ക്രിസ്തുമസ് സന്ദേശം

– ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

സമാധാനത്തിൻ്റെയും പ്രത്യാശയുടേയും നക്ഷത്രമായി ക്രിസ്തുമസ് മനുഷ്യ മനസ്സുകളിൽ നിറയട്ടെ

ദൈവം മനുഷ്യനായി അവതരിച്ചതിൻ്റെ അനുസ്‌മരണവും ആഘോഷവുമാണ് ക്രിസ്തുമസ്.

മനുഷ്യാവസ്ഥയുടെ എല്ലാ പരിമിതികളിലേക്കും നിസ്സഹായാവസ്ഥകളിലേക്കുമുള്ള ദൈവത്തിൻ്റെ ഇറങ്ങി വരവായിരുന്നു മനുഷ്യാവതാരം. സന്മനസ്സുള്ള സകലർക്കും ഭൂമിയിൽ സമാധാനവും പ്രത്യാശയും വാഗ്ദാനം ചെയ്‌തു കൊണ്ടുള്ള ക്രിസ്‌തുവിൻ്റെ ആഗമനം ചരിത്രത്തിൽ ഒരിക്കൽ മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമല്ല. ഇന്നും നാളെയും നമ്മുടെ ജീവിതത്തിലും ചുറ്റുപാടുകളിലും നിരന്തരം സംഭവിക്കേണ്ട സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റേയും ഓർമ്മപ്പെടുത്തൽ കൂടിയാണ്.

സാർവത്രിക കത്തോലിക്കാ സഭ 2025 പ്രത്യാശയുടെ ജൂബിലി വർഷമായി ആചരിക്കുകയാണ്. പ്രതിസന്ധികളിൽ തളരാതെ ജീവിതത്തിൽ മുന്നേറാൻ എല്ലാ വിഭാഗം ജനങ്ങൾക്കും ഇന്നു വേണ്ടത് പ്രതീക്ഷയുടെ കൈത്തിരി വെട്ടമാണെന്ന തിരിച്ചറിവാണ് ജൂബിലിയുടെ പ്രചോദനം.

യുദ്ധങ്ങളും കലാപങ്ങളും അക്രമങ്ങളും അധിനിവേശങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ സമാധാനത്തിന്റെയും പ്രത്യാശയുടെയും നക്ഷത്രമായി ക്രിസ്‌തുമസ് മനഷ്യമനസ്സുകളിൽ നിറയട്ടെ.

ആശങ്കയുടെയും ഭീതിയുടെയും നിഴൽവഴികളിൽ ക്ഷമയുടെയും സഹിഷ്‌ണുതയുടെയും പ്രത്യാശയുടെയും കവാടങ്ങൾ കടന്ന് മുന്നേറാൻ മനുഷ്യരാശിക്ക് ക്രിസ്‌തുമസ് പ്രചോദനമാകണം.

അനാഥത്വത്തിന്റെ വേദനയിലും, നിരാശയുടെ അന്ധകാരത്തിലും, പാവപ്പെട്ടവന്റെ നെടുവീർപ്പിലും, പാർശ്വവൽക്കരിക്കപ്പെട്ടവൻ്റെ നിസ്സഹായതയിലും ദൈവത്തെ കാണാനും കരംനീട്ടി അവനെ ഹൃദയത്തോട് ചേർക്കാനുമുള്ള
സന്മനസ്സാണ് ഇന്നാവശ്യം.

എവിടെ മർദ്ദനത്തിന്റെയും പീഡനത്തിന്റെയും ചൂഷണത്തിന്റെയും നീതിനിഷേധത്തിൻ്റെയും വിലാപമുയരുന്നുണ്ടോ, അവിടെയൊക്കെ നിലവിളിക്കുന്നവൻ്റെ പക്ഷം ചേരാനും അവന് സാന്ത്വനമേകാനും സന്നദ്ധമാകുന്ന മനസ്സ്. ആ മാനസികാവസ്ഥയിലേക്കാണ് വ്യക്തികളും സമൂഹങ്ങളും രാജ്യങ്ങളും ഉണരേണ്ടത്.

അസത്യത്തിൽനിന്ന് സത്യത്തിലേക്കും അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും മരണത്തിൽ നിന്നു അമർത്ത്യതയിലേക്കും നടന്നു കയറാനുള്ള അന്തർദാഹം ആർഷഭാരത പൈതൃകത്തിൻ്റെ ഭാഗമാണ്.

സ്വാർഥതയുടെയും ശത്രുതയുടെയും ഇരുൾനിലങ്ങളിൽ നിന്ന് സമാധാനത്തിൻ്റെയും പ്രത്യാശയുടെയും പുലരിവെളിച്ചത്തിലേക്ക് മിഴി തുറക്കാൻ ക്രിസ്തുമസ് നിമിത്തമാകട്ടെ.

ക്രിസ്തുമസിന്റെയും പുതുവൽസരത്തിന്റെയും ആശംസകൾ എല്ലാവർക്കും നേരുന്നു…!!

നിര്യാതനായി

തോമസ് റോയ്

ഇരിങ്ങാലക്കുട : കോമ്പാറക്കാരൻ ചാക്കോ മകൻ തോമസ് റോയ് (66) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് വല്ലക്കുന്ന് സെന്റ് അൽഫോൺസ ദൈവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹാ ദൈവാലയ സെമിത്തേരിയിൽ.

ഭാര്യ : റീന

മക്കൾ : ശീതൾ, ചഞ്ചൽ

മരുമക്കൾ : റിപ്സൺ പോൾ, നികിൽ ജോസഫ്

ബൈക്ക് വൈദ്യുതിത്തൂണിൽ ഇടിച്ച് യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : കല്ലേറ്റുംകര മാനാട്ടുകുന്നിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതിത്തൂണിൽ ഇടിച്ച് ബി എൽ എം കനാലിനു സമീപം താമസിക്കുന്ന കുഞ്ഞിക്കൂരയിൽ ഷഫീക്ക് മകൻ മുഹമ്മദ് ജാസിൻ (21) മരിച്ചു.

അപകടം നടന്ന ഉടൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഖബറടക്കം നടത്തി.

ഉമ്മ : നജുമു

സഹോദരി : മാനുഷ

നിര്യാതയായി

നഫീസ

ഇരിങ്ങാലക്കുട : കോണത്തുകുന്ന് കായംകുളം വീട്ടിൽ പരേതനായ കെ കെ കുഞ്ഞുമരക്കാർ മാസ്റ്ററുടെ ഭാര്യ നഫീസ (88) നിര്യാതയായി.

സംസ്കാരം കരൂപ്പടന്ന ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

മക്കൾ : ആരിഫ (റിട്ട അദ്ധ്യാപിക), സാബിറ
(റിട്ട അദ്ധ്യാപിക), സാഹിദ (റിട്ട അദ്ധ്യാപിക), പരേതനായ മുഹമ്മദ് സാലി, ബദറുദ്ദീൻ
(റിട്ട വില്ലേജ് ഓഫിസർ), അബ്ദുൾ ഹഖ് (റിട്ട ഇ എസ് ഐ ഉദ്യോഗസ്ഥൻ), ആസാദ്, താജുദ്ദീൻ
(ഹെഡ്മാസ്റ്റർ, ഗവ ഹയർ സെക്കൻഡറി സ്കൂൾ, കൊടകര), ഷാഹിന (സീനിയർ എഡിറ്റർ , ഔട്ട്ലുക് മാഗസിൻ)

എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് : സംസ്ഥാനതല ഉദ്ഘാടനം നടവരമ്പ് ഗവ സ്കൂളിൽ നടത്തി

ഇരിങ്ങാലക്കുട : കേരള സംസ്ഥാന നാഷണൽ സർവീസ് സ്കീമിന്റെ 27 സെല്ലുകളിലായി നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നടവരമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് മുഖ്യാതിഥിയായി.

എൻ എസ് എസ് സ്റ്റേറ്റ് ഓഫീസർ ആർ എൻ അൻസാർ സന്ദേശം നൽകി.

ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ ഡോ എസ് ഷാജിത പദ്ധതി വിശദീകരണം നടത്തി.

എൻ എസ് എസ് ജില്ലാ കൺവീനർ എം വി പ്രതീഷ് സ്വാഗതവും, നടവരമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്
പ്രോഗ്രാം ഓഫീസർ ഡോ കെ എസ് ഇന്ദുലേഖ നന്ദിയും പറഞ്ഞു.

കേരളത്തിൽ 3100 എൻ എസ് എസ് ക്യാമ്പുകൾ “സുസ്ഥിര വികസനത്തിനായി എൻ എസ് എസ് യുവത” എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്നുണ്ട്.

മാലിന്യമുക്തം, ലഹരി വിമുക്തി തുടങ്ങി വിവിധ പ്രചാരണ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രൊജക്റ്റുകൾ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ നടപ്പാക്കും.

വയോജന സന്ദർശനം, മൂല്യനിർമ്മിത വസ്തുക്കളുടെ നിർമ്മാണം, തദ്ദേശീയ തനത് പ്രവർത്തനം, സത്യമേവ ജയതേ, സുസ്ഥിര ജീവിതശൈലി തുടങ്ങിയ ബോധവത്കരണ പരിപാടികൾ, സുകൃത കേരളം, സ്നേഹ സന്ദർശനം, കൂട്ടുകൂടി നാടു കാണുക, ഹരിത സമൃദ്ധി, മൂല്യനിർമാണം സൃഷ്ടിപരതയിലൂടെ, പുസ്തക പയറ്റ്, നേതൃത്വപാടവം, ഡിജിറ്റൽ ലിറ്ററസി തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്യാമ്പിലൂടെ നടപ്പാക്കുക.

പ്രഭ പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ബി ആർ സി യുടെ നിയന്ത്രണത്തിലുള്ള ഓട്ടിസം സെന്ററിലേക്ക് വേണ്ട ഹെൽത്ത്‌ എയ്ഡ് വിതരണവും, വയനാട് ചാലഞ്ച് ഫണ്ട്‌ കൈമാറ്റവും മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു.

ക്യാമ്പ് ക്യാമ്പയിനിങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.

എം ഇ എസ് എക്സലെൻസ് അവാർഡ് നൽകി

ഇരിങ്ങാലക്കുട : കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി മൈക്രോ ബയോളജിയിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആഷിദ ആസാദിനെ എം ഇ എസ് അനുമോദിച്ചു.

യോഗം സംസ്ഥാന സമിതി അംഗം സലിം അറക്കൽ ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷത വഹിച്ചു.

നിസാർ മുറിപ്പറമ്പിൽ, ബാബു സുരാജ്, സി കെ അബ്ദുൽസലാം, മജീദ് ഇടപുള്ളി, ടി കെ അബ്ദുൽ എന്നിവർ പ്രസംഗിച്ചു.

ആയുർവേദ അസോസിയേഷൻ്റെ ബെസ്റ്റ് ഫിസിഷ്യൻ അവാർഡ് ഡോ എൻ എസ് രാജേഷിന്

ഇരിങ്ങാലക്കുട : പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ്റെ ഈ വർഷത്തെ ബെസ്റ്റ് ഫിസിഷ്യൻ അവാർഡിന് ഇരിങ്ങാലക്കുട സ്വദേശി നെടുംപറമ്പിൽ ഫാർമസി ചീഫ് ഫിസിഷ്യൻ ഡോ എൻ എസ് രാജേഷ് അർഹനായി.

മണ്ണുത്തിയിൽ നടന്ന ചടങ്ങിൽ വെച്ച് ഡോ വൈലോപ്പിളളി ശ്രീകുമാർ പുരസ്കാരം സമ്മാനിച്ചു.

ആയുർവേദ നേത്രചികിത്സയിലും വന്ധ്യതാ ചികിത്സയിലും ഔഷധ നിർമ്മാണ മേഖലയിലും നൂറ്റാണ്ടോളം പാരമ്പര്യമുള്ള ഇരിങ്ങാലക്കുട നെടുംപറമ്പിൽ ആയുർവേദ ഫാർമസി ചീഫ് ഫിസിഷ്യനാണ് രാജേഷ്.

അയ്യങ്കാവ് താലപ്പൊലി : കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവ ത്തോടനുബന്ധിച്ച് 2025 മാർച്ച് 9 മുതൽ 15 വരെ കലാപരിപാടികൾ സമർപ്പണമായി അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

പങ്കെടുക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങൾ വ്യക്തമായ മേൽവിലാസത്തോടുകൂടി ഫോൺ നമ്പർ സഹിതം നേരിട്ടോ അല്ലെങ്കിൽ madhuard10@gmail.com എന്നതിലേക്ക് മെയിൽ ആയോ അയക്കാവുന്നതാണ്.

അപേക്ഷകൾ 2025 ജനുവരി 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 8157063945, 9447408615, 9633821023 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ജനറൽ കൺവീനർ അറിയിച്ചു.

മാരിവില്ലഴകിലാറാടി ‘വർണ്ണക്കുട’ ചിത്രരചനാ മത്സരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കലാ സാഹിത്യ സാംസ്കാരികോത്സവം വർണ്ണക്കുടയുടെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ബഹുജന പങ്കാളിത്തം കൊണ്ടും സൃഷ്ടിവൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.

പ്രകൃതിയുടെ വിവിധ ഭാവങ്ങളും, സമകാലിക വിഷയങ്ങളും വര്‍ണവൈവിധ്യങ്ങളോടെ മത്സരാർത്ഥികൾ കാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍ അത് കാഴ്ചക്കാര്‍ക്കും വിരുന്നായി.

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളെജിൽ നടന്ന ചിത്രരചനാ മത്സരത്തിൽ കോളെജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി മുഖ്യാതിഥിയായി.

വർണ്ണക്കുട കോർഡിനേറ്റർമാരായ ശ്രീലാൽ, പി ആർ സ്റ്റാൻലി, ദീപ ആൻ്റണി, അസീന ടീച്ചർ, സത്യപാലൻ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

23ന് തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് വർണ്ണക്കുട സാഹിത്യോത്സവം ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറും.

വൈകീട്ട് 5 മണിക്ക് മുനിസിപ്പൽ മൈതാനിയിൽ വർണ്ണക്കുടയ്ക്ക് കൊടിയേറും.

തുടർന്ന് സ്നേഹസംഗീതം, ദീപജ്വാല, വർണ്ണമഴ എന്നിവയും ഉണ്ടായിരിക്കും.

തൊഴിലിടങ്ങളിൽ എല്ലാവരും തുല്യരെന്ന സ്നേഹം ക്രിസ്തുമസ് ആഘോഷത്തിൽ പങ്കുവെച്ച് തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് ക്രൈസ്റ്റ് കോളെജിലെ ക്ലീനിങ് സ്റ്റാഫ്‌, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്ക് ക്രിസ്മസ് ആഘോഷത്തിനോടനുബന്ധിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രിൻസിപ്പൽ റവ ഫാ ജോളി ആൻഡ്രൂസ്, ഡീൻ ഡോ സുധീർ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

എല്ലാവരെയും തുല്യരായ് കണ്ട് ക്രിസ്തുമസിന്റെ ഉദാത്തമായ സന്ദേശം ഉൾകൊണ്ടത് അഭിനന്ദനാർഹമാണെന്ന് ഡീൻ ഡോ സുധീർ സെബാസ്റ്റ്യൻ പറഞ്ഞു.

സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസി പ്രൊഫ മുവിഷ് മുരളി, അസി പ്രൊഫ റീജ ജോൺ,അസി പ്രൊഫ സോളമൻ ജോസ്, സെക്രട്ടറി സജിൽ, വൈസ് പ്രസിഡന്റ് മീര, ജിനോ എഡ്വിൻ എന്നിവർ നേതൃത്വം നൽകി.