ശിവരാത്രി നൃത്തോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ശിവരാത്രിയോടനുബന്ധിച്ച് കണ്ഠേശ്വരം ശിവക്ഷേത്രവും നാദോപാസന സംഗീതസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴു നാൾ നീണ്ടു നിൽക്കുന്ന നൃത്തോത്സവത്തിന് തുടക്കമായി.

മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

നാദോപാസന പ്രസിഡന്റ് സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

കലാമണ്ഡലം പ്രഷീജ ഗോപിനാഥ്, ആശ സുരേഷ്, മീര നങ്ങ്യാർ, സുചിത്ര വിനയൻ, രേഷ്മ മേനോൻ, ഭാനുശ്രീ വാര്യർ എന്നിവർ പ്രസംഗിച്ചു.

ഉത്സവത്തിന് മുന്നോടിയായി ഏഴു ദിവസങ്ങളിൽ ദേശീയതലത്തിൽ ശ്രദ്ധ നേടിയ കലാകാരികളായ ശ്രുതി തമ്പുരാട്ടി (തിരുവനന്തപുരം), ആതിര രാജു, ദിവ്യ വേണുഗോപാൽ (ചെന്നൈ), സൗപർണ്ണിക നമ്പ്യാർ, ആതിര ശങ്കർ, കല്യാണി മേനോൻ, മായ വിനയൻ (ചെന്നൈ), എന്നിവർ അവതരിപ്പിക്കുന്ന വിവിധ നൃത്താവിഷ്ക്കാരങ്ങൾ അരങ്ങേറും.

എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ പരിപാടികൾ ആരംഭിക്കും.

വിദ്യാർഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കി റോട്ടറി സെൻട്രൽ ക്ലബ്

ഇരിങ്ങാലക്കുട : റോട്ടറി സെൻട്രൽ ക്ലബ്ബ് മാപ്രാണം ഹോളിക്രോസ്സ്
ഹൈസ്കൂളിലെ മുഴുവൻ
വിദ്യാർഥികൾക്കും മെഡിക്കൽ ആക്‌സിഡന്റ് ഇൻഷുറൻസ് സുരക്ഷ പദ്ധതി നടപ്പിലാക്കി.

സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. ജി.എൻ. രമേഷും റോട്ടറി സെൻട്രൽ ക്ലബ്ബ് പ്രസിഡന്റ്‌ ബിജോയ്‌ വിശ്വനാഥും ചേർന്ന് സ്കൂൾ മാനേജർ ഫാ. ജോണി മേനാച്ചേരിക്കും പ്രധാന അധ്യാപിക സി.ജെ. മഞ്ജുവിനും ഇൻഷുറൻസ് രേഖകൾ കൈമാറി.

റോട്ടറി ഡയറക്ടർ കെ.ടി. ഹരികുമാറാണ് ഓരോ വിദ്യാർഥിക്കും ഒരു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്ന പദ്ധതി സ്പോൺസർ ചെയ്തത്.

ചടങ്ങിൽ അസിസ്റ്റന്റ് ഗവർണർ അനൂപ് ചന്ദ്രൻ, റൊട്ടേറിയൻ എം.എസ്. ദിലീപ്, ക്ലബ്‌ ഡയറക്ടർമാരായ ടി.പി. സെബാസ്റ്റ്യൻ, പി.ടി. ജോർജ്ജ്, എം.കെ. മോഹനൻ, ഡേവിസ് കരപ്പറമ്പിൽ, കെ.വി. ജോൺ, ജോഷി പോൾ കൂനൻ എന്നിവർ പ്രസംഗിച്ചു.

നിര്യാതയായി

കെ. ചന്ദ്രിക

ഇരിങ്ങാലക്കുട : ചെട്ടിപ്പറമ്പ് ആലപ്പുഴ വീട്ടിൽ (സുസ്മിത) സത്യദേവൻ മാസ്റ്റർ ഭാര്യ കെ. ചന്ദ്രിക (80) നിര്യാതയായി.

പുല്ലൂറ്റ് ഗവ. ഹൈസ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് ആണ്.

സംസ്കാരം തിങ്കളാഴ്ച (ഫെബ്രുവരി 9) രാവിലെ 10.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : സ്മിത പരേഷ് (ദുബായ്), സുജിത്ത് സത്യൻ (യുഎസ്എ)

മരുമക്കൾ : പരേഷ്, സിമി

ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിതവേഗവും ഗുണ്ടായിസവും : ചേലൂരിൽ പൗരസമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാനപാത നിർമ്മാണത്തിന്റെ ഭാഗമായി വെള്ളാങ്ങല്ലൂരിൽ നിന്നും ചേലൂർ വഴി വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിതവേഗത്തിനെതിരെയും റോഡിലെ ഗുണ്ടായിസത്തിനെതിരെയും പ്രതിഷേധവുമായി ചേലൂർ നിവാസികൾ.

ചേലൂർ നിവാസികളുടെ സുഗമവും സുരക്ഷിതവുമായ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാൻ ചേലൂർ നിവാസികൾ ചേർന്ന് രൂപീകരിച്ച ചേലൂർ പൗരസമിതിയുടെ ചെയർമാനായി സോമൻ വർഗ്ഗീസിനെയും കൺവീനറായി മുൻ കൗൺസിലർ കെ.എം. സന്തോഷിനെയും തിരഞ്ഞെടുത്തു.

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിതവേഗത്തിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് സമിതി അംഗങ്ങൾ അറിയിച്ചു.

ചേലൂർ സെൻ്ററിൽ വെച്ച് നാട്ടുകാരനായ ഷാജുവിനെ ബസ് കണ്ടക്ടർ ആക്രമിച്ചതിനെതിരെയും നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കും വിധമുള്ള ബസ്സുകളുടെ അമിതവേഗത്തിനെതിരെയും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും പൗരസമിതി ചെയർമാൻ സോമൻ വർഗ്ഗീസ് അറിയിച്ചു.

ബസ് കണ്ടക്ടർ ഷാജുവിനെ ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നിട്ടും ബസ് കണ്ടക്ടറെ ഉപദ്രവിച്ചു എന്ന പേരിൽ ഷാജു 10 ദിവസത്തിലേറെയായി റിമാൻഡിൽ കഴിയുന്നതിനെതിരെ ശക്തമായി പോരാടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചേലൂർ പൗരസമിതി കൺവീനർ കെ.എം. സന്തോഷ് പറഞ്ഞു.

പല ഡ്രൈവർമാരും കണ്ടക്ടർമാരും ലഹരിക്കടിമകളാണെന്നാണ് നാട്ടുകാരുടെ സംശയമെന്ന് ചേലൂർക്കാവ് റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ശശി വെട്ടത്ത് ചൂണ്ടിക്കാട്ടി.

കണ്ഠേശ്വരം ശിവക്ഷേത്രത്തിലെ പുനർനിർമ്മിച്ച സ്റ്റേജ് സമർപ്പിച്ചു

ഇരിങ്ങാലക്കുട : കണ്ഠേശ്വരം ശിവക്ഷേത്രത്തിലെ പുനർനിർമ്മിച്ച സ്റ്റേജ് സമർപ്പിച്ചു. ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രവിക്രമൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.

തുടർന്ന് സലീഷ് നനദുർഗ്ഗയുടെ സോപാന സംഗീതം, സംഗമഗ്രാമം കൈകൊട്ടിക്കളി സംഘത്തിൻ്റെ തിരുവാതിര, കണ്ഠേശ്വരം ഭജൻസിൻ്റെ ഭജന എന്നിവയും അരങ്ങേറി.

“മുക്തി” ലഹരിവിരുദ്ധ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ‘മധുരം ജീവിതവും’ ഫോർത്ത് വേവ് ഫൗണ്ടഷനും സംയുക്തമായി സംഘടിപ്പിക്കുന്ന “മുക്തി” ലഹരിവിരുദ്ധ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെക്കൽ ചടങ്ങ് നടന്നു. 

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ വെച്ച് നടന്ന ചടങ്ങിൽ ലഹരി വിമുക്ത ക്യാമ്പസ് ലക്ഷ്യമാക്കി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ സാന്നിധ്യത്തിൽ ക്രൈസ്റ്റ് കോളെജും ഫോർത്ത് വേവ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണാപത്രത്തിൽ പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഫോർത്ത് വേവ് ഫൗണ്ടേഷൻ ഡയറക്ടർ സി.സി. ജോസഫ് എന്നിവർ ഒപ്പുവെച്ചു.

ലഹരിമുക്തമായ ഒരു യുവതലമുറയെ കെട്ടിപ്പടുക്കുന്നതിനും വിദ്യാർഥികൾക്കിടയിൽ ബോധവത്ക്കരണ പരിപാടികൾ ഊർജ്ജിതമാക്കുന്നതിനുമാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്.

കേരളീയ സമൂഹത്തിൽ ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ശക്തമായ അവബോധം സൃഷ്ടിച്ച് മയക്കുമരുന്ന് ഉൾപ്പെടെയുളള ലഹരി വസ്തുക്കളുടെ ഉപഭോഗം ഇല്ലാതാക്കുന്നതിനും ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും സാമൂഹ്യനീതി വകുപ്പും കേരളത്തിലെ സ്കൂൾ, കോളെജുകൾ, വിദ്യാർഥികൾ, വിവിധ സംഘടനകൾ എല്ലാം കൈകോർത്തു കൊണ്ട് ബോധവൽക്കരണ ക്യാമ്പയിനുകൾ ഊർജ്ജിതമായി നടപ്പിലാക്കുന്നുണ്ട് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

വിവിധ ഘട്ടങ്ങളിലായി കോളെജിനകത്തും പുറത്തുമായി വിവിധ ബോധവൽക്കരണ പരിപാടികളും കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെയും കായികപരമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കുകയും അതിനാവിശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും നടപ്പിലാക്കുകയും അതുവഴി ജീവിതത്തിൽ ലഹരി കണ്ടെത്താൻ അവരെ സഹായിക്കുകയും ചെയ്യുന്ന അഞ്ചു വർഷക്കാലം നീണ്ടു നിൽക്കുന്ന പദ്ധതിയാണ് “മുക്തി”.

പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുഷ മാത്യു, ഡോ. സുബിൻ കെ. ജോസ്, ഡോ. ആൻസോ, സിമി റോസ്, അജിത്ത് മാണി, സ്റ്റിജി, അനൂജ്, ധിനിൽ സെൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രതിനിധികളും പങ്കെടുത്ത ഈ ചടങ്ങിൽ എൻ.എസ്.എസ്. വൊളന്റിയർമാരായ ഗൗരി മേനോൻ, പാർവതി എന്നിവർ പ്രസംഗിച്ചു.

ഓപ്പറേഷൻ കാപ്പ : വേട്ട തുടരുന്നു ; കുപ്രസിദ്ധ ഗുണ്ട ഹരീഷ് ജയിലിലേക്ക്

ഇരിങ്ങാലക്കുട : കാട്ടൂർ സ്റ്റേഷൻ റൗഡിയും നിരവധി കേസിലെ പ്രതിയുമായ കാട്ടൂക്കടവ് നന്തനത്ത് പറമ്പില്‍ വീട്ടില്‍ ഹരീഷ് (46) എന്നയാളെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലാക്കി.

നോർത്ത് പറവൂർ കെടാമംഗലത്തു നിന്നുമാണ് പ്രതിയെ റൂറൽ ജില്ലാ പൊലീസ് പിടികൂടിയത്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ഹരീഷിനെതിരെ കാട്ടൂർ, വലപ്പാട്, ചേർപ്പ്, വാടാനപ്പിള്ളി, മതിലകം, അന്തിക്കാട്, ഒല്ലൂർ, പാലാരിവട്ടം, ചേരാനെല്ലൂർ എന്നീ സ്റ്റേഷൻ പരിധികളിലായി ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുക, കവർച്ച, വധശ്രമം, അടിപിടി, അനധികൃതമായി സ്ഫോടക വസ്തു കൈവശം വയ്ക്കുക, മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിക്കുക എന്നിങ്ങനെയുള്ള 46 ക്രിമിനൽക്കേസുകളുണ്ട്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, കാട്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സി. ബൈജു, സബ്ബ് ഇൻസ്പെക്ടർ എസ്. സബീഷ്, എഎസ്ഐ ധനേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.വി. വിപിൻ, ക്രൈം സ്ക്വാഡ് എഎസ്ഐ ഇ.എസ്. ജീവൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് : നാമനിർദ്ദേശപത്രിക സമർപ്പിച്ച് എൻഡിഎ പാനൽ

ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനായുള്ള എൻഡിഎ പാനൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഫെബ്രുവരി 22നാണ് തെരഞ്ഞെടുപ്പ്.

ബിജെപി മണ്ഡലം സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ ടി.കെ. ഷാജു, കർഷകമോർച്ച ജില്ല വൈസ് പ്രസിഡൻ്റ് ചന്ദ്രൻ അമ്പാട്ട്, മഹിളാമോർച്ച ജില്ല ജനറൽ സെക്രട്ടറി സിന്ധു സതീഷ്, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ വിജയകുമാരി അനിലൻ, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുഷിതാംബരൻ, ബാബു കോലോത്ത്, രമിത് സുബ്രഹ്മണ്യൻ, കെ.സി. ബാബു, നന്ദനൻ, ഗോപാലൻ, സി.വി. നിധീഷ്, എം.എസ്. രഞ്ജിത്ത് എന്നിവരാണ് എൻഡിഎയുടെ മത്സരാർത്ഥികൾ.

ബിജെപി സൗത്ത് ജില്ല ജനറൽ സെക്രട്ടറിയും നിയോജക മണ്ഡലം ഇൻചാർജുമായ കൃപേഷ് ചെമ്മണ്ട, ജില്ല ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, ജില്ല വൈസ് പ്രസിഡൻ്റ് പി.എസ്. അനിൽകുമാർ, ജില്ല സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ, മണ്ഡലം പ്രഭാരി അഖിലാഷ് വിശ്വനാഥൻ, മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, ഒബിസി മോർച്ച ജില്ല ജനറൽ സെക്രട്ടറി ടി.ഡി. സത്യദേവ്, പൊറത്തിശ്ശേരി ഏരിയ പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ, ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ്, വൈസ് പ്രസിഡൻ്റ് സന്തോഷ് കോഞ്ചാത്ത് എന്നിവർ നേതൃത്വം നൽകി.

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് 5 വർഷങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പിനെ നേരിടുന്നു ; നാമനിർദ്ദേശപത്രിക സമർപ്പിച്ച് എൽഡിഎഫ്

ഇരിങ്ങാലക്കുട : 5 വർഷങ്ങൾക്ക് ശേഷം ഫെബ്രുവരി 22ന് നടക്കാനിരിക്കുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു. 13 സീറ്റുകളിലേക്കാണ് മത്സരം.

മാടായിക്കോണം, മാപ്രാണം സൗത്ത്, മാപ്രാണം നോർത്ത്, തളിയക്കോണം, പൊറത്തിശ്ശേരി, മൂർക്കനാട് എന്നീ ആറ് ഡിവിഷനുകളിലും, രണ്ട് വനിത സംവരണം, ഒരു പട്ടികജാതി സംവരണം, 40 വയസ്സിന് താഴെയുള്ള ഒരു വനിത, 40 വയസ്സിന് താഴെയുള്ള ജനറൽ, ഒരു നിക്ഷേപകൻ എന്നിങ്ങനെയാണ് 13 ഡയറക്ടർമാരെ തിരഞ്ഞെടുക്കേണ്ടത്.

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.എൽ. ജീവൻലാൽ, ടി.കെ. ജയാനന്ദൻ എന്നിവരോടൊപ്പം 13 പേരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും നിലവിൽ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറുമായ ആർ.എൽ. ശ്രീലാൽ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗവും തദ്ദേശസ്വയംഭരണ വകുപ്പ് റിട്ട. ജില്ലാ ജോ. ഡയറക്ടറുമായ പി.കെ. വത്സലൻ, സിപിഎം ലോക്കൽ കമ്മിറ്റി അംഗവും സ്വകാര്യ സ്ഥാപനത്തിൽ ദീർഘകാലമായി ചീഫ് അക്കൗണ്ടൻ്റുമായി പ്രവർത്തിക്കുന്ന വി.എസ്. സജി, സിപിഎം ബ്രാഞ്ച് സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി ബോർഡിൽ താൽക്കാലിക ജീവനക്കാരനുമായ എ.സി. സനീഷ്, സിപിഎം കാട്ടുങ്ങച്ചിറ ബ്രാഞ്ച് സെക്രട്ടറിയും ക്ഷീര കർഷകനുമായ എം.ആർ. അജിത്ത്, റിട്ട. പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ അശോകൻ കുനിയത്ത്, മുൻ നഗരസഭ കൗൺസിലർ സി.എം. സാനി, നിലവിലെ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.ഡി. ദാമോദരൻ നമ്പൂതിരി, കുടുംബശ്രീ പ്രവർത്തക ശ്രീമ രാജീവ്, മുൻ പഞ്ചായത്ത് അംഗവും സംരഭകനുമായ കെ.കെ. ബാലൻ, മനോജ് പുളിയത്ത് പറമ്പിൽ, ജില്ലാ കോടതിയിലെ അഭിഭാഷകയായ അഡ്വ. സുജില നിധീഷ്, പഞ്ചായത്ത് വകുപ്പിൽ നിന്ന് സീനിയർ ക്ലർക്കായി വിരമിച്ച പി.സി. രഘു എന്നിവരാണ് നാമനിർദ്ദേശം നൽകിയ എൽഡിഎഫ് സ്ഥാനാർഥികൾ.

13 സീറ്റിലും ഇടതുപക്ഷം ഉജ്ജ്വലമായ വിജയം നേടുമെന്നും സഹകരണമേഖലയിൽ ഏറ്റവും സുതാര്യവും പക്ഷപാതരഹിതവുമായ നിലയിൽ ഇടപെട്ടതിനെ ദുഷ്പ്രചരണങ്ങളിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചതിനെ ജനം തിരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കി കൊടുക്കുമെന്നും ആർ.എൽ. ജീവൻലാൽ പറഞ്ഞു.

വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം ; സ്റ്റേഷൻ റൗഡി അരുൺ പോളും കൂട്ടാളികളും പിടിയിൽ

ഇരിങ്ങാലക്കുട : പടിയൂർ വളവനങ്ങാടിയിൽ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം നടത്തിയ കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി പടിയൂർ വലൂപറമ്പിൽ വീട്ടിൽ അരുൺ പോൾ (29), കൂട്ടാളികളായ പൊറത്തിശ്ശേരി സ്വദേശി അമ്പലത്തറ വീട്ടിൽ ജയേഷ് (23), പടിയൂർ വളവനങ്ങാടി സ്വദേശി കൊച്ചുപറമ്പത്ത് വീട്ടിൽ അജീഷ് (29) എന്നിവരെ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.

നടപടിക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

വെള്ളിയാഴ്ച രാത്രി 9 മണിയോടെ പടിയൂർ വളവനങ്ങാടി സ്വദേശി തഷ്‌ണത്ത് വീട്ടിൽ സുജിത്തിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.

ആക്രമണത്തിൽ വീട്ടിലുണ്ടായിരുന്ന സുജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (21), സുഹൃത്തായ പടിയൂർ തവളക്കുളം പണിക്കപറമ്പിൽ വീട്ടിൽ നിഷാന്ത് (36) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.

സുജിത്തും ഭാര്യ ശ്രീക്കുട്ടിയും ഇവരുടെ മക്കളും സുജിത്തിന്റെ സുഹൃത്തുക്കളായ നിശാന്തും ഉണ്ണികൃഷ്ണനും വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്.

റോഡിൽ ബൈക്ക് നിർത്തിയ ശേഷം കൈയ്യിൽ കരുതിയിരുന്ന സ്ഫോടകവസ്തു വരാന്തയിലേക്ക് എറിയുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് വളവനങ്ങാടിയിലുള്ള മീൻ കെട്ടിൽ വളർത്തു മീനിനെ പിടിക്കാൻ അരുൺ പോൾ വലവെച്ചത് സുജിത്തിന്റെ സുഹൃത്ത് എടുത്തുമാറ്റാൻ പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താലാണ് ആക്രമണം നടത്തിയത്.

അരുൺ പോൾ കാട്ടൂർ സ്റ്റേഷൻ പരിധിയിൽ ഒരു പോക്സോ കേസ്സിലും, രണ്ട് വധശ്രമക്കേസിലും, സ്ത്രീക്ക് മാനഹാനി വരുത്തിയ കേസ്സിലും ഉൾപ്പെടെ എട്ട് ക്രമിനൽ കേസുകളിലെ പ്രതിയാണ്.

ജയേഷ് ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ ആയുധവുമായി വീടുകയറി ആക്രമണം നടത്തി സ്ത്രീക്ക് മാനഹാനി വരുത്തിയ കേസ്സിലും അശ്രദ്ധമായി വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസ്സിലും അടക്കം രണ്ട് ക്രമിനൽ കേസുകളിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജുവിന്റെ നേതൃത്വത്തിൽ കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു, എസ്ഐമാരായ സബീഷ്, ഫ്രാൻസിസ്, ജിഎഎസ്ഐമാരായ ധനേഷ്, മിനി, ജി എസ് സി പി ഒ മാരായ വിപിൻ, ശ്യാം, സിപിഒമാരായ കൃഷ്ണദാസ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.