ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയ ഓള്‍ ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് മാവേലിക്കര ബിഷപ്പ് മൂര്‍ കോളെജിലെ ഭൗതികശാസ്ത്ര വിഭാഗം അധ്യക്ഷന്‍ ഡോ. ഡി. സാജന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എല്‍. സുഷമ സമ്മാനിച്ചു.
അധ്യാപകര്‍ വിവരങ്ങള്‍ നല്‍കുന്ന വെറും ഉപകരണങ്ങളാകരുത്, മറിച്ച് വിദ്യാര്‍ഥികളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നവരാകണമെന്ന് പുരസ്‌കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.
അധ്യാപനരംഗത്തെ മികവിനൊപ്പം ഗവേഷണമികവും ശാസ്ത്രമേഖലയിലെ പ്രസിദ്ധീകരണങ്ങളും കലാ- സാംസ്‌കാരിക- സാമൂഹിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഡോ. ഡി. സാജനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മുന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍, കവിയും നിരൂപകനുമായ പ്രൊഫ. കെ. സച്ചിദാനന്ദന്‍, കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, കേരള പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് ഡോ. എം. ഉസ്മാന്‍, ക്രൈസ്റ്റ് കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മികച്ച ഹരിത ക്യാമ്പസിനുള്ള ഗ്രീന്‍ നേച്ചര്‍ അവാര്‍ഡ് സ്‌കൂള്‍ തലത്തില്‍ ചാലക്കുടി കാര്‍മല്‍ സ്‌കൂളിനും കോളെജ് തലത്തില്‍ എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളെജിനും നല്‍കി.
മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, തൃശൂര്‍ ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാൾ ഫാ. ഡേവി കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.