കൂടൽമാണിക്യം ഉത്സവത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയ 2 യുവാക്കൾ പിടിയിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ 2 യുവാക്കൾ പിടിയിൽ.

നന്തിക്കര സ്വദേശികളായ തേവർമഠത്തിൽ വീട്ടിൽ ഗോപകുമാർ (34), കിഴുത്താണി വീട്ടിൽ അഭിജിത്ത് (26) എന്നിവരെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ 1 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കോമ്പൗണ്ടിനകത്ത് കിഴക്കേനടയിൽ വലിയവിളക്ക് എഴുന്നള്ളിപ്പ് നടക്കവേ മേളക്കാരെയും, ഭക്തജനങ്ങളെയും ശല്യം ചെയ്ത യുവാക്കളെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർമാരായ ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഉമേഷ് കൃഷ്ണൻ, മാള സ്റ്റേഷനിലെ ഹരികൃഷ്ണൻ എന്നിവർ ചേർന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്താലാണ് ഇവർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയത്.

ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർ കൂടി എത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്.

തുടർന്ന് പ്രതികൾക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

അഭിജിത്ത്, കൊടകര പൊലീസ് സ്റ്റേഷനിൽ 2021ൽ ഒരു വധശ്രമക്കേസിലും, പുതുക്കാട് സ്റ്റേഷനിൽ 2025ൽ ഒരു അടിപിടിക്കേസിലും പ്രതിയാണ്.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഫ്രെഡി റോയ്, ഷിബു വാസു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കേരള വുമൺസ് ബാഡ്മിന്റൺ ലീഗ് 2025

ഇരിങ്ങാലക്കുട : കേരള ബാഡ്മിന്റൺ ചരിത്രത്തിൽ ആദ്യമായി വനിതകൾ മാത്രം മത്സരിക്കുന്ന കേരള വുമൺസ് ബാഡ്മിന്റൺ ലീഗ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ നടക്കും.

മെയ് പതിനെട്ടാം തീയതി നടക്കുന്ന ലീഗ് മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും കളിച്ചിട്ടുള്ള മികച്ച താരങ്ങൾ പങ്കെടുക്കും.

വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിക്കും.

35 വയസ്സിന് താഴെയുള്ളവരുടെ വിഭാഗം, 35 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗം, 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.

കൊച്ചിൻ സ്മാഷേഴ്സ്, അവനീർ ഏവിയേഷൻസ് എറണാകുളം, ലയൻസ് ഷട്ടിൽ ക്ലബ് ഇരിങ്ങാലക്കുട, ഡേവിസ് ബാഡ്മിന്റൺ അക്കാദമി തൃശൂർ എന്നീ ഫ്രാഞ്ചൈസികൾ ആണ് മത്സരങ്ങളിൽ പങ്കെടുക്കുക.

ഇവരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി മത്സരങ്ങളിൽ ഉള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ ക്രൈസ്റ്റ് അക്വാറ്റിക് അക്കാദമി
പ്രസിഡണ്ട് സ്റ്റാൻലി ലാസർ, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ ടോമി മാത്യു എന്നിവർ അറിയിച്ചു.

മുകുന്ദപുരം പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഏപ്രിൽ 1 മുതൽ മെയ് 16 വരെ നീണ്ടുനിന്ന സമ്മർ ക്യാമ്പ് സമാപിച്ചു.

സമാപന സമ്മേളനം പ്രശസ്ത കലാകാരനും കലാമണ്ഡലം നൃത്ത അധ്യാപകനും മുകുന്ദപുരം പബ്ലിക് സ്കൂൾ അഡ്വൈസറി കമ്മിറ്റി അംഗവുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ജിജി കൃഷ്ണ അധ്യക്ഷത വഹിച്ചു.

അധ്യാപിക പി.എസ്. ശ്രീകല സ്വാഗതം പറഞ്ഞു.

നൃത്തത്തിന്റെ വിവിധ തലങ്ങൾ, പ്രാധാന്യം, അനന്തസാധ്യതകൾ എന്നിവയെക്കുറിച്ച് ചരിത്രത്തെ മുൻനിർത്തി മുദ്രകളിലൂടെയും നൃത്തച്ചുവടുകളിലൂടെയും ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ നയിച്ച നൃത്തശിൽപ്പശാല കുട്ടികൾക്ക് കൂടുതൽ ആസ്വാദ്യകരമായി.

തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി. ലളിത, പി.ടി.എ. പ്രസിഡന്റ് വിനോദ് മേനോൻ, ക്യാമ്പ് കോർഡിനേറ്റർമാരായ രേഖ പ്രദീപ്, എ.എക്സ്. ഷീബ, കെ.ജി. സിനി, പി.ടി. ഭവ്യ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

101 പറകളുമായി പറയെടുപ്പിനൊരുങ്ങി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് കമ്പനി

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആറാട്ട് എഴുന്നള്ളിപ്പിന് 101 പറകളുമായി പറയെടുപ്പിന് ഒരുങ്ങി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്.

ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് എഴുന്നള്ളിപ്പില്‍ എല്ലാ വര്‍ഷവും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഓഫീസിനു മുമ്പില്‍ പറയെടുപ്പ് നടക്കാറുണ്ട്. ഈ വര്‍ഷം 101 പറകളുമായാണ് പറയെടുപ്പ് സംഘടിപ്പിക്കുന്നത്.

ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ. ജി അനില്‍കുമാറിന്റെയും, ഹോള്‍ടൈം ഡയറക്ടര്‍
ഉമ അനില്‍കുമാറിന്റെയും നേതൃത്വത്തിലാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്പിലെ മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് പറയെടുപ്പ് ഒരുക്കുന്നത്.

രാപ്പാള്‍ ആറാട്ട് കടവില്‍ ആറാട്ടിനു ശേഷം ഭഗവാൻ തിരിച്ച് കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമ്പോഴാണ് പറയെടുപ്പ്.

സംഗമേശ സന്നിധി പുഷ്പാലംകൃതമാക്കി ഐ സി എൽ ഫിൻകോർപ്പ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ നട പുഷ്പങ്ങളാൽ അലങ്കരിച്ച് ഐസിഎൽ ഫിൻകോർപ്പ്.

മഞ്ഞയും ഓറഞ്ചും നിറങ്ങളിലെ ചെണ്ടുമല്ലി പൂക്കൾ ഭംഗിയിൽ കോർത്ത് പല ഡിസൈനുകളിൽ തൂക്കി അലങ്കരിച്ച സംഗമേശ സന്നിധിയിലെ കിഴക്കേ നട കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയിൽ ഒരുങ്ങി നിൽക്കുകയാണ്.

ഇതുവഴിയുള്ള ഗജവീരന്മാരുടെ വരവും ഏറെ മനോഹരമാണ്.

കൂടൽമാണിക്യം തിരുവുത്സവം : ദീപാലങ്കാര മത്സര വിജയികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഠാണാ മുതൽ കൂടൽമാണിക്യം ക്ഷേത്രം വരെയുള്ള വ്യാപാര സ്ഥാപനങ്ങളെയും, വിവിധ ഓഫീസുകളെയും, ക്ഷേത്രത്തിനു പരിസരത്തുള്ള വീടുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പ്രത്യേക ദീപാലങ്കാര മത്സരത്തിൻ്റെ വിജയികളെ ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി പ്രഖ്യാപിച്ചു.

ഇരിങ്ങാലക്കുട ഫോട്ടോ വേൾഡിനാണ് ഒന്നാം സമ്മാനം.

കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഗാന്ധി മന്ദിരത്തിന് രണ്ടാം സമ്മാനവും, ഠാണാ ആലേങ്ങാടൻ വെസ്സൽസിന് മൂന്നാം സമ്മാനവും ലഭിച്ചു.

കൂടൽമാണിക്യം ദേവസ്വം നിശ്ചയിച്ച ജഡ്ജിങ് കമ്മിറ്റിയാണ് സമ്മാനാർഹരെ തെരഞ്ഞെടുത്തത്.

ശനിയാഴ്ച്ച ദേവസ്വം ഓഫീസിൽ നടക്കുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ വെച്ച് മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്യും.

25,000 രൂപയും എവർറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയുമാണ്.

എൻ.വി. കൃഷ്ണവാര്യർ പുരസ്കാരം കെ.വി. രാമകൃഷ്ണന്

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം നൽകുന്ന എൻ.വി. കൃഷ്ണവാര്യർ പുരസ്കാരം കവി കെ.വി. രാമകൃഷ്ണന് സമ്മാനിക്കും.

പുരസ്കാരം സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മെയ് 24ന് നൽകുന്നതാണെന്ന് സമാജം സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ, സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ് എന്നിവർ അറിയിച്ചു.

10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

ഇരിങ്ങാലക്കുടയിൽ തെരുവുനായ് ശല്യം കൂടി ; എടക്കുളത്ത് പട്ടിയുടെ കടിയേറ്റ് രണ്ടു പേര്‍ ആശുപത്രിയിൽ

ഇരിങ്ങാലക്കുട : നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവു നായകളുടെ ശല്യം വർദ്ധിച്ചു. എടക്കുളത്ത് തെരുവു നായയുടെ കടിയേറ്റ് രണ്ടു പേര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

എടക്കുളം മരപ്പാലത്തിനു സമീപം താമസിക്കുന്ന വലൂപറമ്പില്‍ വീട്ടില്‍ ഷാജു ഭാര്യ അശ്വതി (47), തെക്കേടത്ത് കളരിക്കല്‍ വീട്ടില്‍ വിശാഖ് (35) എന്നിവര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്.

തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ ഓഫീസില്‍ ജീവനക്കാരിയായ അശ്വതി വ്യാഴാഴ്ച്ച വൈകീട്ട് സ്വന്തം വീട്ടില്‍ അടുക്കളയില്‍ നിന്നും വാതില്‍ തുറന്ന് പുറത്ത് ഇറങ്ങിയപ്പോൾ തെരുവുനായ വന്ന് ആക്രമിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ റോഡില്‍ വച്ചാണ് വിശാഖിന് തെരുവുനായയുടെ കടിയേറ്റത്.

തെരുവുനായയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെ വെറ്റിനറി ഡോക്ടര്‍മാര്‍ മാരാത്ത് കോളനിയില്‍ നാലു നായ്ക്കള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിരുന്നതായി പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു.

തെരുവുനായ്ക്കളുടെ ശല്യത്തിൽ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാൻ നഗരസഭ, പഞ്ചായത്ത് അധികൃതർ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

90-ാം വയസ്സിലും ഭരതൻ്റെ വേഷം കെട്ടാൻ കലാനിലയം രാഘവനാശാൻ റെഡി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ നടക്കുന്ന തിരുവുത്സവത്തിൻ്റെ വലിയ വിളക്ക് ദിവസമായ ഇന്നു രാത്രി പന്ത്രണ്ടു മണിക്ക് ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്ന “ശ്രീരാമ പട്ടാഭിഷേകം” കഥകളിയിൽ ഭരതനായി ഇക്കുറിയും കലാനിലയം രാഘവനാശാൻ അരങ്ങിലെത്തും.

കഴിഞ്ഞ 40 വർഷത്തിലേറെയായി ഭരതൻ്റെ വേഷം കെട്ടുന്ന രാഘവനാശാന് ഇപ്പോൾ പ്രായം 90.

ഇപ്പോഴും ഒരു യുവാവിൻ്റെ ചുറുചുറുക്കോടെ അരങ്ങിലെത്തുന്ന രാഘവനാശാൻ്റെ കൈകളിൽ ഭരതവേഷം എന്നും ഭദ്രം.

ഗുരുവായിരുന്ന കലാമണ്ഡലം കരുണാകരനാണ് ഉത്സവത്തിന് ഭരതൻ്റെ വേഷം കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന് ശേഷമാണ് ഈ വേഷം രാഘവനാശാൻ കെട്ടാൻ തുടങ്ങിയത്.

ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ ആദ്യ ബാച്ചിലെ വിദ്യാർഥി ആയിരുന്ന കലാനിലയം രാഘവനാശാൻ പിന്നീട് അവിടെ തന്നെ അധ്യാപകനും പ്രിൻസിപ്പലുമായി 1995ൽ വിരമിച്ചു.

വലിയ വിളക്ക് ദിവസം ശ്രീരാമപട്ടാഭിഷേകത്തിന് ഭരത വേഷത്തിലെത്തുക എന്നത് വലിയൊരു അനുഗ്രഹമാണെന്നാണ് രാഘവനാശാൻ കരുതുന്നത്.

രാഘവനാശാന്റെ ശിഷ്യനും മരുമകനുമായ കലാനിലയം ഗോപിയാണ് കഴിഞ്ഞ 30 വർഷത്തിലേറെയായി ശ്രീരാമ പട്ടാഭിഷേകത്തിൽ ഹനുമാൻ്റെ വേഷം ചെയ്യുന്നത്.

രാഘവനാശാന്റെ മകനും തിരുവനന്തപുരം റീജണൽ ക്യാൻസർ സെൻ്ററിലെ ഡോക്ടറുമായ രാജീവും, മകളായ ജയന്തിയും മികച്ച കഥകളി നടന്മാരാണ്.

രാഘവനാശാൻ്റെ ഭരതവേഷമാണ് ചിത്രത്തിൽ കാണുന്നത്.

നിര്യാതയായി

ശ്രീദേവി അന്തർജ്ജനം

ഇരിങ്ങാലക്കുട : ആനന്ദപുരം അഷ്ടവൈദ്യൻ എളേടത്ത് തൈക്കാട്ട് ദിവാകരൻ മൂസ്സിന്റെ സഹധർമ്മിണിയും കക്കാട്ട് മന നാരായണൻ നമ്പൂതിരിയുടെ മകളുമായ ശ്രീദേവി അന്തർജ്ജനം (75) നിര്യാതയായി. റിട്ട സ്കൂൾ അദ്ധ്യാപികയാണ്.

സംസ്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ആനന്ദപുരത്തെ വീട്ടുവളപ്പിൽ.

മക്കൾ : അഷ്ടവൈദ്യൻ ഡോ. ഇ. ടി. രവി മൂസ്സ്, സിത്താര ദാമോദരൻ, ശ്രീദേവി വിനേഷ്.

മരുമക്കൾ : ഓട്ടൂർ ദാമോദരൻ, വിനേഷ് തിടിൽ പുളിയപടമ്പ്, ഡോ.ആര്യ മൂസ്സ്