”പര്യാപ്ത” : ബി ആർ സി തല സെമിനാർ നടത്തി

ഇരിങ്ങാലക്കുട : സമഗ്ര വിദ്യാഭ്യാസ പരിപോഷണ പരിപാടിയുടെ ഭാഗമായി അക്കാദമിക മുന്നേറ്റം ലക്ഷ്യം വെച്ച് സമഗ്ര ശിക്ഷ കേരള നടപ്പിലാക്കിയ “പര്യാപ്ത” ബി ആർ സി തല സെമിനാർ അവതരണം നടത്തി.

11 വിദ്യാലയങ്ങളിലെ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കേരള നടപ്പിലാക്കിയ പരിപാടികളുടെയും സ്കൂളുകളുടെ മികവുകളുടെയും അവതരണം നടന്നു.

എഇഒ ഡോ എം സി നിഷ പരിപാടി ഉദ്ഘാടനം ചെയ്തു.

ക്ലസ്റ്റർ കോർഡിനേറ്റർ സി ഡി ഡോളി ആമുഖപ്രഭാഷണം നടത്തി.

സി ആർ സി കോർഡിനേറ്റർമാർ സെമിനാർ അവതരണം നടത്തി.

11 വിദ്യാലയങ്ങളിൽ നിന്നും പ്രധാന അധ്യാപകരും, എസ് ആർ ജി കൺവീനർമാരും, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും പങ്കെടുത്തു.

ബിപിസി കെ ആർ സത്യപാലൻ സ്വാഗതവും കെ എസ് വിദ്യ നന്ദിയും പറഞ്ഞു.

കേരളത്തിൽ നിന്നും രണ്ട് അപൂർവ്വയിനം വലച്ചിറകന്മാരെ കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ട് അപൂർവ്വയിനം വലച്ചിറകന്മാരെ കണ്ടെത്തി.

“ഗ്ലീനോനോക്രൈസ സെയിലാനിക്ക” എന്ന ഹരിതവലച്ചിറകനെ കേരളത്തിലെ വയനാട് ജില്ലയിലെ മാനന്തവാടി, തിരുനെല്ലി എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന ഇനമായി കരുതിയിരുന്ന ഈ ഹരിതവലച്ചിറകനെ 111 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നിന്നുമാണ് കണ്ടെത്തിയത്.

“ഇൻഡോഫെയിൻസ് ബാർബാറ’ എന്നറിയപ്പെടുന്ന മറ്റൊരു അപൂർവ്വയിനം കുഴിയാന വലച്ചിറകനെ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട, മനക്കൊടി, പാലക്കാട് ജില്ലയിലെ ചിറ്റൂർ, പുതുനഗരം, കുലുക്കിലിയാട്, കോഴിക്കോട് ജില്ലയിലെ ദേവഗിരി, ചാലിയം, കണ്ണൂരിലെ കൂത്തുപറമ്പ്, മലപ്പുറത്തെ അരൂർ, തിരുവനന്തപുരത്തെ പൊന്മുടി എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത്.

സാധാരണ കണ്ടുവരുന്ന തുമ്പികളുമായി കുഴിയാന വലച്ചിറകനെ തെറ്റിദ്ധരിക്കാറുണ്ട്. മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്പർശനി ഉള്ളതാണ് സാധാരണ കാണപ്പെടുന്ന തുമ്പികളിൽ നിന്നും ഇവ വ്യത്യസ്തപ്പെടാനുള്ള പ്രധാന കാരണം.

ഈ ജീവികളുടെ സാന്നിധ്യവും, ഇതിൻ്റെ പൂർണ വിവരണവും അന്താരാഷ്ട്ര ശാസ്ത്ര മാസികകളായ ”ജേണൽ ഓഫ് എൻ്റമോളജിക്കൽ റിസർച്ച് സൊസൈറ്റി”, ”നാച്ചുറ സോമോഗിയൻസിസ്” എന്നിവയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വളരെ സുപ്രധാനപ്പെട്ട ഈ കണ്ടെത്തലിലൂടെ കേരളത്തിലെയും ശ്രീലങ്കയിലെയും ജൈവ വൈവിധ്യ സവിശേഷതകൾക്ക് സാമ്യത ഉണ്ടെന്ന് സൂചനകൾ ലഭിക്കുന്നുണ്ട്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബ് ഗവേഷകൻ ടി ബി സൂര്യനാരായണൻ, എസ് ഇ ആർ എൽ മേധാവി ഡോ സി ബിജോയ് എന്നിവരാണ് ഇവയെ കണ്ടെത്തിയത്.

കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്‌തിട്ടുള്ള പന്ത്രണ്ടാമത്തെ ഇനം ഹരിതവരച്ചിറകനും എട്ടാമത്തെ ഇനം കുഴിയാന വരച്ചിറകനും ആണ് ഈ ജീവികൾ.

കൗൺസിൽ ഫോർ സയൻ്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഗവേഷണ ഗ്രാൻ്റ് ഉപയോഗിച്ചാണ് പഠനം നടത്തിയത്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി ഗവേഷണ കേന്ദ്രം (എസ് ഇ ആർ എൽ) ഇത്തരം ജീവികളുടെ ഗവേഷണത്തിനായി പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

ഭിന്നശേഷി കുട്ടികൾക്ക് പഠന ഉല്ലാസ യാത്രയുമായി സമഗ്ര ശിക്ഷ കേരള ബി ആർ സി

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ബി ആർ സി ഇരിങ്ങാലക്കുട ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി പഠന ഉല്ലാസയാത്ര നടത്തി.

18 ഭിന്നശേഷി കുട്ടികൾ, രക്ഷിതാക്കൾ, സ്പെഷ്യൽ എഡ്യുക്കേറ്റർമാർ, ബി ആർ സി അംഗങ്ങൾ എന്നിവർ ചാവക്കാട് “ഫാം വില്ല”യിലേക്ക് നടത്തിയ ഉല്ലാസയാത്രയിൽ പങ്കെടുത്തു.

ബി ആർ സി ഇരിങ്ങാലക്കുടയിലെ ബി പി സി കെ ആർ സത്യപാലൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

വിനോദ യാത്രയുടെ ചിലവ് സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തിയത്.

നിര്യാതയായി

തങ്കമ്മ

ഇരിങ്ങാലക്കുട : സി പി ഐ (എം) കിഴുത്താണി ലോക്കൽ കമ്മറ്റി സെക്രട്ടറി ടി പ്രസാദിൻ്റെ മാതാവ് തത്തംപിള്ളി തങ്കമ്മ (86) നിര്യാതയായി.

ശവസംസ്കാരം ഡിസംബർ 8(ബുധനാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭർത്താവ് : പരേതനായ പരമേശ്വരൻ നായർ

മക്കൾ : പ്രസാദ്, പരേതനായ സേതുമാധവൻ

മരുമക്കൾ : ഉഷ, ബിന്ദു

“ദേവീമഹാത്മ്യം” നങ്ങ്യാർക്കൂത്തായി അരങ്ങത്തവതരിപ്പിച്ച് കപില വേണു

ഇരിങ്ങാലക്കുട : പ്രസിദ്ധമായ ദേവീമഹാത്മ്യത്തിലെ മഹിഷാസുരൻ്റെ ജനന കഥാഭാഗം പകർന്നാടിയ പ്രശസ്ത കൂടിയാട്ട കലാകാരി കപില വേണുവിൻ്റെ പ്രകടനം അവിസ്മരണീയമായി.

മാധവനാട്യഭൂമിയിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായാണ് കപില വേണു ദേവീമഹാത്മ്യത്തിലെ മഹിഷാസുരൻ്റെ ജനന കഥാഭാഗം ആട്ടപ്രകാരമെഴുതി സംവിധാനം ചെയ്ത് ചിട്ടപ്പെടുത്തി നങ്ങ്യാർക്കൂത്ത് അവതരിപ്പിച്ചത്.

ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരമ്പരയുടെ പതിനൊന്നാം ദിനത്തിലാണ് കപില വേണുവിൻ്റെ നങ്ങ്യാർക്കൂത്ത് അരങ്ങേറിയത്.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അതുല്യ എന്നിവർ പശ്ചാത്തല മേളമൊരുക്കി.

“നളകഥാഖ്യാനം യക്ഷഗാനത്തിൽ ” എന്ന വിഷയത്തെ അധികരിച്ച് ഡോ ബി പി അരവിന്ദ പ്രഭാഷണം നടത്തി.

”സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – സാഹിത്യം” എന്ന വിഷയത്തിൽ ഡോ എം വി അമ്പിളി പ്രബന്ധം അവതരിപ്പിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവം : ചെണ്ടമേളത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ ”എ” ഗ്രേഡ് നേടി നാഷണൽ സ്കൂൾ

ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ട മേളത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻ്ററി വിഭാഗത്തിലും ”എ” ഗ്രേഡ് നേടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥികൾ.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ പി ആർ ശ്രീകർ, ഋഷി സുരേഷ്, എം ബി അശ്വിൻ, ഇ യു വിഗ്നേഷ്, പി എസ് ഭരത് കൃഷ്ണ, വരുൺ സുധീർദാസ്, കെ ബി കൃഷ്ണ എന്നിവരും
ഹൈസ്കൂൾ വിഭാഗത്തിൽ സി എസ് യുദുകൃഷ്ണ,
അനീഷ് മേനോൻ, കെ എസ് അമിത്കൃഷ്ണ, കെ യു ശ്രീപാർവ്വതി, കെ ബി ആദിത്യൻ, അനസ് കണ്ണൻ, അശ്വിൻ സന്തോഷ് എന്നിവരുമാണ് ചെണ്ടമേളത്തിൽ പങ്കെടുത്തത്.

വെള്ളാങ്ങല്ലൂരിൽ “വലിച്ചെറിയൽ വിരുദ്ധവാരം” ആചരിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ”വലിച്ചെറിയൽ വിരുദ്ധവാരം” പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബാബു, വാർഡ് മെമ്പർമാരായ സുജന ബാബു, കൃഷണകുമാർ, സെക്രട്ടറി കെ ഋഷി, പഞ്ചായത്ത് ജീവനക്കാർ, ശുചിത്വ മിഷൻ, ഐ ആർ ടി സി കോർഡിനേറ്റർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കാറളം പഞ്ചായത്തിൽ ലാപ്ടോപ്പ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് വിതരണോദ്ഘാടനം നിർവഹിച്ചു.

3,79,500 രൂപയുടെ വികസന ഫണ്ട് ഉപയോഗിച്ച് 10 ഗുണഭോക്താക്കൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അമ്പിളി റെനിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജഗജി കായംപുറത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന സുബ്രഹ്മണ്യൻ, മെമ്പർമാർ എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി എൻ നിധിൻ നന്ദി പറഞ്ഞു.

പൂമംഗലം പഞ്ചായത്തില്‍ വാട്ടര്‍ എ ടി എം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പൂമംഗലം പഞ്ചായത്തിലെ നെറ്റിയാട് സെന്ററില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടി സ്ഥാപിച്ച വാട്ടര്‍ എടിഎം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.

പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അമ്മനത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന അനില്‍കുമാര്‍, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി എ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജിനി ശ്രീകുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ കെ എന്‍ ജയരാജ്, സന്ധ്യ വിജയന്‍, ലത വിജയന്‍, സുനില്‍കുമാര്‍ പട്ടിലപ്പുറം, പൂമംഗലം പഞ്ചായത്ത് സെക്രട്ടറി പി വി ഷാബു എന്നിവർ പ്രസംഗിച്ചു.

താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ മതബോധന വാര്‍ഷികം

ഇരിങ്ങാലക്കുട : താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർത്ഥാടന ദൈവാലയത്തിലെ മതബോധന വാര്‍ഷികവും ഇടവകയിലെ നവ വൈദികന്‍ ഫാ ബെല്‍ഫിന്‍ കോപ്പുള്ളിക്ക് സ്വീകരണവും നടത്തി.

കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളെജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ ആന്റോ ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.

ആര്‍ച്ച് പ്രീസ്റ്റ് ഫാ ആന്റണി മുക്കാട്ടുകരക്കാരന്‍ അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് വികാരി ഫാ സ്റ്റീഫന്‍ കൂള, കൈക്കാരന്‍ പോളി തണ്ട്യേക്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോജു എളംകുന്നപ്പുഴ, മദര്‍ സൂപ്പിരിയര്‍ സിസ്റ്റര്‍ വന്ദന, ഫാ റോയ് പാറയില്‍, പിടിഎ പ്രസിഡന്റ് റോയ് ചക്കാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.