ലഹരിക്കെതിരെ കുടുംബയോഗങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കും : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ലഹരിക്കെതിരെ കുടുംബയോഗങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ചിറ്റിലപ്പിള്ളി ചാരിറ്റബിൾ ഫാമിലി ട്രസ്റ്റിൻ്റെ 26-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലഹരിക്കെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് ജെക്‌സൻ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

കുടുംബത്തിലെ 103 വയസ്സായ കുഞ്ഞിലക്കുട്ടി അമ്മ, ബിസിനസ്സ് അച്ചീവ്‌മെൻ്റ് അവാർഡ് നേടിയ ടി.വി. ജോർജ്ജ്, പി.എച്ച്.ഡി. നേടിയ ജെസ്റ്റിൻ ജോസഫ്, ട്രസ്റ്റ് ചെയർമാൻ ടി.എൽ. ജോസഫ്, നവ വൈദികനായ അഖിൽ തണ്ട്യേക്കൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.

ഫാ. ജോസ് ചിറ്റിലപ്പിള്ളി, ഫാ. സിൻ്റോ ചിറ്റിലപ്പിള്ളി, ഫാ. സിൻ്റോ ആലപ്പാട്ട്, സിസ്റ്റർ ഗ്രീഷ്‌മ, സിസ്റ്റർ ആഗ്‌നസ്, ബ്രദർ ജിതിൻ, മഹാ കുടുംബയോഗം പ്രസിഡന്റ് സാന്റി ഡേവിഡ്, ടി.ജെ. പിയൂസ്, ടി.ജെ. അരുൺ, ജോബി മാത്യു, വിൽസൻ തണ്ട്യേക്കൽ, ടി.ഒ. പോളി എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ടി.പി. ആന്റോ (പ്രസിഡന്റ്), ജോബി മാത്യു (വൈസ് പ്രസിഡന്റ്), ടി.ജെ. പിയൂസ് (സെക്രട്ടറി), ടി.എ. ഷിബു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ : മേത്തല കണ്ടംകുളം കനാൽ പരിസരത്തു താമസിക്കുന്ന എറമംഗലത്തു വീട്ടിൽ നിസാറിന്റെയും ചെന്ത്രാപ്പിന്നി വീട്ടിൽ സിൻസിയുടെയും മകൻ നിസാമിനെ (30) കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

പൊലീസ് എത്തി മൃതദേഹം കൊടുങ്ങല്ലൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.

പോസ്റ്റ്മോർട്ടത്തിന് ശേഷം എടമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.

സഹോദരൻ : നസ്മൽ (ദുബായ്)

കൂടൽമാണിക്യം ഉത്സവത്തിന് സംഭാര വിതരണവുമായി യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് സംഭാര വിതരണം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എസ്. അബ്‌ദുൾ ഹക്ക് സംഭാര വിതരണം ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മുൻ നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, സെക്രട്ടറി എബിൻ ജോൺ, മുൻ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

പാചകപ്പുര നിര്‍മ്മാണോദ്ഘാടനം

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിലെ പുതിയ പാചകപ്പുരയുടെ നിര്‍മ്മാണ ഉദ്ഘാടനം വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.

എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുരയും ഭക്ഷണത്തിനായുള്ള ഹാളും ഒരുക്കുന്നത്.

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
നിഷ ഷാജി അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, വാര്‍ഡ് അംഗം കെ. കൃഷ്ണകുമാര്‍, പ്രധാന അധ്യാപിക പി.എസ്. ഷക്കീന, പിടിഎ പ്രസിഡന്റ് എ.വി. പ്രകാശ്, പി ടി എയുടെ മുൻ ഭാരവാഹികളായിരുന്ന മൈഷൂക്ക് കരൂപ്പടന്ന, എ.എം. ഷാജഹാന്‍, വി.ബി. ഷാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

നിര്യാതയായി

അമ്മിണി

ഇരിങ്ങാലക്കുട : ചെമ്മണ്ട തെക്കൂട്ട് പരേതനായ രാമകൃഷ്ണൻ ഭാര്യ അമ്മിണി (82) നിര്യാതയായി.

സംസ്കാരം ചൊവ്വാഴ്ച (മെയ് 13) 4 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : സുകുമാരൻ, പരേതയായ ഉഷ കുമാരി, ശശി, രാധ, മുരളി, ഗോപി,

മരുമക്കൾ : ഷൈനി, ദുർഗ്ഗാമിനി, സ്മിത, ലജിത

പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിക്ക് പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരം

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം നൽകുന്ന പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരത്തിന് പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി അർഹനായി.

മെയ് 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സമസ്ത കേരള വാര്യർ സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 24ന് ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം സമർപ്പിക്കും.

25001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

അന്താരാഷ്ട്ര നേഴ്സസ് ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ അന്താരാഷ്ട്ര നേഴ്സസ് ദിനം ആചരിച്ചു.

പ്രസിഡന്റ് എം.പി. ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു.

മെഡിക്കൽ സൂപ്രണ്ട് ഡോ. നദാനിയേൽ തോമസ് ആശംസകൾ അർപ്പിച്ചു.

നേഴ്സ് മാനേജർ മിനി ജോസഫ് സ്വാഗതവും ഡെപ്യൂട്ടി നേഴ്സ് മാനേജർ വി.ഒ. സിജി നന്ദിയും പറഞ്ഞു.

സെക്രട്ടറി കെ. വേണുഗോപാൽ, ജനറൽ മാനേജർ കെ. ജയറാം, അസിസ്റ്റന്റ് മാനേജർ ജി. മധു, ഡോക്ടർമാർ, സ്റ്റാഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് നേഴ്സുമാരും നേഴ്സിംഗ് വിദ്യാർഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

നിര്യാതനായി

ജാക്സൺ

ഇരിങ്ങാലക്കുട : മാർക്കറ്റ് വ്യൂ റോഡിൽ പരേതനായ ആലപ്പാട്ട് വാറുണ്ണി മകൻ ജാക്സൺ (49) നെതർലാൻഡിൽ നിര്യാതനായി.

സംസ്കാരം പിന്നീട്.

അമ്മ : സോഫി വാറുണ്ണി

ഭാര്യ : നീതു ജാക്സൺ

മക്കൾ : കെൻ, കെയ്റ

സഹോദരങ്ങൾ : ജെറാൾഡ്, ജെയ്സൺ, ജിമ്മി

അവധിക്കാല വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : വിസ്ഡം ക്ലബ്ബും ജില്ലാ വോളിബോൾ അസോസിയേഷനും സംയുക്തമായി ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം വിസ്ഡം വോളിബോൾ ക്വാർട്ടിൽ ഏപ്രിൽ 10 മുതൽ മെയ് 10 വരെ നടത്തിയ വേനലവധിക്കാല വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു.

സമാപന സമ്മേളനത്തിൽ പ്രസിഡന്റ് വേണു തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു.

പരിശീലകൻ വിശാൽ ഷാജി മുഖ്യപ്രഭാഷണം നടത്തി.

രക്ഷാധികളായ വിക്ടറി തൊഴുത്തും പറമ്പിൽ, പി. ഭരത്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

നാഷണൽ റഫറിമാരായ മധു, രവി, മണികണ്ഠൻ ലാൽ, കേരള പ്ലേയർ പി.എസ്. പ്രചോദ് എന്നിവർ സന്നിഹിതരായിരുന്നു.

ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

ജനറൽ കൺവീനർ ടി.വൈ. ഫാസിൽ സ്വാഗതവും കൺവീനർ ഫിൻ്റോ പോൾസൺ നന്ദിയും പറഞ്ഞു.

കൂടൽമാണിക്യത്തിൽ മാതൃക്കൽ ബലിദർശനം പരമപുണ്യം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി നടക്കുന്ന താന്ത്രിക ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു കരുതുന്ന ശ്രീഭൂതബലിയുടെ മാതൃക്കൽ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്.

രാവിലെ ശീവേലിക്കും വൈകീട്ട് വിളക്കെഴുന്നള്ളിപ്പിനും സംഗമേശൻ്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കുമ്പോഴാണ് മാതൃക്കൽ ബലിദർശനം എന്ന ഭക്തിനിർഭരമായ ചടങ്ങ് നടക്കുക.

ദേവൻ ആദ്യമായി ശ്രീകോവിലിൽ നിന്ന് പുറത്തിറങ്ങുന്ന കൊടിപ്പുറത്തു വിളക്കിനാണ് ആദ്യ മാതൃക്കൽബലി.

തുടർന്നുള്ള എട്ടു ദിവസവും രാവിലെ 7.45നും രാത്രി 8.15നും, പള്ളിവേട്ടയ്ക്കും ആറാട്ട് ദിവസവും രാവിലെയും മാതൃക്കൽബലി നടക്കും.

മാതൃക്കൽ ദർശനത്തിന് മുന്നോടിയായി ശ്രീഭൂതബലി നടത്തും. ഈ സമയത്ത് ചെണ്ട, തിമില, കൊമ്പ്, കുഴൽ എന്നിവ ചേർന്നുള്ള വാദ്യം ഒരു പ്രത്യേകത തന്നെയാണ്.

വാതിൽമാടത്തിൽ ദേവീസങ്കല്പത്തിൽ ബലിതൂകി പുറത്തേക്ക് എഴുന്നള്ളിക്കും.

ഒട്ടു മിക്ക ക്ഷേത്രങ്ങളിലും നിത്യ ശീവേലിക്ക് തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കുമെങ്കിലും കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവ കാലത്തു മാത്രമേ ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കാറുള്ളൂ.

(ഇതോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങൾ ഈ വർഷം എടുത്തതല്ല. മുമ്പ് എടുത്തിട്ടുള്ളതാണ്)