നിര്യാതയായി

ശാരദാമ്മ

ഇരിങ്ങാലക്കുട : മുരിയാട് വേഴെക്കാട്ടുകര പരേതനായ പുളിയത്ത് രാമൻ നായർ ഭാര്യ ശാരദാമ്മ (91) നിര്യാതയായി.

സംസ്കാരം ഡിസംബർ 5 (ഞായറാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : പ്രേമലത, ശശിധരൻ, ശാന്തകുമാരി, ശൈലജ

മരുമക്കൾ : കമലാകരൻ, ജയശ്രീ, സേതുമാധവൻ, പരേതനായ പ്രദീപ് കുമാർ

ഏകദിന സൂചനാ പണിമുടക്ക് 22ന്

ഇരിങ്ങാലക്കുട : പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സർക്കാർ ജീവനക്കാർ ജനുവരി 22ന് നടത്തുന്ന ഏകദിന സൂചനാ പണിമുടക്കിന് മുന്നോടിയായി സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട എ ഐ ടി യു സി ഹാളിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം പി കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ കെ ജി ഒ എഫ് സംസ്ഥാന വനിത സെക്രട്ടറി ഡോ പി പ്രിയ ഉദ്ഘാടനം ചെയ്തു.

ജോയിൻ്റ് കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി എ എം നൗഷാദ്, എ കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് സി വി സ്വപ്ന, ജി പ്രസിത, എസ് ഭാനശാലിനി എന്നിവർ സംസാരിച്ചു.

എം കെ ഉണ്ണി സ്വാഗതവും, പി ബി മനോജ് നന്ദിയും പറഞ്ഞു.

കെ ജെ ക്ലീറ്റസ്, ഇ ജി റാണി, ഡോ എം ജി സജീഷ് എന്നിവർ നേതൃത്വം നൽകി.

മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിനു നവ വൈദികന്‍ ഫാ റിജോ എടുത്തിരുത്തിക്കാരന്‍ കൊടി ഉയര്‍ത്തി.

തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ ജോണി മേനാച്ചേരി, അസിസ്റ്റന്റ് വികാരി ഫാ ലിജോ മണിമലക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ന് രാവിലെ 6 മണിക്കുള്ള ദിവ്യബലിക്കു ശേഷം ആരംഭിച്ച വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിപ്പുകള്‍ രാത്രി 10.30ന് പള്ളിയില്‍ സമാപിക്കും.

നാളെ രാവിലെ 10.30നുള്ള തിരുനാള്‍ ദിവ്യബലിക്ക് ഫാ മെജിന്‍ കല്ലേലി മുഖ്യകാര്‍മികത്വം വഹിക്കും.

ഫാ ജോസ് കേളംപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും.

തിങ്കളാഴ്ച്ച വൈകീട്ട് 7ന് അമ്പ് ഫെസ്റ്റിവല്‍ ഉണ്ടായിരിക്കും.

കൈക്കാരന്മാരായ മിന്‍സന്‍ പാറമേല്‍, ടോമി എടത്തിരുത്തിക്കാരന്‍, അനൂപ് ബേബി അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

അഖില കേരള ഇൻ്റർ കോളെജിയേറ്റ് ചെസ്സ് ടൂർണമെൻ്റ് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മാത്തമാറ്റിക്സ് (അൺ എയ്ഡഡ്) വിഭാഗം ജനുവരി 7ന് സംഘടിപ്പിക്കുന്ന മാത്ത് ഫെസ്റ്റ് എപ്സിലൺ 3.0യുടെ ഭാഗമായി തൃശൂർ ചെസ്സ് അസോസിയേഷനും ക്രൈസ്റ്റ് കോളെജ് ചെസ്സ് ക്ലബ്ബുമായി സഹകരിച്ച് അഖില കേരള ഇൻ്റർ കോളെജിയേറ്റ് ചെസ്സ് ടൂർണമെൻ്റ് നടത്തും.

വിജയികൾക്ക് വ്യക്തിഗത തലത്തിലും കോളെജ് തലത്തിലും ക്യാഷ് പ്രൈസും ട്രോഫിയും നൽകും.

ഫെസ്റ്റിൻ്റെ ഭാഗമായി സ്കൂൾ- കോളെജ് തലങ്ങളിലായി പൈ സുഡോകു, ക്വിസ്, റൂബിക്സ് ക്യൂബ്, പി പി ടി പ്രസൻ്റേഷൻ, ക്രിപ്റ്റോസ് എന്നീ മത്സരങ്ങളും നടത്തും.

കൂടുതൽ വിവരങ്ങൾക്ക് 9446033507, 9074333208, 7907837871 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പഞ്ചായത്ത് അംഗത്തിനു മര്‍ദനം : ബിജെപി പ്രതിഷേധ നൈറ്റ് മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട : പഞ്ചായത്ത് അംഗത്തിന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് ബിജെപി വേളൂക്കര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ നൈറ്റ് മാര്‍ച്ച് നടത്തി.

അവിട്ടത്തൂര്‍ സെന്ററില്‍ നിന്നും അഗസ്ത്യപുരം വടക്കേ നടയിലേക്കായിരുന്നു മാര്‍ച്ച്.

പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അവിട്ടത്തൂരില്‍ വേളൂക്കര പഞ്ചായത്തംഗം തെക്കാട്ട് വീട്ടില്‍ സി ആര്‍ ശ്യാംരാജിന് മര്‍ദനമേറ്റത്.

ബിജെപി പ്രവര്‍ത്തകനാണ് ശ്യാംരാജ്. കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അജിഘോഷ്, ബിജെപി ജില്ലാ സെക്രട്ടറി ലോചനന്‍ അമ്പാട്ട്, ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി എസ് സുബീഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിതീഷ് മോഹന്‍, അജു കോച്ചേരി, വിപിന്‍ പാറമേക്കാട്ടില്‍, എ വി രാജേഷ് എന്നിവര്‍ നൈറ്റ് മര്‍ച്ചിന് നേതൃത്വം നല്‍കി.

കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളെജുകളിൽ ആദ്യ റോബോട്ടിക്ക് നേട്ടവുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ്

ഇരിങ്ങാലക്കുട : കാലത്തിനൊത്ത് കോളെജിനെയും അപ്ഡേറ്റ് ചെയ്യുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലെ ബി വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർഥികൾ.

ഐ – ഹബ് എന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെ 25 വിദ്യാർഥികൾ 5 ഗ്രൂപ്പുകളായി ചെയ്ത ഇൻ്റേൺഷിപ്പിലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിക് പ്രോജക്ട് കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളെജുകളിൽ ആദ്യത്തേതായി ഇനി ചരിത്രത്തിൽ ഇടം പിടിക്കും.

”ജോസഫൈൻ” എന്നു പേരിട്ട റോബോട്ടിൻ്റെ ലോഞ്ചിംഗ് കോളെജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

ശാസ്ത്ര സാങ്കേതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പുതുകാലത്ത് മനുഷ്യ മസ്തിഷ്കങ്ങളേക്കാൾ മുൻ നിരയിലാണ് മനുഷ്യനിർമിത മസ്തിഷ്കങ്ങൾ സർഗാത്മക പ്രവൃത്തിയിലടക്കം ഏർപ്പെടുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

കോളെജിൻ്റെ ചരിത്രത്തിലെ ശ്ലാഘനീയ നേട്ടമാണിതെന്നും വിദ്യാർഥികളിൽ നിന്നാണ് സമൂഹത്തിനു വേണ്ട നൂതനാശയങ്ങൾ രൂപപ്പെടേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

പൂർവ്വ വിദ്യാർഥിയും പ്രോജക്ട് അഡ്വൈസറും ചീഫ് കോർഡിനേറ്ററുമായ ഡോ ഇഷ ഫർഹ ഖുറൈഷി, സെൽഫ് ഫിനാൻസിംഗ് കോർഡിനേറ്റർ ഡോ സിസ്റ്റർ റോസ് ബാസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ ഐ-ഹാബ് റോബോട്ടിക്സ് പ്രോജക്ടിൻ്റെ സി ഒ ആദിൽ, ഗണിതശാസ്ത്ര വിഭാഗം അധ്യക്ഷ സിൻ്റ ജോയ്, വിദ്യാർഥി പ്രതിനിധി വരദ എന്നിവർ സംബന്ധിച്ചു.

പഠനത്തിലൂടെ ആർജിച്ച അറിവ് സമൂഹത്തിനും ഉപയോഗപ്രദമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് “ജോസഫൈൻ” എന്ന റോബോട്ടിനെ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

വ്യക്തികളുടെ മുഖം തിരിച്ചറിയൽ, ശബ്ദം തിരിച്ചറിയൽ, തത്സമയ വിവരങ്ങൾ ചോദിച്ചറിയുന്നതിനുള്ള ചാറ്റ്ബോട്ട് സംവിധാനം, ആളുകൾക്ക് സുഗമമായി കോളെജ് സേവനങ്ങൾ ലഭ്യമാക്കാൻ വികസിപ്പിച്ചെടുത്ത മാപ്പ് – നാവിഗേഷൻ സംവിധാനം, ലൈബ്രറിയിലെ പുസ്തകങ്ങൾ കണ്ടെത്താനും അവയിലെ ആശയങ്ങൾ പറഞ്ഞു തരാനും സഹായിക്കുന്ന തരത്തിൽ കാഴ്ചപരിമിതരായ കുട്ടികൾക്കും പ്രയോജനപ്രദമാകുന്ന റോബോട്ടിക്ക് ലൈബ്രറി എന്നിങ്ങനെ അത്യാധുനിക സവിശേഷതകൾ അടങ്ങിയിട്ടുള്ള റോബോട്ടിക്ക്‌ പ്രോജക്ടാണ് ജോസഫൈൻ.

വിദ്യാർഥികളുടെ നൂതനാശയങ്ങൾ പരിപോഷിപ്പിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയിലൂടെ സമൂഹത്തിൻ്റെ വികസനം എന്ന ലക്ഷ്യത്തെ ഉറപ്പുവരുത്തുകയാണ് ഈ പ്രോജക്ടിലൂടെ സെൻ്റ് ജോസഫ്സ് കോളെജ്.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങൾ എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകൾക്കൊപ്പം പ്രായോഗിക പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന നിലയിൽ ഗണിത മോഡലിംഗിൻ്റെയും എ ഐ- യുടെയും റോബോട്ടിക്സിൻ്റെയും ഇൻ്റർ ഡിസിപ്ലിനറി ആപ്ലിക്കേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

ഗണിതവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് സമന്വയിപ്പിച്ചിരിക്കുന്നു.

കോളെജിലെ ബി വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷൽ വിഭാഗം അധ്യാപിക അഞ്ജു പി ഡേവീസാണ് വിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകിയത്.

”ഡോക്ടേഴ്സ് അറ്റ് വില്ലേജ്” പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : 3-ാം നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തിൽ ”ഡോക്ടേഴ്സ് അറ്റ് വില്ലേജ്” പദ്ധതിക്ക് തുടക്കം കുറിച്ചു.

ഗ്രാമീണ കേന്ദ്രങ്ങളിൽ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്ന പദ്ധതിയാണിത്.

പുല്ലൂർ ചേർപ്പുംകുന്ന് ആരോഗ്യ കേന്ദ്രത്തിൽ ഡോ ജോൺസ് പോളിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സമിതി ചെയർമാനും വാർഡ് അംഗവുമായ കെ പി പ്രശാന്ത്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മണി സജയൻ, ഡോ അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ അജീഷ്, ജെ വി എച്ച് എം ഗിരിജ, ജെ എച്ച് വൺ മനീഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പദ്ധതി പ്രകാരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ പഞ്ചായത്തിന് സാധിക്കും.

വൃന്ദാവന വർണ്ണന നങ്ങ്യാർകൂത്ത് : അരങ്ങിൽ നിറഞ്ഞാടി ആതിര ഹരിഹരൻ

ഇരിങ്ങാലക്കുട : “വൃന്ദാവന വർണ്ണന” നങ്ങ്യാർകൂത്തിൽ ഗോപന്മാർ രാമ-കൃഷ്ണന്മാരെ അണിയിച്ചൊരുക്കുന്ന ഭാഗം പകർന്നാടി അരങ്ങിൽ നിറഞ്ഞാടി ആതിര ഹരിഹരൻ.

മാധവനാട്യഭൂമിയിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായാണ് “വൃന്ദാവന വർണ്ണന” അവതരിപ്പിച്ചത്.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം രാഹുൽ, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ ഉഷ നങ്ങ്യാർ, ഗുരുകുലം അക്ഷര, ഗുരുകുലം വിഷ്ണുപ്രിയ എന്നിവർ പശ്ചാത്തല മേളമൊരുക്കി.

ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബും അമ്മന്നൂർ ഗുരുകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപന പരമ്പരയുടെ ഏഴാം ദിനത്തിൽ രഘുവംശം, നളചരിതം എന്നീ കാവ്യങ്ങൾ വായിക്കുമ്പോൾ അനുവാചകനിൽ ഉണ്ടാകുന്ന വായനാനുഭവങ്ങളെ വ്യക്തമാക്കി ഡോ കെ വി ദിലീപ്കുമാർ പ്രഭാഷണം നടത്തി.

“സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – നാടകം” എന്ന വിഷയത്തിൽ കേരള സംഗീത നാടക അക്കാദമി ഭരണസമിതിയംഗം സജു ചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു.

ശക്തിനഗർ റെസിഡൻ്റ്സ് അസോസിയേഷൻ്റെ പുതുവത്സരാഘോഷം

ഇരിങ്ങാലക്കുട : ശക്തിനഗർ സൗഹൃദവേദി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികവും പുതുവത്സരാഘോഷവും നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

സൗഹൃദവേദി പ്രസിഡന്റ് പി ബി അസീന അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ജെയ്സൺ പാറേക്കാടൻ ആശംസകൾ നേർന്നു.

നൃത്താധ്യാപന രംഗത്ത് രജത ജൂബിലി ആഘോഷിച്ച പ്രീതി നീരജിനെയും 80 വയസ്സ് കഴിഞ്ഞ മുതിർന്നവരെയും യോഗത്തിൽ ആദരിച്ചു.

സെക്രട്ടറി മെഡാലിൻ റിജോ സ്വാഗതവും വൈസ് പ്രസിഡന്റ് ഒ ജെ സ്റ്റാൻലി നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധ കലാപരിപാടികൾ, പുരസ്കാര വിതരണം, സ്നേഹവിരുന്ന്, വർണ്ണമഴ എന്നിവ അരങ്ങേറി.

ഇരിങ്ങാലക്കുട നഗരസഭ വാർഷിക പദ്ധതി ഭേദഗതിക്ക് കൗൺസിൽ അംഗീകാരം

ഇരിങ്ങാലക്കുട : 2024- 25 വർഷത്തെ വാർഷിക പദ്ധതി റോഡ് മെയിൻ്റനൻസിന് ഫണ്ട് ഇനത്തിൽ വിതരണം ചെയ്ത തുകയ്ക്ക് അനുസൃതമായി പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനും വാർഷിക പദ്ധതി പരിഷ്കരിക്കുന്നതിനും അനുമതി നൽകി പുറപ്പെടുവിച്ച തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നുള്ള ഉത്തരവിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ കൗൺസിലിൽ സമർപ്പിച്ച വാർഷിക പദ്ധതി ഭേദഗതി സംബന്ധിച്ച അജണ്ട കൗൺസിൽ അംഗീകാരം നേടി.

ഒരു കോടി ഏഴ് ലക്ഷത്തി പതിനായിരം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. പദ്ധതി പണം 41 വാർഡുകളിലേക്കായി 2,61,220 രൂപ എന്ന നിലയിൽ തുല്യമായി നൽകുമെന്ന് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പറഞ്ഞു.

ടെൻഡർ ക്ഷണിച്ചിട്ടും കരാറുകാർ നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപം കൗൺസിലിൽ രൂക്ഷമായി. ഇതിനെ തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെയും പാർലമെൻ്ററി പാർട്ടി ലീഡർമാരെയും ഉൾപ്പെടുത്തി കരാറുകാരുടെ യോഗം ഉടൻ വിളിക്കുമെന്നും കരാറുകാർക്ക് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കാൻ കഴിയും വിധം ഒരു സംവിധാനം ഉടൻ നടപ്പിലാക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.

നഗരസഭ പരിധിയിലെ മുഴുവൻ റോഡുകളുടെയും അവസ്ഥ പരിതാപകരമാണെന്നും പല റോഡുകളിലൂടെയും നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.

പൊറത്തൂച്ചിറ റോഡ് കല്ലട വേലയ്ക്ക് മുമ്പായി നവീകരിക്കണമെന്നും റോഡിൽ കുടിവെള്ള പൈപ്പ് നിരന്തരമായി പൊട്ടുന്നതായി പരാതി ഉയരുന്നുണ്ടെന്നും കൗൺസിലർ സതി സുബ്രഹ്മണ്യൻ പറഞ്ഞു.

പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥയും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.

മാർച്ച് 31ന് മുമ്പായി റോഡുകൾ നവീകരിക്കുന്നതിന്റെ നടപടികൾ പൂർത്തിയാക്കാം എന്ന് ഉറപ്പുനൽകിയ ചെയർപേഴ്സൺ അടിയന്തിരമായി നവീകരണം ആവശ്യമുള്ള റോഡുകൾ കണ്ടെത്താൻ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.

നിരന്തരമായി സാമൂഹ്യവിരുദ്ധർ പല തോടുകളിലും തള്ളുന്ന മാലിന്യങ്ങൾ പൊറത്തൂച്ചിറയിലേക്ക് ഒഴുകിയെത്തി ചിറയെ മലിനപ്പെടുത്തുന്നത് തടയാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് പ്രതിപക്ഷ നേതാവ് അഡ്വ കെ ആർ വിജയ ചോദിച്ചു.

പൊറത്തൂച്ചിറയിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി, ചിറയിൽ എത്തിച്ചേരുന്ന മാലിന്യങ്ങളുടെ സ്രോതസ്സ് എന്ന് സംശയിക്കുന്ന പത്തോളം സ്ഥാപനങ്ങൾ കണ്ടെത്തിയതായും അതിനെ തുടർന്ന് 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തിന് 10000 രൂപ പിഴ ഈടാക്കുകയും ചെയ്തതായും ചെയർപേഴ്സൺ അറിയിച്ചു.

നിലവിൽ പൊലീസിൻ്റെ നൈറ്റ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.

യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.