“സ്മൃതിമധുരം” പൂർവ്വവിദ്യാർഥി സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കരാഞ്ചിറ സെൻ്റ് സേവിയേഴ്സ് ഹൈസ്കൂളിൽ “സ്മൃതിമധുരം” എന്ന പേരിൽ പൂർവ്വവിദ്യാർഥി സംഗമവും ഒ.എസ്.എ. രൂപീകരണവും നടന്നു.

യോഗം സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ്സ് ഹീര ഫ്രാൻസിസ് ആലപ്പാട്ട്, സീനിയർ അധ്യാപകൻ ആന്റോ പി. തട്ടിൽ, പി.ടി.എ. പ്രസിഡൻ്റ് കെ.കെ. സതീശൻ, പൂർവ്വ വിദ്യാർഥികളായ മുൻ തൃശൂർ ജില്ലാ ഡെപ്യൂട്ടി കളക്ടർ ഗിരിജ, കാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിജി പ്രവീൺ എന്നിവർ പ്രസംഗിച്ചു.

ഹൈദരലി അനുസ്മരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പ്രശസ്ത കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഹൈദരലിയുടെ 20-ാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പ് സംഘടിപ്പിച്ച അനുസ്മരണയോഗം പ്രമുഖ സാംസ്കാരിക പ്രവർത്തകനും മികച്ച കലാസ്വാദകനുമായ അനിയൻ മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു.

കെ. ദിനേശ് രാജയുടെ കഥകളി സംഗീതത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ, സാഹിത്യ മേഖലകളിൽ ഉന്നതമായ നേട്ടം കൈവരിച്ച ജിഷ ജനാർദ്ദനൻ, നവീൻ ജേക്കബ്, ഗീത എസ്. പടിയത്ത്, നോമി കൃഷ്ണ, ഇരിങ്ങാലക്കുട ബാബുരാജ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.

കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ.ബി. പവിത്രൻ, പഞ്ചായത്ത് മെമ്പർ ജയ്ഹിന്ദ് രാജൻ, കെ. ദിനേശ് രാജ, വി.ആർ. ലിഷോയ്, സി.എഫ്. റോയ്, സദു ഏങ്ങൂർ, റഷീദ് കാറളം, മുരളി നടയ്ക്കൽ, ശിവദാസൻ ചെമ്മണ്ട, ചന്ദ്രൻ കാട്ടൂർ, പഴുവിൽ ഗോപിനാഥ്, ഇരിങ്ങാലക്കുട ബാബുരാജ് അനിലൻ ചരുവിൽ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യയിൽ ആദ്യമായി അപൂർവ്വയിനം തസ്കര ഈച്ചയെ കണ്ടെത്തി ; കണ്ടെത്തിയത് തൃശൂരിലെ കലശമലയിൽ നിന്ന്

ഇരിങ്ങാലക്കുട : തൃശൂരിലെ കലശമല പുൽമേടുകളിൽ നിന്ന് ശാസ്ത്രലോകത്തിന് പുതിയൊരിനം തസ്കര ഈച്ചയെ കണ്ടെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ഗവേഷകർ.

കോളെജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്.

“ലോവിനെല്ല കലശമലഎൻസിസ്” എന്ന് ശാസ്ത്രീയ നാമം നൽകിയിരിക്കുന്ന ഈ പുതിയ ഇനം, ലോവിനെല്ല ജനുസ്സിൽ പെട്ട ഇന്ത്യയിലെ തന്നെ ആദ്യത്തെ കണ്ടെത്തലാണ്.

121 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓറിയൻ്റൽ മേഖലയിൽ ഈ ജനുസ്സിൽപ്പെട്ട ഒരിനത്തെ കണ്ടെത്തുന്നത് എന്ന ചരിത്രപരമായ പ്രത്യേകതയും ഇതിനുണ്ട്.

1902ൽ പാക്കിസ്ഥാനിലെ ക്വറ്റയിൽ നിന്നാണ് ഇതിനു മുൻപ് ഈ വിഭാഗത്തിൽപ്പെട്ട ഒരിനത്തെ ഓറിയൻ്റൽ മേഖലയിൽ നിന്നും രേഖപ്പെടുത്തിയിട്ടുള്ളത്.

ആഗോളതലത്തിൽ ഏറെ അപൂർവ്വമായ ഈ ജനുസ്സിൽ ഇതുവരെ 9 ഇനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ആഫ്രോട്രോപ്പിക്കൽ മേഖലയിൽ നിന്ന് ആറും, പാലിയാർക്റ്റിക് മേഖലയിൽ നിന്ന് രണ്ടും. പുതിയ കണ്ടെത്തലോടെ ലോകത്താകെയുള്ള ലോവിനെല്ല ഇനങ്ങളുടെ എണ്ണം പത്തായി ഉയർന്നു.

തെക്കുപടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി) കാലയളവിൽ കലശമലയിലെ പുൽമേടുകളിൽ നിന്നാണ് ഈ പുതിയ ഇനത്തെ ശേഖരിച്ചത്.

ജൈവവൈവിധ്യ സമ്പന്നമായ കേരളത്തിലെ ഇടനാടൻ ചെങ്കൽക്കുന്നുകളുടെയും പുൽമേടുകളുടെയും പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തൽ.

ഷഡ്പദങ്ങളെ ആഹാരമാക്കുന്നവയിൽ പ്രധാനികളായ തസ്കര ഈച്ചകൾ, പ്രാണികളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ജർമ്മൻ എൻ്റമോളജിസ്റ്റായ ഹെർമൻ ലോവിനോടുള്ള ആദരസൂചകമായാണ് ഈ ജനുസ്സിന് ലോവിനെല്ല എന്ന് പേര് നൽകിയിരിക്കുന്നത്.

കലശമല എന്ന സ്ഥലനാമത്തിൽ നിന്നുമാണ് കലശമലഎൻസിസ് എന്ന സ്പീഷിസ് നാമം സ്വീകരിച്ചത്.

ക്രൈസ്റ്റ് കോളെജിലെ ഗവേഷക വിദ്യാർഥിനി കാവ്യ ജി. പിള്ള, റിസർച്ച് ഗൈഡും ലാബ് മേധാവിയുമായ അസിസ്റ്റൻ്റ് പ്രൊഫ. ഡോ. സി. ബിജോയ്, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളെജ് അസിസ്റ്റൻ്റ് പ്രൊഫ. ഡോ. ജിജി പൗലോസ്, അമേരിക്കയിലെ നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ ക്രിസ് എം. കോഹൻ എന്നിവരടങ്ങിയ സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്.

യു.ജി.സി. സീനിയർ റിസർച്ച് ഫെല്ലോഷിപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ ഈ പഠനം പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സൂട്ടാക്സയിൽ പ്രസിദ്ധീകരിച്ചു.

സിപിഐ തെക്കൻ മേഖലാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സിപിഐ തെക്കൻ മേഖലാ ക്യാമ്പ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമാസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണിയും ഷീല ജോർജ്ജും ക്യാമ്പിനെ നിയന്ത്രിച്ചു.

മുതിർന്ന നേതാവ് സി.എൻ. ജയദേവൻ, കെ.ജി. ശിവാനന്ദൻ, ടി.ആർ. രമേഷ് കുമാർ, ടി.കെ. സുധീഷ്, വി.എസ്. പ്രിൻസ്, രാഗേഷ് കണിയാംപറമ്പിൽ, സി.സി. വിപിൻ ചന്ദ്രൻ, സി.യു. പ്രിയൻ എന്നിവർ പ്രസംഗിച്ചു.

മുതിർന്ന നേതാവ് കെ. ശ്രീകുമാർ പതാക ഉയർത്തി.

ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ.
ഉദയപ്രകാശ് സ്വാഗതവും മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ് നന്ദിയും പറഞ്ഞു.

ക്രൈസ്റ്റ് കോളെജ് കലാലയരത്ന അവാർഡ് അമല അന്ന അനിലിന്

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ എയ്ഡഡ്‌ കോളെജുകളിൽ നിന്നും സാമൂഹിക പ്രതിബദ്ധത, ക്രിയാത്മക നേതൃത്വഗുണം, അക്കാദമിക മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത വിദ്യാര്‍ഥിപ്രതിഭയ്ക്ക് നൽകുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ചുങ്കൻ്റെ പേരിലുള്ള കലാലയരത്‌ന പുരസ്‌കാരം ചങ്ങനാശ്ശേരി അസംപ്ഷൻ കോളെജിലെ അമല അന്ന അനിലിന്.

5001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.

ജനുവരി 20ന് ഉച്ചതിരിഞ്ഞ് 2.30ന് ക്രൈസ്റ്റ് കോളെജ് ഫാ. ജോസ് തെക്കൻ സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ മലയാള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എൽ. സുഷമ പുരസ്കാര സമർപ്പണം നടത്തും.

സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖമുദ്ര : ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : സേവനവും സമര്‍പ്പണവുമാണ് നേതാക്കളുടെ മുഖമുദ്രയെന്നും ജനങ്ങള്‍ തങ്ങളിലര്‍പ്പിച്ച ഉത്തരവാദിത്വം കാത്തുസൂക്ഷിക്കുവാന്‍ നേതൃത്വനിരയലുള്ളവര്‍ പ്രതിജ്ഞാബന്ധരാകണമെന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍.

സംസ്ഥാന സിഎല്‍സിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും നേതൃത്വ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ജനങ്ങളുമായുള്ള സൗഹൃദം നിലനിര്‍ത്തണം. മൂല്യങ്ങള്‍ കൈവിടാതെ അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുവാന്‍ പരിശ്രമിക്കുകയും വേണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

എറണാകുളം ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞടുക്കപ്പെട്ട മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, വേളൂക്കര പഞ്ചായത്തംഗമായി തെരഞ്ഞടുക്കപ്പെട്ട മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാറ്റോ കുര്യന്‍, മുരിയാട് പഞ്ചായത്തംഗമായി തെരഞ്ഞടുക്കപ്പെട്ട ഇരിങ്ങാലക്കുട രൂപത മുന്‍ പ്രസിഡന്റ് തോമസ് തത്തംപ്പിള്ളി, ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലറായി തെരഞ്ഞടുക്കപ്പെട്ട ഇരിങ്ങാലക്കുട രൂപത മുന്‍ പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

സംസ്ഥാന സിഎല്‍സി പ്രസിഡന്റ് സജു തോമസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സിഎല്‍സി പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി ആമുഖപ്രസംഗം നടത്തി.

ഇരിങ്ങാലക്കുട രൂപത സിഎല്‍സി പ്രമോട്ടര്‍ ഫാ. ജോഷി കല്ലേലി സന്ദേശം നല്‍കി.

സംസ്ഥാന സിഎല്‍സി സെക്രട്ടറി ഷോബി കെ. പോള്‍, സംസ്ഥാന സിഎല്‍സി വൈസ് പ്രസിഡന്റുമാരായ സിനോബി ജോയ്, ഡോണ ഏണസ്റ്റിന്‍, തൃശൂര്‍ അതിരൂപത പ്രസിഡന്റ് ജെറിന്‍ ജോസ് എന്നിവർ പ്രസംഗിച്ചു.

പൂരനഗരിയിൽ ഇനി പുഷ്പ വസന്തം ; തൃശൂർ ഫ്ലവർ ഷോയ്ക്ക് വർണാഭമായ തുടക്കം

​തൃശൂർ : നഗരത്തിന് കണ്ണിനും മനസ്സിനും കുളിർമയേകാൻ ഇനി പൂക്കളുടെ പൂരക്കാലം.

ഗ്രീൻ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശക്തൻ ഗ്രൗണ്ടിൽ ഒരുക്കിയ തൃശൂർ ഫ്ലവർ ഷോയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തിച്ച അപൂർവയിനം പൂച്ചെടികളുടെ വിപുലമായ ശേഖരമാണ് ഇത്തവണ പ്രദർശന നഗരിയിലെ പ്രധാന ആകർഷണം.

​പുതുമയാർന്ന ലാൻഡ്‌സ്കേപ്പിങ്ങും വൈവിധ്യമാർന്ന ചെടികളും കൊണ്ട് പൂക്കളുടെ മായാലോകമാണ് ശക്തൻ ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്നത്.

പ്രദർശനത്തിനൊപ്പം എല്ലാ ദിവസവും വൈകീട്ട് സാംസ്‌കാരിക കലാപരിപാടികളും അരങ്ങേറും.

ആർട്സ് കേരള കലോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ആതിഥ്യം വഹിച്ച ആർട്സ് കേരള കലോത്സവത്തിന് വർണ്ണാഭമായ സമാപനം.

സംഘനൃത്തവും നാടൻപാട്ടും തിരുവാതിരക്കളിയുമായിരുന്നു ഈ വർഷത്തെ മത്സരയിനങ്ങൾ.

സംഘനൃത്തത്തിൽ ആതിഥേയരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ഒന്നും രണ്ടും സ്ഥാനങ്ങളും ചാലക്കുടി സേക്രഡ് ഹാർട്ട് കോളെജ് മൂന്നാം സ്ഥാനവും നേടി.

മികച്ച ചമയത്തിനുള്ള രാമേട്ടൻ പുരസ്കാരം ക്രൈസ്റ്റ് കോളെജ് സ്വന്തമാക്കി.

ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ വിജയികൾക്ക് കെ.പി. ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 30,000 രൂപ ക്യാഷ് അവാർഡും നൽകി. രണ്ടാം സമ്മാനമായി 20,000 രൂപയും ലീല ജോൺ മെമ്മോറിയൽ ട്രോഫിയും മൂന്നാം സമ്മാനമായി 15000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. നാലും അഞ്ചും സ്ഥാനങ്ങൾ എത്തിയ ടീമുകൾക്ക് ക്യാഷ് അവാർഡും (10000, 5000 രൂപ) സർട്ടിഫിക്കറ്റുകളും നൽകി.

നാടൻപാട്ട് മത്സരത്തിൽ തൃശൂർ എസ്.ആർ.വി. കോളെജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് ഒന്നാം സ്ഥാനം നേടി. ക്രൈസ്റ്റ് കോളെജ്, തൃശൂർ സെൻ്റ് തോമസ് കോളെജ് എന്നീ കലാലയങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഒന്നാം സമ്മാനമായി കെ.എൽ. ആൻ്റോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 20,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. രണ്ടാം സമ്മാനമായി സെലിൻ ആൻ്റോ ട്രോഫിയും 15,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനത്ത് എത്തിയ ടീമിന് വിജു ആൻ്റോ ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു.

തിരുവാതിരക്കളിയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തിയത് ക്രൈസ്റ്റ് കോളെജിൻ്റെ ടീമുകളാണ്. മൂന്നാം സ്ഥാനം തൃശൂർ ഗവ. എൻജിനീയറിങ് കോളെജിന് ലഭിച്ചു.

വിജയികൾക്ക് ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പ് സ്പോൺസർ ചെയ്ത ട്രോഫികൾക്കൊപ്പം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപയും സമ്മാനമായി നൽകി.

സമാപന സമ്മേളനത്തിൽ കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

സമ്മാനദാനത്തോടെ ആർട്സ് കേരള കലാമേളക്ക് തിരശ്ശീല വീണു.

ആറാട്ടുപുഴ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജനുവരി 18 മുതൽ

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജനുവരി 18ന് ആരംഭിക്കും.

ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വൈകുന്നേരം 4 മണിക്ക് ഭാഗവത മാഹാത്മ്യ പാരായണത്തോടെയാണ് യജ്ഞത്തിന് തുടക്കം കുറിക്കുന്നത്.

പല്ലിശ്ശേരി ചിദാനന്ദാശ്രമം പി. നവീൻകുമാർ യജ്ഞാചാര്യനും സിദ്ധാർത്ഥൻ കായംകുളം യജ്ഞപൗരാണികനും ആലുവ പ്രസാദ് നമ്പൂതിരി യജ്ഞപുരോഹിതനുമാണ്.

എല്ലാ ദിവസവും രാവിലെ ഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന യജ്ഞം ജനുവരി 25ന് ശ്രീകൃഷ്ണാവതാര പാരായണത്തിനുശേഷം സഹസ്രനാമജപത്തോടെ സമാപിക്കും.

ശബരിമല സ്വർണ്ണക്കൊള്ളയ്ക്കെതിരെ സായാഹ്ന ധർണ്ണ നടത്തി ഹിന്ദു ഐക്യവേദി

ഇരിങ്ങാലക്കുട : ശബരിമല സ്വർണ്ണക്കൊള്ളക്കെതിരെയും കേസ് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റി ഇരിങ്ങാലക്കുട ആൽത്തറക്കൽ സായാഹ്ന ധർണ്ണ നടത്തി.

ആർഎസ്എസ് ഉത്തരമേഖല സഹ ഭൗതിക് പ്രമുഖ് സുനിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.

ശബരിമലയിൽ മാത്രമല്ല കേരളത്തിലെ എല്ലാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള കൊള്ളകൾ നടന്നിട്ടുണ്ടെന്നും കൂടൽമാണിക്യം ക്ഷേത്രത്തിലും ഇത്തരത്തിലുള്ള ക്രമക്കേടുകൾ നടന്നതായും സുനിൽ ആരോപിച്ചു.

ക്ഷേത്രം അവിശ്വാസികളിൽ നിന്നും സംരക്ഷിച്ച് വിശ്വാസികളെ ഏൽപ്പിക്കണമെന്ന് ധർണ്ണയിൽ ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

താലൂക്ക് പ്രസിഡൻ്റ് നന്ദൻ അധ്യക്ഷത വഹിച്ചു.

താലൂക്ക് വൈസ് പ്രസിഡന്റ് കെ.ആർ. രാജേഷ്, ഷാജു പറപ്പൂക്കര, ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

സതീഷ് കോമ്പാത്ത് സ്വാഗതവും ഗോപിനാഥ് നന്ദിയും പറഞ്ഞു.