ജോയ്
ഇരിങ്ങാലക്കുട : ഷണ്മുഖം കനാൽ ബേസ് കുരിശുമറ്റം വീട്ടിൽ ചാക്കോ മകൻ ജോയ് (67) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ : ശോഭന
മക്കൾ : ജിനോ, ജാസ്മി.
മരുമക്കൾ : സച്ചു, റിജി

ജോയ്
ഇരിങ്ങാലക്കുട : ഷണ്മുഖം കനാൽ ബേസ് കുരിശുമറ്റം വീട്ടിൽ ചാക്കോ മകൻ ജോയ് (67) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ : ശോഭന
മക്കൾ : ജിനോ, ജാസ്മി.
മരുമക്കൾ : സച്ചു, റിജി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ മൈക്രോബയോളജി വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂലായ് 28 (തിങ്കളാഴ്ച)രാവിലെ 10 മണിക്ക് നടക്കും.
പി എച്ച് ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9495576658

ചന്ദ്രൻ
ഇരിങ്ങാലക്കുട : തേലപിള്ളി ഇടക്കാട്ടിൽ ചന്ദ്രൻ (76) നിര്യാതനായി.
സംസ്ക്കാരം നാളെ (ജൂലൈ 24) വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
ഭാര്യ : ജാനകി
മക്കൾ : ഹരീഷ്, ശരത്ത്
മരുമകൾ : അഞ്ജലി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ജൂലൈ 27 ഞായറാഴ്ച്ച നടത്തും.
രാവിലെ 8 മണിക്ക് നമസ്കാര മണ്ഡപത്തിൽ വെച്ച് ഗണപതി പൂജയോടെയാണ് ഇല്ലം നിറയുടെ ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് ഇല്ലി, നെല്ലി, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവയുടെ ഇലകൾ മണ്ഡപത്തിൽ സമർപ്പിച്ച് ലക്ഷ്മിപൂജക്ക് തുടക്കം കുറിക്കും.
ലക്ഷ്മിപൂജയുടെ മദ്ധ്യേ അരിമാവ് കൊണ്ട് അണിഞ്ഞ് നാക്കിലയിൽ തയ്യാറാക്കി ഗോപുരത്തിൽ വച്ചിരിക്കുന്ന പൊൻകതിരുകൾ മേൽ ശാന്തി തീർത്ഥം തളിച്ച് ശുദ്ധി വരുത്തും. കുത്തുവിളക്കിന്റേയും മണിനാദത്തിന്റേയും ശംഖനാദത്തിന്റേയും ഭക്തജനങ്ങളുടേയും അകമ്പടിയോടെ മേൽശാന്തിമാർ കതിർക്കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്ര മതിൽക്കകത്ത് പ്രദക്ഷിണം വെച്ച് കതിരുകളെ ചുറ്റിനകത്തേക്ക് എഴുന്നെള്ളിക്കും.
ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം ചെയ്തു കതിർക്കറ്റകളെ നമസ്കാര മണ്ഡപത്തിൽ ഇറക്കി എഴുന്നെള്ളിക്കും. അവിടെ വെച്ച് ലക്ഷമിപൂജ പൂർത്തിയാക്കിയ ശേഷം പൂജിച്ച കതിരുകൾ ശ്രീകോവിലിൽ ശാസ്താവിന് സമർപ്പിക്കും.
ക്ഷേത്ര പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകും.
പ്രസാദമായി ലഭിക്കുന്ന കതിരുകൾ സ്വന്തം ഗൃഹങ്ങളിൽ നിലവിളക്കിന്റെ സാന്നിദ്ധ്യത്തിൽ സ്ഥാപിക്കുന്നത് ഐശ്വര്യ പ്രദമാണ് എന്നാണ് ഭക്തരുടെ വിശ്വാസം.
ക്ഷേത്രം മേൽശാന്തിമാരായ കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി, മൂർക്കനാട്മന മോഹനൻ നമ്പൂതിരി എന്നിവർ ഇല്ലംനിറക്ക് നേതൃത്വം നൽകും.

നിർമ്മാണത്തിൽ വൻ അഴിമതിയെന്ന് കോൺഗ്രസ്
ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ ആനന്ദപുരം ഗവ. യു.പി. സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിപ്രകാരം കേന്ദ്ര – സംസ്ഥാന വിഹിതം വകയിരുത്തി നിർമ്മിച്ച കിച്ചൻ കം സ്റ്റോർ നിർമാണത്തിലെ അപാകത മൂലം കെട്ടിടം ഏതു നിമിഷവും തകരാവുന്ന നിലയിൽ.
നിർമ്മാണത്തിൽ നടന്ന വൻ അഴിമതിയാണ് തകർച്ചക്ക് കാരണമെന്ന് കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
നിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞ നവംബറിൽ മന്ത്രി ഡോ. ആർ. ബിന്ദു കെട്ടിടം ഉദ്‌ഘാടനം ചെയ്തെങ്കിലും കെട്ടിടത്തിന്റെ അപകടാവസ്ഥയെ തുടർന്ന് ഇതുവരെയും തുറന്നു പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല.
പരാതിയെ തുടർന്ന് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ കെട്ടിടം തുറന്ന് നോക്കിയപ്പോൾ കെട്ടിടത്തിനുള്ളിൽ വിഷ പാമ്പ് ഉൾപ്പെടെ നിരവധി ഇഴജന്തുക്കളെയാണ് കണ്ടത്.
വിദ്യാർഥികൾക്ക് ഇപ്പോഴും ഉച്ചഭക്ഷണം നൽകുന്നത് പഴയ കെട്ടിടത്തിൽ തന്നെയാണ്.
മുരിയാട് പഞ്ചായത്തംഗം പി.ടി.എ. പ്രസിഡന്റായിട്ടുള്ള കമ്മിറ്റിയാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.
നിർമ്മാണ കാലഘട്ടത്തിൽ തന്നെ നിർമ്മാണത്തിലെ അപാകതകളെ കുറിച്ചും അപകടാവസ്ഥയെ കുറിച്ചും ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അതെല്ലാം അവഗണിക്കുകയായിരുന്നുവെന്ന് പഞ്ചായത്തംഗം നിത അർജ്ജുനൻ പറഞ്ഞു.
നിർമ്മാണം പൂർത്തീകരിച്ച് ഉദ്‌ഘാടനം ചെയ്യുന്നതിനായിരുന്നു തിടുക്കം.
കെട്ടിടത്തിന്റെ ഒരു ഭാഗം നിർമാണ ഘട്ടത്തിൽ തന്നെ ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു.
ആ ഭാഗങ്ങൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് താങ്ങി നിർത്തിയിരിക്കുകയാണ്. കെട്ടിടത്തിന്റെ ഉൾവശങ്ങളിലും ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് താങ്ങി നിർത്തിയിട്ടുണ്ട്.
നിർമ്മാണത്തിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ, പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിബിൻ വെള്ളയത്ത്, മണ്ഡലം സെക്രട്ടറിമാരായ സി.എസ്. അജീഷ്, ടി.ആർ. ദിനേഷ് എന്നിവർ ആവശ്യപ്പെട്ടു.
സ്കൂളിലെ കിച്ചൻ കം സ്റ്റോർ നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കാൻ ആവശ്യപ്പെട്ട് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് വിമലൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപിള്ളി, ഗംഗാദേവി സുനിൽ, ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, ജോമി ജോൺ, എം.എൻ. രമേശ്, എം. മുരളി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിൻ ജോൺ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, പഞ്ചായത്തംഗങ്ങളായ സേവ്യർ ആളൂക്കാരൻ, നിത അർജുനൻ, വി.കെ. മണി എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട : ഭൗതികമായി എത്ര നേട്ടം കൈവരിച്ചാലും ആരോഗ്യമുള്ള ജനതയാണ് ഒരു നാടിൻ്റെ സമ്പത്ത് എന്ന് മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു.
കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിൽ കത്തോലിക്ക കോൺഗ്രസ്സും അമല ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ അത് വരാതിരിക്കാനുള്ള മുൻകരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും അതിനായി ഇത്തരം മെഡിക്കൽ ക്യാമ്പുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ജോസഫ് തെക്കൂടൻ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ഡേവിസ് കല്ലിങ്ങൽ മുഖ്യപ്രഭാഷണം നടത്തി.
ആ ബാ ചാരിറ്റബിൾ സൊസൈറ്റി കൺവീനർ ജിജോ ജോസ് ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു.
കൈക്കാരൻ ലൂയീസ് തരകൻ ആശംസകൾ നേർന്നു.
വൈസ് പ്രസിഡൻ്റ് ഷാബു വിതയത്തിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ടോബി തെക്കൂടൻ നന്ദിയും പറഞ്ഞു.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, സർജറി, കാർഡിയോളജി, ഇ.എൻ.ടി., ഓർത്തോ, കിഡ്നി എന്നീ ഏഴ് ചികിത്സാ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരും അമല മെഡിക്കൽ ടീമും മെഗാ ക്യാമ്പിന് നേതൃത്വം നൽകി.
പാപ്പ് സ്മിയർ ടെസ്റ്റ്, ഓഡിയോമെട്രി, ഇ.സി.ജി., ബി.പി., ഷുഗർ തുടങ്ങിയ ടെസ്റ്റുകളും പ്രത്യേകമായി കിഡ്നി സ്ക്രീനിംഗ് ടെസ്റ്റും ഉണ്ടായിരുന്നു.
300 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ മുഴുവൻ പരിശോധനകളും തുടർന്നുള്ള മരുന്ന് വിതരണവും സൗജന്യമായിരുന്നു.
ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് അമലയിലെ തുടർചികിത്സകൾക്ക് 40 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇരിങ്ങാലക്കുട : കേരള സർക്കാർ നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതികൾ അട്ടിമറിക്കുകയും, കുടുംബശ്രീ സംവിധാനത്തെ വെല്ലുവിളിക്കുകയും, സ്ത്രീകൾക്കെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു.
പൂതംകുളം മൈതാനത്തുനിന്ന് ആരംഭിച്ച റാലി ഷീ ലോഡ്ജിനും, ടേക്ക് എ ബ്രേക്കിനും മുന്നിൽ റീത്തുവച്ച ശേഷം നഗരസഭ ആസ്ഥാനത്തിന് മുന്നിലെത്തി.
മഹിളാ റാലിക്ക് സി.എം. സാനി, ലേഖ ഷാജൻ, സതി സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.
വനിതാ റാലിക്ക് ശേഷം നഗരസഭ ആസ്ഥാനത്തിന് മുന്നിൽ നടന്ന ധർണ്ണ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും നഗരസഭാ പ്രതിപക്ഷ നേതാവുമായ അഡ്വ. കെ.ആർ. വിജയ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ വൈസ് പ്രസിഡൻ്റുമായ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് വത്സല ബാബു സമരത്തെ അഭിവാദ്യം ചെയ്തു.
നഗരസഭാ മുൻ കൗൺസിലറും അഖിലേന്ത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവുമായ മീനാക്ഷി ജോഷി സ്വാഗതവും നഗരസഭാ കൗൺസിലർ നസീമ കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : തൃശൂർ സൗത്ത് ജില്ലാ ഓഫീസായ നമോ ഭവനിൽ ബിജെപി ഹെൽപ് ഡെസ്ക് തൃശൂർ സൗത്ത് ജില്ലാ പ്രഭാരി എം.എ. വിനോദ് ആയുഷ് ഭാരത് ഇൻഷുറൻസ് കാർഡ് പ്രസന്ന എന്ന അമ്മയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.
രാവിലെ 10 മണിക്ക് നമോഭവനിൽ വച്ച് നടന്ന മഹനീയ ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് എ.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ഹെൽപ്പ് ഡെസ്കിനെ സമീപിക്കുന്നവർക്കായി നമോഭവൻ്റെ പുതിയ ഗേറ്റിലൂടെ സഹായങ്ങൾക്കായി കടന്നു വരാം.
ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണൻ, കെ.പി. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ഡെസ്ക് നമ്പർ:
8137019922, 9037959922

തൃശൂർ : കുറി നടത്തി തീർക്കാതെ മുങ്ങിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.
ചാവക്കാട് പാലയൂർ സ്വദേശി കറുപ്പം വീട്ടിൽ കെ വി ഷംസുദ്ദീൻ ഫയൽ ചെയ്ത ഹർജിയിലാണ് ഏങ്ങണ്ടിയൂർ പ്രവാസി സിൻഡിക്കേറ്റ് ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി ഇപ്രകാരം വിധിയായത്.
10,000 രൂപ തവണ സംഖ്യ വരുന്ന 60 തവണകളുള്ള കുറിയിൽ 57 തവണകൾ ഷംസുദ്ദീൻ വെച്ചിരുന്നു. തുടർന്ന് കുറി വെക്കുവാൻ ചെന്നപ്പോൾ സ്ഥാപനം അടച്ചിട്ട നിലയിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കുറി കഴിഞ്ഞാൽ സംഖ്യ നൽകാമെന്ന് അറിയിക്കുകയാണുണ്ടായത്.
എന്നാൽ കമ്പനി അപ്രകാരം സംഖ്യ നൽകാതിരുന്നതിനെ തുടർന്നാണ് ഷംസുദ്ദീൻ ഉപഭോക്തൃ കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ച്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി.
ഹർജി പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 5,70,000 രൂപയും, 2022 ഫെബ്രുവരി 9 മുതൽ 9% പലിശയും, നഷ്ടവും ചിലവുമായി 25,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു.
ഹർജിക്കാരനു വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.

തൃശൂർ : പണം കൈപ്പറ്റിയിട്ടും സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.
തൃശൂർ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ വീട്ടിൽ എൻ എ ലോനപ്പൻകുട്ടി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കൊരട്ടിയിലെ സൗര നാച്വറൽ എനർജി സൊലൂഷൻസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി ഇപ്രകാരം വിധിയായത്.
സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാമെന്നേറ്റ് 1,30,000 രൂപയാണ് ലോനപ്പൻകുട്ടിയിൽ നിന്ന് എതിർകക്ഷി കൈപ്പറ്റിയത്. 45 ദിവസത്തിനുള്ളിൽ പണി തീർക്കാമെന്നാണ് ഏറ്റിരുന്നത്. 2,55,000 രൂപയായിരുന്നു മൊത്തം ഇതിന് പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. നൽകിയ തുക കഴിഞ്ഞുള്ള ബാക്കി തുക പണി കഴിഞ്ഞ് നൽകിയാൽ മതിയെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ വാഗ്ദാന പ്രകാരം അവർ സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകിയില്ല.
തുടർന്നാണ് ലോനപ്പൻകുട്ടി തൃശൂർ ഉപഭോക്തൃ കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നത് തെറ്റും സേവനത്തിലെ വീഴ്ച്ചയുമാണെന്ന് കോടതി വിലയിരുത്തി.
തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരനിൽ നിന്ന് എതിർകക്ഷി ഈടാക്കിയ 1,30,000 രൂപയും, നഷ്ട പരിഹാരമായി 25,000 രൂപയും, ചിലവിലേക്ക് 5,000 രൂപയും, ഈ തുകകൾക്ക് 9% പലിശയും നൽകുവാൻ
കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു.
ഹർജിക്കാരനു വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.