൻ്റിയർമാർ ആദ്യഘട്ടത്തിൽ സമാഹരിച്ച തുകയുപയോഗിച്ച് വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 2024 ഫെബ്രുവരി 10ന് മന്ത്രി ഡോ. ആർ. ബിന്ദു തറക്കല്ലിടലും നിർവ്വഹിച്ചു. 

തുടർന്ന് തൃശൂർ, പാലക്കാട് മേഖലയിലെ വിവിധ കോളെജുകൾ ചേർന്ന് ധനസമാഹരണത്തിന് നേതൃത്വം നൽകുകയും സാങ്കേതിക സർവ്വകലാശാലയിലെ എല്ലാ മേഖലയിലെയും എൻ.എസ്.എസ്. യൂണിറ്റുകൾ പൂർണ്ണ പിന്തുണ നൽകുകയും ചെയ്‌തു. 

അതോടെ റസിയ സുൽത്താനയുടെ വീടെന്ന സ്വപ്‌നവും സ്നേഹക്കൂട് പദ്ധതിയിലെ ആറാമത്തെ സംരംഭവും യാഥാർത്ഥ്യമായി. 

ഭിന്നശേഷിക്കാർ, നിരാലംബർ, വിധവകൾ തുടങ്ങിയവർക്ക് മുൻഗണന നൽകിക്കൊണ്ട് സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായം സംയോജിപ്പിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ബാക്കി വീടുകൾക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

സ്ക്രാപ്പ് ചാലഞ്ച്, ബിരിയാണി ചാലഞ്ച്, വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണ- വിതരണ ചലഞ്ചുകൾ എന്നിവ വഴിയും നിരവധി സുമനസ്സുകളുടെ സഹായസഹകരണങ്ങളിലൂടെയും സമാഹരിച്ച വിഭവങ്ങൾ കൊണ്ടാണ് ഭവനരഹിതർക്ക് സ്വപ്നഭവനം നേടിക്കൊടുക്കാൻ കഴിയുന്ന പദ്ധതി മുന്നേറുന്നത്. 

ഏറ്റവും അഭിമാനകരമായ മാതൃകയാണ് ഇതുവഴി സൃഷ്ടിക്കുന്നതെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. ആർ.എൻ. അൻസർ, എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ.എം. അരുൺ, ഡോ. പി.യു. സുനീഷ്, പ്രോഗ്രാം ഓഫീസർ സി.യു. വിജയ്, ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മാസ്റ്റർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അഡ്വ. എം.എസ്. വിനയൻ, രതി ഗോപി, ദിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, ജുമൈല ഷഹീർ, യു.കെ. പ്രഭാകരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സംസ്ഥാനതല ”സയൻസ് കിറ്റ്” നിർമ്മാണ മത്സരത്തിൽ മൂന്നാം സ്ഥാനം ടി. മൃദുല

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ”സയൻസ് കിറ്റ്” നിർമ്മാണ മത്സരത്തിൽ ടി. മൃദുല മൂന്നാം സ്ഥാനം നേടി.

ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് മൃദുല സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മൃദുല.

ഇരിങ്ങാലക്കുടയിൽ “0480” എന്ന കലാസാംസ്കാരിക സംഘടനയ്ക്ക് തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട : മുപ്പത്തിയൊന്ന് സാംസ്കാരിക പ്രതിഭകൾ തിരി തെളിയിച്ചു കൊണ്ട് ഇരിങ്ങാലക്കുടയിൽ “0480” എന്ന കലാസാംസ്കാരിക സംഘടനയ്ക്ക് തുടക്കമായി.

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി ഉൽഘാടനം നിർവ്വഹിച്ചു.

സൗഹൃദവും ഗുഹാതുര ബന്ധവും ഊട്ടിയുറപ്പിച്ച അക്കങ്ങളാണ് “0480”. എന്റെ പാഠ്യവിഷയം അക്കങ്ങളായതു കൊണ്ടു തന്നെ “0480” എന്ന സംഘടനയുമായുള്ള എന്റെ ബന്ധം വലുതായി കാണുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

വേദിയിൽ പ്രഥമ ശ്രീകുമാരൻ തമ്പി അവാർഡ് റഫീക്ക് അഹമ്മദിന് ശ്രീകുമാരൻ തമ്പി സമ്മാനിച്ചു.

25000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.

ചടങ്ങിൽ യു. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു.

പ്രതാപ് സിംഗ്, കലാഭവൻ നൗഷാദ്, വൈഗ കെ. സജീവ്, ഇ. ജയകൃഷ്ണൻ എന്നിവരെ ആദരിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, റഷീദ് കാറളം, റഫീക്ക് അഹമ്മദ്, ഇ. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ശ്രീകുമാരൻ തമ്പിയുടെയും റഫീക്ക് അഹമ്മദിന്റെയും ഗാനങ്ങൾ കോർത്തിണക്കി എടപ്പാൾ വിശ്വൻ നയിച്ച ഗാനമേള, മീനാക്ഷി മേനോന്റെ മോഹിനിയാട്ടം, ശരണ്യ സഹസ്ര ടീമിന്റെ കഥക്, ജെ.ഡി.എസ്. ഡാൻസ് അക്കാദമിയുടെ നൃത്തം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് എൻ. എസ്. എസ്.

ഇരിങ്ങാലക്കുട : ലോകത്തെ നടുക്കിയ ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ അനുശോചന യോഗം ചേർന്നു.

ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

ജീവൻ നഷ്ടപ്പെട്ട 26 പേരുടെയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും യോഗം അഭിപ്രായപ്പെട്ടു.

ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ ശവസംസ്കാര ചടങ്ങുകളിൽ യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ യൂണിയനെ പ്രതിനിധീകരിച്ച് നാളെ എറണാകുളം ഇടപ്പള്ളിയിൽ നടക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കും.

കമ്മറ്റി അംഗങ്ങളായ രവീന്ദ്രൻ കണ്ണൂർ, വിജയൻ ചിറ്റേത്ത്, സുനിൽ കെ. മേനോൻ, എൻ. ഗോവിന്ദൻകുട്ടി, ആർ. ബാലകൃഷ്ണൻ, പി.ആർ. അജിത്കുമാർ, ബിന്ദു ജി. മേനോൻ, എ.ജി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും, എൻ എസ് എസ് ഇൻസ്പെക്ടർ ബി. രതീഷ് നന്ദിയും പറഞ്ഞു.

മാർപാപ്പക്ക് പ്രണാമം അർപ്പിച്ച് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : ഫ്രാൻസിസ് പാപ്പക്ക് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രണാമം അർപ്പിച്ചു.

ചടങ്ങ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം ഭാരവാഹികളായ സേതുമാധവൻ, പി.ടി. ജോർജ്, മാഗി വിൻസെന്റ്, അഡ്വ.ഷൈനി ജോജോ,കെ.സതീഷ്, അജിത സദാനന്ദൻ, ഫിലിപ്പ് ഓളാട്ടുപുറം, ലാസർ കോച്ചേരി, ലിംസി ഡാർവിൻ, ലില്ലി തോമസ്, ശങ്കർ പഴയാറ്റിൽ, ബാബു ചേലേക്കാട്ടുപറമ്പിൽ,ജോസ് തട്ടിൽ, ഷക്കീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ എന്നിവർ പ്രസംഗിച്ചു.

പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മുരിയാട് മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : ജമ്മുകാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.

ദീപം തെളിയിച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറിമാരായ വിബിൻ വെള്ളയത്ത്, ജോമി ജോൺ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്ജ്, പഞ്ചായത്തംഗം നിത അർജുനൻ, മുരളി മഠത്തിൽ, സദാനന്ദൻ കൊളത്താപ്പിള്ളി, ജിന്റോ ഇല്ലിക്കൽ, പ്രേമൻ കൂട്ടാല, ഗോപിനാഥ് കളത്തിങ്കൽ, മുരളി തറയിൽ, ഫിജില്‍ ജോൺ, സി.എസ്. അജീഷ്, യമുന ഷിജു, അഞ്ജു സുധീർ, വിലാസൻ തുമ്പരത്തി, ബാലചന്ദ്രൻ വടക്കൂട്ട് എന്നിവർ നേതൃത്വം നൽകി.

നിര്യാതയായി

ശാന്ത

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി പരേതനായ
രാമംകുളത്ത് വാസു ഭാര്യ ശാന്ത (69) നിര്യാതയായി.

സംസ്കാരം ബുധനാഴ്ച (ഏപ്രിൽ 23) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

മക്കൾ : വത്സൻ രാമംകുളത്ത് (റവന്യൂ ഇൻഷർമേഷൻ ബ്യൂറോ – തിരുവനന്തപുരം), ശാലിനി

മരുമക്കൾ : ജലജ (റവന്യു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്), ഉണ്ണി

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുമായി നക്ഷത്ര റെസിഡൻ്റ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 35ൽ നക്ഷത്ര റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സി. ഷിബിൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ്‌ കെ.ബി. മാഹിൻ അധ്യക്ഷനായി.

സമൂഹത്തെ കാർന്നു തിന്നുന്ന ഒരു വിപത്തായി ലഹരി മാറി കഴിഞ്ഞു. കുട്ടികളിൽ ചിലർ ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും ഉപാധികളായി ലഹരിയെ തെരെഞ്ഞെടുക്കുകയാണ്. നാട്ടിൽ നടക്കുന്ന അക്രമങ്ങളും, കൊലപാതകങ്ങളും, വാഹന അപകടങ്ങളും, ലഹരിയുടെ ഉപയോഗം മൂലമാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. അതിനാൽ ഈ മഹാവിപത്തിനെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചു മാറ്റുവാൻ നമ്മൾ ഓരോത്തരും ലഹരിക്കെതിരെ അണി ചേരണമെന്നും വാർഡ് കൗൺസിലർ സി. സി. ഷിബിൻ ആഹ്വാനം ചെയ്തു.

സിവിൽ എക്സൈസ് ഓഫീസർ പി. എം. ജദീർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ്‌
നയിച്ചു.

അസോസിയേഷൻ സെക്രട്ടറി ഗിരിജാവല്ലഭൻ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ ഷീന ദാസ് നന്ദിയും പറഞ്ഞു.

ഷീജ ശശികുമാർ, വിനോദ് വട്ടപറമ്പിൽ, ഓമന ലോഹിതക്ഷൻ, പ്രസീന സുജോയ്, ഓഫീസ് സെക്രട്ടറി രാധിക എന്നിവർ നേതൃത്വം നൽകി.