പ്രമേഹനിർണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ പി.എൽ. തോമസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, ഐ ഫൗണ്ടേഷൻ ഹോസ്പിറ്റൽ എന്നിവർ സംയുക്തമായി പ്രമേഹ നിർണയ, നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം.സി. പ്രദീപ്, ട്രഷറർ ജെയ്സൺ മൂഞ്ഞേലി, മോളി ജോൺസൺ, ഹോസ്പിറ്റൽ കോർഡിനേറ്റർ ശിവൻ നെന്മാറ എന്നിവർ പങ്കെടുത്തു.

ബസ്സിൽ നിന്നും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞു : 5000 രൂപ പിഴയടപ്പിച്ച് ആരോഗ്യ വിഭാഗം

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തിയിൽ ബസ്സിൽ നിന്നും മാലിന്യ കിറ്റ് പൊതുസ്ഥലത്ത് എറിഞ്ഞതിന് പിഴ ഈടാക്കി ആരോഗ്യ വിഭാഗം.

ബസ്സ് അധികാരികളിൽ നിന്ന് 5000 രൂപയാണ് പിഴയായി ഈടാക്കിയത്.

ബസ്സിന് പിന്നിലായി കാറിൽ വന്ന വ്യക്തി എടുത്ത വീഡിയോ 9446700800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ച് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

പിഴ തുകയുടെ 25 ശതമാനമായ 1250 രൂപ വീഡിയോ അയച്ച വ്യക്തിക്ക് പാരിതോഷികമായി നൽകി.

പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വീഡിയോ ലൊക്കേഷൻ സഹിതം 9446700800 എന്ന നമ്പറിൽ അയച്ച് നൽകണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കട്ടിലും കിടക്കയും നൽകി കാറളം പഞ്ചായത്ത് മെമ്പർ കെ.ബി. ഷമീർ

ഇരിങ്ങാലക്കുട : വാർഡിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് രോഗികൾക്ക് പ്രയോജനപ്പെടുന്ന കട്ടിലും കിടക്കയും കൈമാറി കാറളം പഞ്ചായത്ത് മെമ്പർ കെ.ബി. ഷമീർ.

തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടന ചിലവിലേക്കായി പ്രവാസി സംഭാവന നൽകിയ തുക ഉപയോഗിച്ചാണ് കാറളം പഞ്ചായത്ത് മെമ്പർ കെ.ബി. ഷമീർ തൻ്റെ വാർഡിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കട്ടിലും കിടക്കയും നൽകി മാതൃകയായത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ദീർഘകാലമായുള്ള ആവശ്യമാണ് നടപ്പായതെന്ന് മെഡിക്കൽ ഓഫീസർ തനൂജ പറഞ്ഞു.

ആശുപത്രി ജീവനക്കാരായ സുജിത, കീർത്തന, ആശ വർക്കർ സ്മിത, മൂന്നാം വാർഡ് മെമ്പർ പ്രീത ടീച്ചർ, കോൺഗ്രസ്സ് പ്രവർത്തകരായ കെ.സി. ആൻ്റണി, പ്രേമദാസൻ, വിൽസൺ കുരുതുകുളങ്ങര, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

പടിയൂർ പത്തനങ്ങാടിയിൽ കുറുനരി ആക്രമണം

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ പത്തനങ്ങാടിയിൽ കുറുനരിയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു.

4 വളർത്തുനായ്ക്കൾക്കും, പശുവിനും, 5 പോത്തുകൾക്കുമാണ് കടിയേറ്റത്.

ചൊവ്വാഴ്ച വൈകീട്ട് 3 മണിയോടെയാണ് കുറുനരിയുടെ ആക്രമണം ഉണ്ടായത്.

കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പ് നൽകി.

പടിയൂർ പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന കുറുനരി ആക്രമണം പരിഹരിക്കുന്നതിനായി നടപടി കൈക്കൊള്ളണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

പ്രമേഹനിര്‍ണയവും നേത്ര പരിശോധന ക്യാമ്പും 30ന്

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍ തോമന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ പ്രമേഹ നിര്‍ണയവും നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പും 30ന് സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

അഡ്വ.എം.എസ്. രാജേഷ് അധ്യക്ഷത വഹിക്കും. സെക്രട്ടറി എം.എസ് പ്രദീപ്, ട്രഷറര്‍ ജെയ്സന്‍ മുഞ്ഞേലി, ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9446540890,9539343242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ലഹരി വിമുക്ത കേരളം യാഥാർത്ഥ്യമാക്കാൻ വിദ്യാർഥികളെ സാമൂഹ്യമായി സജീവമാക്കണം : മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട : വിദ്യാർഥികളെ സാമൂഹ്യമായി സജീവമാക്കുക എന്നതാണ് യഥാർത്ഥത്തിൽ ലഹരി വിമുക്ത കേരളം കെട്ടിപ്പടുക്കുന്നതിന് ഏറ്റവും ഫലപ്രദമായ ആയുധം എന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ലഹരിവിമുക്ത ഇരിങ്ങാലക്കുട സാധ്യമാക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “മധുരം ജീവിതം” ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ, ചിത്രരചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ കലാകായിക താത്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അവരുടെ മികവുകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുക, കളിക്കളങ്ങളിലേക്കും സാമൂഹ്യ പ്രവർത്തനങ്ങളിലേക്കും അവരെ തിരിച്ചു കൊണ്ടുവരിക, സാമൂഹ്യമായി സജീവമാക്കുക എന്നിവ പ്രധാനമാണ്. വെർച്വൽ ലോകത്ത് മാത്രമുള്ള ജീവിതത്തിനപ്പുറം, മനുഷ്യജീവികളുമായി ഇടപഴകുന്ന സാമൂഹ്യജീവികളാക്കി വിദ്യാർഥികളെ മാറ്റാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരിക്കെതിരെ മാത്രമല്ല, സമൂഹത്തിൽ യുവജനങ്ങൾ കടന്നുപോകുന്ന എല്ലാവിധ വിപത്തുകൾക്കും എതിരായുള്ള ബോധവത്കരണ പരിശ്രമങ്ങൾ കൂടി കൂട്ടി യോജിപ്പിക്കാനാണ് ‘മധുരം ജീവിതം’ സ്പെഷ്യൽ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

പ്രാദേശിക തലം വരെ എത്താൻ കഴിയുന്ന വിവിധങ്ങളായ പരിപാടികളാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്.

ജീവിതം മധുരമാണ് എന്ന് മനസിലാക്കി കൊടുക്കാനും സർഗാത്മകമായ രീതിയിൽ ജീവിതത്തെ നോക്കിക്കാണാനും സഹായിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ നടത്തുന്നത്.

നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

മധുരം ജീവിതം ജനറൽ കൺവീനർ ഡോ. കേസരി ആമുഖപ്രഭാഷണം നടത്തി.

അഡീഷണൽ എസ്.പി. സിനോജ്, ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, സാഹിത്യ മത്സരം കൺവീനർ കെ.ആർ. സത്യപാലൻ തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ഗവ. ഹോമിയോ ആശുപത്രി കെട്ടിടത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നും 24 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ഇരിങ്ങാലക്കുട ഗവ. ഹോമിയോ ആശുപത്രിയുടെ കെട്ടിടത്തിന് മന്ത്രി ഡോ. ആർ. ബിന്ദു തറക്കല്ലിട്ടു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വാർഡ് കൗൺസിലർ സന്തോഷ് ബോബൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എം. ബിജു മോഹൻ സ്വാഗതവും ഹോമിയോ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റ് മിഥുൻ അശോക് നന്ദിയും പറഞ്ഞു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ 60 ലക്ഷം രൂപയുടെ പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടം : ശിലാസ്ഥാപനം 28ന്

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഒക്ടോബർ 28ന് രാവിലെ 11 മണിക്ക് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

മന്ത്രിയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടം നിർമ്മിക്കുന്നത്.

പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ 3 ഒ.പി. റൂം, റിസപ്ഷൻ ഏരിയ, വെയ്റ്റിംഗ് ഏരിയ, നേഴ്സിംഗ് സ്റ്റേഷൻ, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള ടോയ്ലറ്റുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

നിർമ്മാണോദ്ഘാടന ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിക്കും.

ഭാരതീയ വിദ്യാഭവനിൽ സൗജന്യ ഡെന്റൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതിയും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖലയുമായി സഹകരിച്ച് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ കെ.ജി. കുട്ടികൾക്ക് വേണ്ടി സൗജന്യ ഡെന്റൽ ക്യാമ്പ് നടത്തി.

ക്യാമ്പിൽ 200 ഓളം കുട്ടികൾ പങ്കെടുത്തു.

ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് മാർഗരറ്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഡെന്റൽ അസോസിയേഷൻ ഡോ. രഞ്ജു അടിയന്തിര പ്രാഥമിക ഡെന്റൽ ചികിത്സയെപ്പറ്റി ബോധവൽക്കരണ ക്ലാസ് നൽകി.

ക്യാമ്പ് കോർഡിനേറ്റർ രാജലക്ഷ്മി സുരേഷ് ബാബു സ്വാഗതവും, വിദ്യാഭ്യാസ സമിതി പ്രസിഡൻ്റ് ഷൈലജ ഗോപിനാഥ് നന്ദിയും പറഞ്ഞു.

ഡോ. ശാലിനി, ഡോ. നേശ്വ, മെഡിക്കൽ പ്രസിഡൻ്റ് മിനി സുരേഷ്, വിദ്യ സജിത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ബോധാനന്ദ സ്വാമി സമാധി ദിനാചരണം

ഇരിങ്ങാലക്കുട : ശ്രീനാരായണ ധർമ്മ പരിപാലനയോഗം മുകുന്ദപുരം യൂണിയൻ, കാറളം മേഖല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധാനന്ദ സ്വാമി സമാധി ദിനാചരണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും താണിശ്ശേരി മേപ്പിൾ ഹാളില്‍ നടന്നു.

മേഖല ചെയർമാൻ സൈലസ് കുമാർ അധ്യക്ഷത വഹിച്ചു.

യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം യോഗം ഉദ്ഘാടനം ചെയ്തു.

ബോധാനന്ദ സ്വാമിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി.

കാറളം മേഖലയിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അജിത്ത് ബാബു മേനാത്ത് മൊമെന്റോ നൽകി അനുമോദിച്ചു.

യോഗം കൗൺസിലർമാരായ പി.കെ. പ്രസന്നൻ, ഡയറക്ടർ ബോര്‍ഡ് മെമ്പർ കെ.കെ. ബിനു, വൈദികസംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ശിവദാസ് ശാന്തി, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡൻ്റ് ജിനേഷ് ചന്ദ്രൻ എന്നിവര്‍ പ്രസംഗിച്ചു.

കാറളം മേഖല കൺവീനർ ബിജോയ് നെല്ലിപ്പറമ്പിൽ സ്വാഗതവും, വൈസ് ചെയർമാൻ അനിൽ മംഗലത്ത് നന്ദിയും പറഞ്ഞു.