എസ്.എൻ. ക്ലബ്ബ് വനിതാ വിംഗ് വനിതാദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ. ക്ലബ്ബ് വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം മുൻ നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

എസ്.എൻ. ക്ലബ്ബ് വനിതാവിഭാഗം പ്രസിഡൻ്റ് ലീന ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ ജേതാവായ പി.വി. അനഘ മുഖ്യാതിഥിയായി.

ആഘോഷത്തോടനുബന്ധിച്ച് ആര്യവൈദ്യ ഫാർമസിയുടെയും ക്ലബ്ബ് കുടുംബാംഗമായ ഡോ. ഐശ്വര്യ ബിമലിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും “അർബുദവും ആയുർവേദ പരിരക്ഷയും” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ക്ലബ്ബ് കുടുംബത്തിലെ വനിതകളെ ചടങ്ങിൽ ആദരിച്ചു.

പ്രസിഡന്റ് ആർ.കെ. ജയരാജ് ആശംസകൾ നേർന്നു.

സെക്രട്ടറി സജു സലീഷ് സ്വാഗതവും അഞ്ജലി സൂരജ് നന്ദിയും പറഞ്ഞു.

തൃശൂർ – കൊടുങ്ങല്ലൂർ റോഡ് നിർമ്മാണം : നിയമനടപടിക്കൊരുങ്ങി പാസഞ്ചേഴ്സ് ഫോറം

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന ഹൈവേയിൽ കേരള ട്രാൻസ്പോർട്ട് പ്രൊജക്റ്റ് നടത്തുന്ന വർക്ക് പൂർത്തിയാകാത്തതിനാൽ നിയമ നടപടികൾക്കൊരുങ്ങി പാസഞ്ചേഴ്സ് ഫോറം.

2024 ഫെബ്രുവരിയിൽ കോൺക്രീറ്റ് പണി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന ഹൈവേയിൽ 6 കിലോമീറ്റർ മാത്രമാണ് ഡിപിആർ-ൽ പറഞ്ഞതുപോലെ ഇരുവശവും നടപ്പാത പണിത് ടൈൽസ് വിരിച്ച് പണി പൂർത്തിയാക്കിയത്.

ഇതു സംബന്ധിച്ച് രണ്ടു പൊതുപ്രവർത്തകർ നൽകിയ ഹർജിയിൽ കൊടുങ്ങല്ലൂർ മുൻസിഫ് കോടതി ഒരു കമ്മീഷനെ വെച്ചിരുന്നു. ആ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലും ഇതു തന്നെയാണ് പറയുന്നത്. എന്നാൽ റോഡിന്റെ ഇരുവശവും കൃത്യമായി കാനകൾ നിർമ്മിച്ചിട്ടുമില്ല.

മൊത്തം 35 കിലോമീറ്റർ നീളത്തിൽ റോഡ് വീതി കൂട്ടി കാനയും നടപ്പാതയും നിർമ്മിക്കണമെന്നാണ് കരാർ.

റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യാത്ത കാരണം ഇടയ്ക്കിടെ അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്.

റോഡിൽ നിന്ന് ഇലക്ട്രിക്ക് പോസ്റ്റുകളും വാട്ടർ അതോറിറ്റി പൈപ്പുകളും മാറ്റി റോഡ് വീതി കൂട്ടുന്ന പ്രവർത്തികളിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പാസഞ്ചേഴ്സ് ഫോറം കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാൻ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.

പ്രസിഡന്റ് പി.എ. സീതി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി പി.കെ. ജസീൽ, പ്രൊഫ. കെ. അജിത, കുഞ്ഞുമുഹമ്മദ് കണ്ണാകുളം, കെ.ടി. സുബ്രഹ്മണ്യൻ, എം.കെ. അഹമ്മദ് ഫസലുളള എന്നിവർ പ്രസംഗിച്ചു.

ഹൈക്കോടതിയിൽ നിയമ നടപടി സ്വീകരിക്കാൻ അഭിഭാഷകരായ ഷിജീഷ് ഇബ്രാഹിം, ഷാനവാസ്‌ കാട്ടകത്ത് എന്നിവരെ യോഗം ചുമതലപ്പെടുത്തി.

വനിതാ ദിനത്തിൽ വനിതാ സംഗമം നടത്തി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബാർ അസോസിയേഷനിൽ വനിതാ സംഗമം സംഘടിപ്പിച്ചു.

സബ് കമ്മിറ്റി കൺവീനർ അഡ്വ. സുമ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുതിർന്ന അഭിഭാഷകരായ സരസ്വതി രാമൻ, കമലം എന്നിവർ കേക്ക് മുറിച്ചു വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു.

അഡ്വ. ഇന്ദു നീധിഷ് വനിതാദിന സന്ദേശം നൽകി.

അഭിഭാഷകരായ ഗിരിജ ഉണ്ണികൃഷ്ണൻ, ജിഷ മുകുന്ദൻ, ആനന്ദ് അശോക്, ജീന, സിജി, ദീപ്തി, റിൻസ, രേഖ പ്രമോദ്, ദീപ്തി കിഷോർ, ഇന്ദു മുരളി എന്നിവർ നേതൃത്വം നൽകി.

നഗരസഭയിൽ വനിതാ ദിനാഘോഷം

ഇരിങ്ങാലക്കുട : നഗരസഭയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു.

ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഉദ്യോഗസ്ഥർ, മറ്റ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് വനിതാ അംഗങ്ങൾ അവതരിപ്പിച്ച നൃത്തം അരങ്ങേറി.

വനിത ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) ഇരിങ്ങാലക്കുട മേഖലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനാഘോഷം സംഘടിപ്പിച്ചു.

രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ആഘോഷ പരിപാടികൾ ഡി.സി.സി. ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗവും വനിത ഫോറം നിയോജക മണ്ഡലം പ്രസിഡൻ്റുമായ കെ. കമലം അധ്യക്ഷത വഹിച്ചു.

ജില്ല ജോയിന്റ് സെക്രട്ടറി ജയ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ, ജില്ല വൈസ് പ്രസിഡന്റ് ജോർജ് ഡി. മാളിയേക്കൽ, ഉദയൻ, എ.സി. സുരേഷ്, കെ.പി. മുരളീധരൻ, എ. വിജയലക്ഷ്മി, പി. സരള എന്നിവർ പ്രസംഗിച്ചു.

ജില്ലാ സമ്മേളനത്തിൽ ആർട്സ് & സ്പോർട്സിൽ വിജയിച്ച മുഫിദയെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് വനിതാ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

നിര്യാതനായി

ഉണ്ണികൃഷ്ണൻ

ഇരിങ്ങാലക്കുട : വാഴപ്പിള്ളി ഗോപുരത്തും വീട്ടിൽ വി.ജി.ഉണ്ണികൃഷ്ണൻ (83) നിര്യാതനായി.

സംസ്കാരം നാളെ(ഞായറാഴ്ച) രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.

ഭൗതീക ശരീരം രാവിലെ 9 മണിക്ക് വസതിയിൽ നിന്നും എടുക്കും.

ഭാരതീയ വിദ്യാഭവനിൽ അധ്യാപക ഒഴിവുകൾ

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, സ്പെഷ്യൽ എഡ്യൂക്കേറ്റർ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകൾ.

ഇംഗ്ലീഷ്, ഹിസ്റ്ററി ഒഴിവുകളിലേക്ക് എംഎ, ബിഎഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തികയിലേക്ക് ബിഎഡ്, സ്പെഷ്യൽ എഡ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ, അഥവാ പിജിഡിപി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ principalbhavansschool@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 7022380045 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

യുവാവിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

കൊടുങ്ങല്ലൂർ : യുവാവിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശില്പി ജംഗ്ഷന് അടുത്തുള്ള ഹോട്ടലിന്റെ മുൻവശത്ത് വെച്ച് എറിയാട് കാട്ടാക്കുളം സ്വദേശിയായ ചെമ്പോഴി പറമ്പിൽ വീട്ടിൽ പൃഥിരാജിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച എറിയാട് ചേരമാൻ സ്വദേശിയായ കല്ലുങ്ങൽ വീട്ടിൽ ഷിനാസ് (27), അഴീക്കോട് മുനക്കൽ ബീച്ച് സ്വദേശിയായ മുനക്കൽ വീട്ടിൽ മുച്ചു എന്ന് വിളിക്കുന്ന മുഹ്സിൻ (26) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ശില്പി ജംഗ്ഷന് അടുത്തുള്ള ബാർ ഹോട്ടലിൽ വെച്ച് പൃഥിരാജിന്റെ സുഹൃത്തായ മിഥുൻ എന്നയാളുമായി മദ്യപാനത്തെ തുടർന്നുണ്ടായ വാക്കു തർക്കത്തിന്റെ വൈരാഗ്യത്താലാണ് പൃഥിരാജിനെ ആക്രമിച്ചത്.

മുഹ്സിനെതിരെ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ 2019ൽ ഒരു വധശ്രമ കേസും 2020ൽ ഒരു അടിപിടി കേസുമുണ്ട്.

ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം 10ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാ നക്ഷത്രത്തിൽ നടത്തി വരുന്ന കളഭാഭിഷേകം മാർച്ച് 10 തിങ്കളാഴ്ച രാവിലെ 9 മണിക്ക്‌.

ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന്  കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്.

സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്. ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറക്കും. പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക്  പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. 
തുടർന്ന് ശാസ്താവിന്  കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.

നമസ്കാരമണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.

തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

ഇരിങ്ങാലക്കുടക്കാർക്ക് കുടിവെള്ളം കിട്ടുമോ ? : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിൽ പൈപ്പിടൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : പഴയ പൊറത്തിശ്ശേരി പഞ്ചായത്തിൽ ഉൾപ്പെട്ട മൂർക്കനാട്, കരുവന്നൂർ, മാടായിക്കോണം, തളിയക്കോണം, കുഴിക്കാട്ടുകോണം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ ബ്ലോക്ക് ജംഗ്ഷന്‍ മുതല്‍ മാപ്രാണം സെന്റര്‍ വരെയുള്ള ഭാഗത്ത് കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ പൈപ്പിടല്‍ ആരംഭിച്ചു.

കെ.എസ്.ടി.പി.യുടെ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പഴയ പൈപ്പുകൾ പൊട്ടിയതോടെയാണ് ഈ മേഖലകളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടത്.

പ്രവർത്തികൾ വേഗത്തിലാക്കി കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ പൈപ്പുകൾ സ്ഥലത്തെത്തിച്ച് റോഡരികില്‍ കുഴിയെടുക്കാന്‍ ആരംഭിച്ചെങ്കിലും 50 വര്‍ഷം മുമ്പ് വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച പഴയ പൈപ്പ് ലൈന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതു കണ്ടെത്തി അതിലേക്ക് പുതിയ ലൈന്‍ ബന്ധിപ്പിച്ചാല്‍ മാത്രമേ കുടിവെള്ളം വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഒന്നര മാസത്തിലേറെയായി പ്രദേശത്ത് കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെതിരെ ഒഴിഞ്ഞ കുടങ്ങളും ബക്കറ്റുകളുമായി ബി ജെ പി കൗൺസിലർമാർ നഗരസഭ കൗൺസിൽ യോഗത്തിലെത്തി പ്രതിഷേധിച്ചിരുന്നു. മറ്റു കൗൺസിലർമാരും ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധം അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇതിനായി നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെ.എസ്.ടി.പി. പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതും ഏറെ പ്രതിഷേധത്തിനിടയാക്കി.

അടുത്ത തിങ്കളാഴ്ചയോടെ പണികള്‍ പൂർത്തീകരിച്ച് കുടിവെള്ളം വിതരണം ചെയ്യുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ. എസ്. ടി. പി. ഉദ്യോഗസ്ഥർ അറിയിച്ചു.