കോന്തിപുലം നടുവിലാലിനു ചുറ്റും കെട്ടിപ്പൊക്കിയ കോൺക്രീറ്റ് ഭിത്തി പൊളിച്ചു നീക്കി

ഇരിങ്ങാലക്കുട : മാപ്രാണം നന്തിക്കര റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പണി തീർത്ത കോന്തിപുലം നടുവിലാലിന് ചുറ്റുമുള്ള നീളൻ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി.

റോഡിന് നടുവിലായി നിൽക്കുന്ന ആൽമരത്തിന് ഇരുവശങ്ങളിലൂടെയുമായാണ് കാലങ്ങളായി ഇതിലൂടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത്.

ഇതിനിടയിലാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി ആൽത്തറയ്ക്ക് ചുറ്റും നീളത്തിൽ കോൺക്രീറ്റ് ഭിത്തി കെട്ടിയത്.

ആൽമരത്തെ സംരക്ഷിക്കാനാണ് ഇപ്രകാരം ചെയ്തതെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും ഇത് വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുമെന്ന് നാട്ടുകാർക്കിടയിൽ ശക്തമായി പരാതി ഉയർന്നിരുന്നു.

മാത്രമല്ല, കോന്തിപുലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മാപ്രാണം പള്ളിയുടെ ഭാഗത്തേക്കുള്ള കുന്നുമ്മക്കര റോഡിലേക്ക് തിരിയുന്നതിനും റോഡിന് നടുവിലെ അശാസ്ത്രീയ നിർമ്മാണം തടസ്സമായി.

ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾക്ക് ആദ്യം മുൻപോട്ടു പോയി തിരികെ വീണ്ടും ബാക്ക് എടുത്താൽ മാത്രമേ ഈ വഴിയിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ എന്ന സ്ഥിതിയായിരുന്നു.

റോഡിലെ അശാസ്ത്രീയമായ നിർമ്മാണത്തിനൊപ്പം പ്രദേശത്തെ കാനകൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന വൈദ്യുതി പോസ്റ്റുകൾ കാനകളിൽ തന്നെ നിലനിർത്തി നിർമ്മാണം നടത്തിയതും പരിസരവാസികളിൽ പ്രതിഷേധമുയർത്തിയിരുന്നു.

15 കോടിയോളം രൂപ ചെലവഴിച്ചാണ് മാപ്രാണം – നന്തിക്കര റോഡിൻ്റെ നവീകരണം നടത്തുന്നത്.

റോഡിന് നടുവിലെ അശാസ്ത്രീയ നിർമ്മിതി പൊളിച്ച് പുനർനിർമ്മിക്കാനും കാനയിലെ വൈദ്യുതിപോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പിന്നീട് താലൂക്ക് വികസന സമിതിയിൽ കേരള കോൺഗ്രസ് പ്രതിനിധി സാം തോംസണും ഇക്കാര്യം ഉന്നയിച്ചിരുന്നു.

തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിനും ശേഷം അശാസ്ത്രീയ നിർമ്മാണം പൊളിച്ചു നീക്കുകയായിരുന്നു.

ബ്ലോക്ക് തല പഠനോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂളിൽ സംഘടിപ്പിച്ച ബ്ലോക്ക് തല പഠനോത്സവം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേശ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ വി.എം. സുശിതാംബരൻ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ സി.സി. ഷിബിൻ മുഖ്യാതിഥിയായി.

ചടങ്ങിൽ കുട്ടികളുടെ കയ്യെഴുത്ത് മാസികകളുടെ പ്രകാശനം നിർവഹിച്ചു. സംസ്കൃതം സ്കോളർഷിപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു.

ബി.പി.സി. കെ.ആർ. സത്യപാലൻ പദ്ധതി വിശദീകരണം നടത്തി.

ഹെഡ്മിസ്ട്രസ് പി.ജി. ബിന്ദു സ്വാഗതവും സ്കൂൾ ലീഡർ തെരേസ റോസ് നന്ദിയും പറഞ്ഞു.

കുട്ടികളുടെ പഠന മികവുകളുടെ അവതരണവും പ്രദർശനവും ഉണ്ടായിരുന്നു.

തുടർന്ന് പ്രദേശത്തെ കലാകാരന്മാരുടെ കൂട്ടായ്മയായ നീലിമ ഫോക്ക് ബാൻഡിൻ്റെ നാടൻ പാട്ട് അരങ്ങേറി.

പൊറത്തിശ്ശേരി കൃഷിഭവൻ കുംഭവിത്തുമേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കാര്‍ഷിക സേവനകേന്ദ്രത്തിന്റെ സഹകരണത്തോടെ കരുവന്നൂര്‍ പ്രിയദര്‍ശിനി ഹാള്‍ പരിസരത്ത് കുംഭവിത്തുമേള സംഘടിപ്പിച്ചു.

നഗരസഭ ചെയര്‍പേഴ്‌സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു.

നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സൺ അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സ തോമസ്, രാജി കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവയുടെ ഉള്‍പ്പടെ വിവിധ വിളകളുടെ വിത്തുകളും തൈകളും വാങ്ങാന്‍ അവസരം ഒരുക്കി.

കര്‍ഷകര്‍ ഉത്പാദിപ്പിച്ച വിളകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും ലഭ്യമാകുന്ന വേദിയുമായി കുംഭവിത്ത് മേള.

രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം സംഘടിപ്പിച്ച വനിതാദിനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

സോഷ്യല്‍ ആക്ഷന്‍ ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് നട്ടേക്കാടന്‍ ആമുഖപ്രഭാഷണം നടത്തി.

ബാങ്ക് ഓഫ് ഇന്ത്യ സീനിയര്‍ മാനേജര്‍ ശോഭ പി. ജോസഫ്, ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ഹെഡ് കെ.കെ. ശ്രീജ എന്നിവര്‍ ബാങ്കിംഗ് കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.

രൂപത വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍ മോട്ടിവേഷന്‍ ക്ലാസ് നയിച്ചു.

സൈന്‍സി തോമസ് ഫിനാന്‍ഷ്യല്‍ ലിറ്ററസിയെകുറിച്ച് വിശദീകരിച്ചു.

ആനന്ദപുരം സാന്‍ജോ സദന്‍ കൗണ്‍സിലര്‍ വിനയ വിശ്വംഭരന്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിജോണ്‍ ബ്രഹ്മകുളം എന്നിവർ പ്രസംഗിച്ചു.

ബാബു ചിങ്ങാരത്ത് സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതി അംഗം

ഇരിങ്ങാലക്കുട : സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതിയിലേക്ക് ബാബു ചിങ്ങാരത്തിനെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.

നിലവില്‍ കേരളത്തിലെ പ്രധാന പട്ടികജാതി വിഭാഗമായ വേട്ടുവ സമുദായത്തെ പ്രതിനിധീകരിക്കുന്ന ഐക്യ വേട്ടുവ മഹാസഭ (എവിഎംഎസ്) എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് ബാബു ചിങ്ങാരത്ത്.

മുരിയാട് പഞ്ചായത്തില്‍ സ്‌നേഹത്തണല്‍ സീനേജ് ക്ലബ് കലാമേള

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തില്‍ രൂപീകരിച്ച സ്‌നേഹത്തണല്‍ സീനേജ് ക്ലബ് കലാമേള നടത്തി.

കലാമേള പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം മണി സജയന്‍ അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥിയും പ്രശസ്ത ഭരതനാട്യം, കുച്ചിപ്പുടി നര്‍ത്തകനുമായ ആര്‍.എല്‍.വി. സുന്ദരന്‍ ശ്രീരാമകീര്‍ത്തനം നൃത്തം അവതരിപ്പിച്ചു.

കില ഫാക്കല്‍റ്റി അംഗവും റിസോഴ്‌സ് പേഴ്‌സണുമായ വി. ബാസുരാംഗന്‍, പങ്കജം ഗോപി, സുരേന്ദ്രന്‍ ചേലക്കുളത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഉഷ ഭാസ്‌കരന്‍, സീത ഷണ്മുഖന്‍, കോമളം, രാധാകൃഷ്ണന്‍ കൂട്ടുമാക്കല്‍, കെ.കെ. തങ്കപ്പന്‍, പൗളി ജോസ്, രാമകൃഷ്ണന്‍, തങ്കം ടീച്ചര്‍, സെലീന അന്തോണി എന്നിവര്‍ പാട്ടുപാടി കലാമേളക്ക് മികവേകി.

സെക്രട്ടറി എ.എന്‍. രാജന്‍ സ്വാഗതവും പ്രസിഡന്റ് സീത ഷണ്മുഖന്‍ നന്ദിയും പറഞ്ഞു.

സ്‌കൂള്‍ വാര്‍ഷികവും ഡോക്യുമെന്ററി പ്രകാശനവും

ഇരിങ്ങാലക്കുട : കിഴുത്താണി രാജര്‍ഷി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിന്റെ 121-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും മാതൃസംഗമവും കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം പി.വി. സുരേന്ദ്രലാല്‍ അധ്യക്ഷത വഹിച്ചു.

ഗായകന്‍ സജീവ് വെള്ളാനി മുഖ്യാതിഥിയായി.

കെ.എസ്. രമേഷ്, ബീന സുബ്രഹ്മണ്യന്‍, നിഷ പ്രവീണ്‍ എന്നിവര്‍ സമ്മാനദാനം നടത്തി.

മുന്‍ മാനേജര്‍ ഇ. അപ്പുമേനോന്റെ ശതാഭിഷേകത്തോടനുബന്ധിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം ഫാ. ഡോ. തറമ്മേല്‍ നിര്‍വഹിച്ചു.

“ജീവിതമാണ് ലഹരി – ലഹരിയല്ല ജീവിതം” : 8ന് വിദ്യാർത്ഥി യുവജന മഹിളാ സംഗമം

ഇരിങ്ങാലക്കുട : വർത്തമാന കേരളം നേരിടുന്ന മഹാവിപത്തിനെതിരെ മാർച്ച് 8-ാം തിയ്യതി ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിന് സമീപമുള്ള അയ്യൻകാളി സ്ക്വയറിൽ എ. ഐ. എസ്. എഫ് – എ. ഐ. വൈ. എഫ് – കേരള മഹിളാ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥി യുവജന മഹിളാ സംഗമം സംഘടിപ്പിക്കും.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ക്യാമ്പയിൻ്റെ കാര്യങ്ങൾ വിശദീകരിച്ചു.

മഹിളാ സംഘം മണ്ഡലം
പ്രസിഡന്റ് സുമതി തിലകൻ അദ്ധ്യക്ഷത വഹിച്ചു.

കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, എ. ഐ. വൈ. എഫ് ജില്ലാ പ്രസിഡന്റ് എ എസ് ബിനോയ്, മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ, സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ. സി. ബിജു, എ. ഐ. വൈ. എഫ് മണ്ഡലം സെക്രട്ടറി ടി. വി. വിബിൻ, എഐഡി ആർഎം സംസ്ഥാന ട്രഷറർ ബാബു ചിങ്ങാരത്ത്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധ ദിലീപ്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ എന്നിവർ സംസാരിച്ചു.

യുവ നൃത്ത പ്രതിഭകൾ നടനകൈരളിയിൽ

ഇരിങ്ങാലക്കുട : ഒഡിസ്സി നൃത്തരംഗത്തെ യുവതാരവും പ്രസിദ്ധ നർത്തകി ബിജായിനി സത്‌പതിയുടെ ശിഷ്യയുമായ പ്രിഥി നായക് നടനകൈരളിയുടെ 122-ാമത് നവരസ സാധന ശില്പശാലയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നവരസോത്സവത്തിൽ മാർച്ച് 9-ന് വൈകുന്നേരം 6 മണിക്ക് അരങ്ങിലെത്തും.

കുച്ചിപ്പുടി നർത്തകി രഞ്ജിനി നായർ, ഭരതനാട്യം നർത്തകിമാരായ കൃഷ്ണ. പി. ഉണ്ണി, പ്രതിഭാ കിനി, സുജാത രാമനാഥൻ, വിനിതാ രാധാകൃഷ്ണൻ എന്നിവരും, പൂർവിപാലൻ, തെജോയ് ഭട്ടാരു, ശാലിനി രഘുനാഥൻ, കൃഷ് ജെയിൻ എന്നിവരും തങ്ങളുടെ അഭിനയ പ്രകടനങ്ങൾ അവതരിപ്പിക്കും.

ഗുരു വേണുജി നേതൃത്വം നൽകുന്ന നവരസ സാധന ശില്പശാലയിൽ പങ്കെടുക്കുവാനാണ് ഇവർ നടന കൈരളിയിൽ എത്തിച്ചേർന്നിട്ടുള്ളത്.

നിര്യാതയായി

ലളിത

ഇരിങ്ങാലക്കുട : എടതിരിഞ്ഞി പൂവേലി ഗോവിന്ദൻ മാസ്റ്റർ ഭാര്യ ലളിത (85)നിര്യാതയായി.

കൊടുങ്ങല്ലൂർ കൊള്ളിക്കത്തറ കുടുംബാംഗമാണ്.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.

ഭർത്താവ് : പി. വി.ഗോവിന്ദന്‍ മാസ്റ്റര്‍ (മുന്‍ മാനേജർ, എച്ച് ഡി പി എസ്,എടതിരിഞ്ഞി, റിട്ട ഹെഡ് മാസ്റ്റർ, ടി ടി ഐ, പനങ്ങാട്)

മക്കള്‍ : പി. ജി.സജൻ (മുന്‍ പ്രധാനാധ്യാപകൻ, എച്ച് ഡി പി എസ്,എടതിരിഞ്ഞി), മായ, മഞ്ജു

മരുമക്കൾ : രാധിക സാജന്‍ (ഗവ. ഐടിഐ,ചാലക്കുടി), രഘു, ദേവന്‍