ഫിസിക്സില്‍ പി.എച്ച്.ഡി. നേടി ഡോ. ദേവപ്രിയ

ഇരിങ്ങാലക്കു : ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഫിസിക്സില്‍ പി.എച്ച്.ഡി. നേടി ഡോ. ദേവപ്രിയ.

പൊറത്തിശ്ശേരി മണപ്പെട്ടി ഷാജി മാസ്റ്ററുടെയും (കായികാധ്യാപകന്‍ എസ്.എസ്.എച്ച്.എസ്. ഇരിങ്ങാലക്കുട)
ബീന ടീച്ചറുടെയും (അധ്യാപിക, ടി.എച്ച്.എസ്. പുത്തന്‍ചിറ) മകളാണ്.

ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ ആക്രമിച്ച കെഎസ്‌യു ഗുണ്ടായിസത്തിൽ സിപിഐ പ്രതിഷേധം

ഇരിങ്ങാലക്കുട : ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ ആക്രമിച്ച കെഎസ്‌യു ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ യോഗം
സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബെന്നി വിൻസെന്റ്, മുതിർന്ന നേതാവ് കെ. ശ്രീകുമാർ, മണ്ഡലം സെക്രട്ടേറിയേറ്റ് മെമ്പർമാരായ കെ.എസ്. പ്രസാദ്, കെ.കെ. ശിവൻ, എ.ജെ. ബേബി, എഐടിയുസി തൃശൂർ ജില്ലാ കമ്മിറ്റി അംഗം വർദ്ധനൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.

ഓപ്പറേഷൻ കാപ്പ : വേട്ട തുടരുന്നു ; കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട മുറി രതീഷ് പിടിയിൽ

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂര്‍ മാനാട്ടുകുന്ന് പെരിപറമ്പില്‍ വീട്ടില്‍ മുറി രതീഷ് എന്ന് വിളിക്കുന്ന രതീഷ് (43) എന്നയാളെ അറസ്റ്റ് ചെയ്തു.

6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ആളൂർ സ്റ്റേഷൻ പരിധിയിലെ മാനാട്ടുകുന്നിൽ പ്രവേശിച്ചതിനെ തുടർന്നാണ് രതീഷിനെ കാഴ്ചപ്പിളളിക്കാവ് അമ്പലത്തിന് സമീപത്തു നിന്ന് ആളൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

രതീഷ് ആളൂർ, കൊടകര സ്റ്റേഷനുകളിലായി അഞ്ച് വധശ്രമ കേസിലും രണ്ട് അടിപിടി കേസിലും ഒരു കവർച്ചാകേസിലും അടക്കം 10 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ആളൂർ പോലീസ് ഇൻസ്പെക്ടർ ബി. ഷാജിമോൻ, ജിഎസ്ഐ മാരായ പ്രസന്നകുമാർ, ജയകുമാർ, സുമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിജോ ആൻ്റണി, സമീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ കൃഷ്ണദാസ്, ശ്രീജിത്ത്, അനൂപ്, ഹോം ഗാർഡ് ജോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

വിദ്യാർത്ഥികൾക്കായി ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ശുചിത്വ പഠനോത്സവം നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.സി. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

കില റിസോഴ്സ് പേഴ്സൺ സ്റ്റാൻലി ക്ലാസ് നടത്തി.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. പോൾ സ്വാഗതവും നഗരസഭ ക്ലീൻ സിറ്റി മാനേജർ നന്ദിയും പറഞ്ഞു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോണി പോൾ, കൗൺസിലർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർഥികളിൽ ശാസ്ത്രീയ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന പരിപാടിയാണ് വിദ്യാർഥി ഹരിതസേന സ്കോളർഷിപ്പ് ഇക്കോസെൻസ്.

സ്കൂ‌ളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ശുചിത്വ പഠനോത്സവത്തിൽ വിഷയാവതരണം നടത്തിയത്.

സ്കൂളുകളിൽ വേസ്റ്റ് കൊണ്ട് നിർമിച്ച ആർട്ടുകൾ പഠനോത്സവത്തിൽ പ്രദർശിപ്പിച്ചു.

വിദ്യാർഥികൾക്ക് പ്രശസ്തിപത്രവും നൽകി.

പഠനോത്സവത്തിൽ പങ്കെടുത്ത നഗരസഭയിലെ 75 വിദ്യാർഥികൾക്ക് 1500 രൂപ വീതം സ്കോളർഷിപ്പ് നൽകും.

സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 28ന്

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും, കൊച്ചി ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബും സംയുക്തമായി സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് ഫെബ്രുവരി 28ന് സേവാഭാരതി ഓഫീസിൽ വച്ച് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ സംഘടിപ്പിക്കും.

സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

ഏഴാം വാർഡ് കൗൺസിലർ ടി.കെ. ഷാജു ഉദ്ഘാടനം നിർവഹിക്കും.

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യതിഥിയാകും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9497624692 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

മന്നം സമാധി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : മൂർക്കനാട് എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 മന്നം സമാധി ദിനമായി ആചരിച്ചു.

മന്നത്ത് പത്മനാഭൻ്റെ ഛായാചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി പുഷ്പാർച്ചനയും ആചാര്യ വന്ദനവും നടത്തി.

പ്രസിഡൻ്റ് കെ.ബി. ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി.

വനിത സമാജം പ്രസിഡൻ്റ് രജനി പ്രഭാകരൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

എം. ശാന്തകുമാരി, എൻ. പ്രതീഷ്, ജയ സുരേന്ദ്രൻ, കനകലത ശിവരാമൻ, ജ്യോതിശ്രീ, ചന്ദ്രിക കൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.

കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പിലെ കുറഞ്ഞ പോളിംഗ് കോൺഗ്രസ് നിലപാടിനുള്ള അംഗീകാരം : പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കോൺഗ്രസ്സ് നിലപാടിന് സഹകാരികൾ നൽകിയ പിന്തുണയ്ക്ക് തെളിവാണെന്ന് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡൻ്റ് പി.കെ. ഭാസി.

ബാങ്കിന്റെ യഥാർത്ഥ ധനസ്ഥിതി വെളിച്ചത്ത് കൊണ്ടുവരുന്ന ഒരു ധവളപത്രം പുറത്തിറക്കി സഹകാരികളെ ബാങ്കിൻ്റെ സ്ഥിതി ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അതിന് ശേഷം ബാങ്കിൻ്റെ ധനസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താവുന്ന സ്ഥിതി വരുകയുള്ളൂ എന്നും പി.കെ. ഭാസി പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ഭരിക്കുന്ന സർക്കാരുകൾ പ്രത്യേകിച്ച് സംസ്ഥാന സർക്കാർ മാറി പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം പലിശസഹിതം തിരിച്ചുകൊടുക്കാൻ ടി കേസിലെ മുഴുവൻ പ്രതികളുടെയും സ്വത്ത് വഹകൾ കണ്ടുകെട്ടുകയും നിയമനടപടി സ്വീകരിച്ചും പണം കണ്ടുകെട്ടി നിക്ഷേപകർക്ക് തിരിച്ച് കൊടുക്കാൻ സർക്കാരിൽ സമ്മർദ്ദം നടത്തി നിക്ഷേപകരെ സഹായിക്കുമെന്നും പി.കെ. ഭാസി അറിയിച്ചു.

തങ്ങളുടെ ഒരായുസ്സ് മുഴുവൻ അധ്വാനിച്ച സമ്പാദ്യമാണ് സി.പി.എം. തട്ടിയെടുത്തത്. അത് തിരികെ കിട്ടിയേ മതിയാകൂ. ആ ഉറപ്പും ബോധ്യവും നിക്ഷേപകർക്കും സഹകാരികൾക്കും കിട്ടേണ്ടത് ആവശ്യമാണ്. എന്നിട്ട് നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് മാത്രമേ ബാങ്കിൻ്റെ പുരോഗതിക്കു വേണ്ടിയാകുന്നുള്ളൂ എന്നും പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

എല്ലാ സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്തും പാർട്ടി സംവിധാനങ്ങൾ ഉപയോഗിച്ചും സംസ്ഥാന ജില്ലാ നേതാക്കൾ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയിട്ട് പോലും 20 ശതമാനത്തിൽ താഴെ അംഗങ്ങൾ മാത്രമേ വോട്ട് ചെയ്യാൻ എത്തിയുള്ളൂ. 15000 അംഗങ്ങളുള്ള ബാങ്കിൽ ആകെ 3039 ആളുകളാണ് വോട്ട് ചെയ്‌തത്. കോൺഗ്രസ്സ് നിലപാടിനെ അംഗീകരിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ബഹുഭൂരിപക്ഷം വരുന്ന സഹകാരികളെ കോൺഗ്രസ്സ് അഭിവാദ്യം ചെയ്തു.

ബാങ്കിൻ്റെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6000 ത്തിലധികം അംഗങ്ങൾ വോട്ട് ചെയ്‌തിരുന്നു. കേന്ദ്രവും കേരളവും ഭരിക്കുന്ന പാർട്ടിക്കാർ തങ്ങളാൽ ആകുന്ന വിധമൊക്കെ പരിശ്രമിച്ചിട്ടും ഇത്രയും മാത്രമേ പോളിംഗ് നടന്നുള്ളൂ. ഇത്രയും ഭരണസംവിധാനം ദുർവിനിയോഗം ചെയ്ത ഒരു തിരഞ്ഞെടുപ്പ് ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.

നിലവിലെ അഡ്മ‌ിനിസ്ട്രേറ്റീവ് സ്ഥാനാർത്ഥിയായത് കമ്മിറ്റി കൺവീനറും മറ്റൊരംഗവും. ഇത് തിരഞ്ഞെടുപ്പിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും ബാങ്കിന് ഇനിയും എന്തൊക്കെയൊ ഒളിക്കാൻ ഉള്ളത് കൊണ്ടാണിതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് മാത്രം നടത്തിയ ഈ തിരഞ്ഞെടുപ്പിനെ കോൺഗ്രസ്സ് ആഹ്വാനപ്രകാരം ബഹിഷ്ക്കരിച്ച്, ഇടതുപക്ഷത്തിന് ചുട്ടമറുപടി നൽകിയ നിക്ഷേപകരോടും സഹകാരികളോടും കോൺഗ്രസ്സ് പത്രക്കുറിപ്പിലൂടെ നന്ദി പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇടതുപക്ഷം ജയിച്ച സാഹചര്യത്തിൽ നിക്ഷേപകർക്ക് അവരുടെ പണം പെട്ടെന്ന് തിരിച്ചുകൊടുക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

നിര്യാതനായി

സുധർമൻ

ഇരിങ്ങാലക്കുട : അവിട്ടത്തൂർ കല്ലിങ്ങപ്പുറം കൊച്ചുണ്ണി മകൻ സുധർമൻ (65) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച (ഫെബ്രുവരി 26) രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ : ജലജ

മക്കൾ : ധന്യ, ധനൂപ്

മരുമക്കൾ: സന്തോഷ്, രേഷ്മ

ദേശീയ റോൾ ബോൾ മത്സരത്തിൽ വെങ്കലം സ്വന്തമാക്കിയ കേരള ടീമിൽ വിമല സെൻട്രൽ സ്കൂളിലെ ദേവേന്ദ്രനും

ഇരിങ്ങാലക്കുട : തിരുച്ചിറപ്പള്ളിയിൽ നടന്ന മൂന്നാമത് ദേശീയ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെങ്കലം നേടിക്കൊടുത്ത കേരള ടീമിലെ താരമായി വിമല സെൻട്രൽ സ്കൂളിലെ ആർ ദേവേന്ദ്രൻ.

കൊടൈക്കനാൽ പെരിയൂർ സ്വദേശികളായ പി.പി. രാമർ – കാളീശ്വരി ദമ്പതികളുടെ മകനായ ദേവേന്ദ്രൻ താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.

ഇപ്പോൾ ഇരിങ്ങാലക്കുടയ്ക്കടുത്ത് താണിശ്ശേരിയിലാണ് താമസം.

ഉദയ് ഭാനു ചിബിൻ്റെ അറസ്റ്റ് : ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ്സ് പന്തം കൊളുത്തി പ്രതിഷേധം നടത്തി

ഇരിങ്ങാലക്കുട : ദൽഹി ആസ്ഥാനത്ത് പൊലീസ് നടത്തിയ നരനായാട്ടിലും അഖിലേന്ത്യാ പ്രസിഡന്റ് ഉദയ് ഭാനു ചിബിനെ ആകാരണമായി അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് വിമലൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, കൗൺസിലർ പ്രവീൺസ് ഞാറ്റുവെട്ടി, നിയോജകമണ്ഡലം ഭാരവാഹികളായ അഡ്വ. ഗോകുൽ കർമ്മ, എബിൻ ജോൺ, വിനു ആന്റണി, ഷിൻസ് വടക്കൻ, എൻ.ഒ. ഷാർവി, ആൽബർട്ട് കാനംകുടം, കെഎസ്‌യു ജില്ലാ ഭാരവാഹി ഗിഫ്റ്റ്സൺ ബിജു, നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിൻ ഔസേഫ്, സൂര്യകിരൺ, കോൺഗ്രസ്‌ പ്രവർത്തകരായ അബിൻ, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.