വാഹനാപകടത്തിൽ പുത്തൻചിറ മങ്കിടി സ്വദേശിയായ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : വ്യാഴാഴ്ച രാത്രി 8.15ന് വെളയനാട് പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പുത്തൻചിറ മങ്കിടി സ്വദേശി മംഗലത്ത് വെളിയിൽ വീട്ടിൽ മോഹനൻ മകൻ മിൻ്റു മോഹൻ (30) മരിച്ചു.

സംസ്കാരം വെള്ളിയാഴ്ച (മെയ് 09) ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

അമ്മ : സുമ

സഹോദരങ്ങൾ : മീന, നീന

ഐക്കരകുന്നിൽ സാമൂഹ്യ വിരുദ്ധര്‍ ബൈക്ക് കത്തിച്ചു

ഇരിങ്ങാലക്കുട : ഐക്കരകുന്നിൽ സാമൂഹ്യവിരുദ്ധർ വീടിന് സമീപത്തിരുന്ന ബൈക്ക് റോഡിന് കുറകെ ഇട്ട് കത്തിച്ചതായി പരാതി.

ഐക്കരകുന്ന് സ്വദേശി മുണ്ടോക്കാരന്‍ വീട്ടില്‍ ആന്റണി ഫ്രാന്‍സീസിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രി കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.

ഹീറോ ഹോണ്ട പാഷന്‍ പ്രോ 2012 മോഡല്‍ വാഹനമാണ് കത്തി നശിച്ചത്.

കാട്ടൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ബൈക്ക് കത്തിച്ചതിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കൂടൽമാണിക്യം സന്നിധിയിൽ സംഗമേശന്റെ 12 അടി വലിപ്പമുള്ള ശില്പം സമർപ്പിച്ച് ദീപു കളരിക്കൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് തിരുവുത്സവത്തിന് മാറ്റുകൂട്ടി 12 അടി വലിപ്പമുള്ള തെർമോകോൾ കൊണ്ടു നിർമ്മിച്ച സംഗമേശന്റെ ശില്പം സമർപ്പിച്ചിരിക്കുകയാണ് ദീപു കളരിക്കൽ.

ഫെവിക്കോളും തെർമോക്കോളും ഉപയോഗിച്ചുണ്ടാക്കിയ ശില്പത്തിന്റെ നിർമ്മാണം രണ്ടാഴ്ചയോളം സമയമെടുത്താണ് ദീപു പൂർത്തീകരിച്ചത്.

കാലങ്ങളായുള്ള ദീപുവിന്റെ ആഗ്രഹമാണ് കൂടൽമാണിക്യ സ്വാമിക്ക് തന്നാലായത് എന്തെങ്കിലും സമർപ്പിക്കണമെന്നത്. ഭക്തിയോടെ തുടങ്ങിയ ആഗ്രഹം സംഗമേശ രൂപത്തിലേക്ക് പരിണമിച്ചപ്പോൾ അത് തിരുവുത്സവ നാളിലേക്ക് സംഗമേശനുള്ള സമ്മാനമായിത്തന്നെ സമർപ്പിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായി ക്ഷേത്രത്തിലെത്തിയ ഈ സമ്മാനം താൽക്കാലികമായി ക്ഷേത്രത്തിനകത്തെ സംഗമം വേദിക്കടുത്തായാണ് വെച്ചിട്ടുള്ളത്.

തിരുവുത്സവത്തിന്റെ ആവേശത്തിൽ ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിലേക്കെത്തി തുടങ്ങിയ ഭക്തർക്കെല്ലാം ഈ കാഴ്ച കൗതുകമുണർത്തി.

പുല്ലൂർ അങ്ങാടി കപ്പേളയിൽ തിരുനാളിന് കൊടിയേറി

പുല്ലൂർ : സെൻ്റ് സേവിയേഴ്സ് ഇടവകയുടെ പുല്ലൂർ അങ്ങാടി കപ്പേളയിൽ വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ വ്യാകുല മാതാവിൻ്റെയും സംയുക്ത തിരുനാളിന് കൊടിയേറി.

വികാരി ഫാ. ഡോ. ജോയ് വട്ടോലി കൊടിയേറ്റം നിർവ്വഹിച്ചു.

തിരുനാൾ ദിനമായ 10ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠ. 5.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ലിൻസ് മേലെപ്പുറം മുഖ്യകാർമ്മികത്വം വഹിക്കും.

ദിവ്യബലിക്കുശേഷം ആശീർവദിച്ച നേർച്ച പായസം വിതരണം ചെയ്യും.

ചാലക്കുടി പോട്ട ബാങ്ക് കവർച്ചാ കേസ് : അന്വേഷണ മികവിന് സംസ്ഥാന പൊലീസ് മേധാവിയുടെ അംഗീകാരം നേടി ബി. കൃഷ്ണകുമാർ ഐപിഎസും സംഘവും

ഇരിങ്ങാലക്കുട : ദ്രുതഗതിയിൽ ചാലക്കുടിയിലെ പോട്ട ബാങ്ക് കവർച്ചാ കേസിലെ പ്രതിയെ പിടികൂടി കുറ്റപത്രം സമർപ്പിച്ച അന്വേഷണ മികവിന് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിനും സംഘത്തിനും സംസ്ഥാന പൊലീസ് മേധാവിയുടെ കമൻ്റേഷനും മെറിറ്റോറിയസ് സർവീസ് എൻട്രിയും ലഭിച്ചു.

ഫെബ്രുവരി 14ന് ചാലക്കുടി പോട്ട ബ്രാഞ്ചിലെ ബാങ്കിലെ ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബന്ദികളാക്കി 15 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ, പ്രതിയായ ചാലക്കുടി ആശാരിപ്പാറ സ്വദേശി തെക്കൻ വീട്ടിൽ റിന്റോ എന്നറിയപ്പെടുന്ന റിജോ ആന്റണി(49)യെ സംഭവമുണ്ടായ മൂന്നാം ദിവസം ഫെബ്രുവരി 16ന് ആശാരിപ്പാറയിൽ ഉള്ള വീട്ടിൽ നിന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ഫെബ്രുവരി 17ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് 58 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസിൽ കുറ്റപത്രവും സമർപ്പിച്ചു.

കുറ്റമറ്റതും സമയബന്ധിതവുമായ അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയും കാലതാമസമില്ലാതെ കുറ്റപത്രം സമർപ്പിച്ചതിനുമാണ് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിന്റെ ശുപാർശയിൽ കേരള സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐപിഎസ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ”കമന്റേഷനും മെറിറ്റോറിയസ് സർവീസ് എൻട്രിയും” നൽകിയത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ്, ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, കൊടുങ്ങല്ലൂർ സബ്ഡിവിഷൻ ഡിവൈഎസ്പി വി.കെ. രാജു, പൊലീസ് ഇൻസ്പെക്ടർമാരായ എം.കെ. സജീവ്, അമൃത് രംഗൻ, പി.കെ. ദാസ്, വി. ബിജു എന്നിവർക്കാണ് കമൻ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത്.

സബ് ഇൻസ്പെക്ടർമാരായ എൻ. പ്രദീപ്, സി.എൻ. എബിൻ, കെ. സാലിം, പി.വി. പാട്രിക്, ജി.എസ്.ഐ.മാരായ വി.ജി. സ്റ്റീഫൻ, എം. സതീശൻ, റോയ് പൗലോസ്, എം. മൂസ, ബസന്ത്, റെജിമോൻ, ഹരിശങ്കർ, ജയകൃഷ്ണൻ, സി.ആർ. പ്രദീപ്, ടി.ആർ. ഷൈൻ, ജി.എ.എസ്.ഐ.മാരായ വി.യു. സിൽജോ, സൂരജ് വി. ദേവ്, ഐ.ആർ. ലിജു, സീനിയർ സി.പി.ഒ.മാരായ എ.യു. റെജി, ഷിജോ തോമസ്, ആൻസൺ, സുരേഷ്, എം.ജെ. ബിനു, കെ.വി. പ്രജിത്ത്, കെ.ജെ. ഷിൻ്റോ, പി.എക്സ്. സോണി, സി.കെ. ബിജു, ഇ.എസ്. ജീവൻ, നിഷാന്ത്, ശ്രീജിത്ത് എന്നിവർക്ക് മെറിറ്റോറിയസ് സർവീസ് എൻട്രിയും ലഭിച്ചു.

കൂടൽമാണിക്യം തിരുവുത്സവം : എം.ജി. റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ്റെ ദീപാലങ്കാരം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് എം.ജി. റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം അസോസിയേഷൻ പ്രസിഡന്റ്‌ ടി. വേണുഗോപാൽ നിർവഹിച്ചു.

കെ.എൻ. ഗിരീഷ്, പ്രഭ വേണുഗോപാൽ, കൃഷ്ണകുമാർ, മുരളി വാര്യർ എന്നിവർ പ്രസംഗിച്ചു.

ഭാരത സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി

ഇരിങ്ങാലക്കുട :
ഭാരതസൈന്യത്തിനും പ്രധാനമന്ത്രിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

തൃശൂർ സൗത്ത് ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ആശംസകൾ അർപ്പിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി വി.സി. രമേഷ്, ജില്ലാ സെക്രട്ടറി രിമ പ്രകാശ്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, ജോജൻ കൊല്ലാട്ടിൽ, രാമചന്ദ്രൻ കോവിൽപറമ്പിൽ, നേതാക്കളായ സന്തോഷ് ബോബൻ, രാജൻ കുഴുപ്പുള്ളി, കെ.എം. ബാബുരാജ്, പ്രിയ അനിൽ, സുഭാഷ്, റീജ സന്തോഷ്, സിന്ധു സോമൻ, വാണികുമാർ, സുചി നീരോലി, സൂരജ് നമ്പ്യങ്കാവ് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം : 12ന് കല്ലേറ്റുംകരയിൽ സിപിഎം ധർണ്ണ

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തുക, നിർത്തലാക്കിയ മുഴുവൻ സ്റ്റോപ്പുകളും പുന:സ്ഥാപിക്കുക, അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് ആധുനികവത്ക്കരിക്കുക, പുതിയ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, മേൽക്കൂരയോടുകൂടിയ പാർക്കിംഗ് സൗകര്യം സജ്ജീകരിക്കുക എന്നീ ആവശ്യങ്ങളുമായി സിപിഎം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 12 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കല്ലേറ്റുംകരയിൽ ജനപ്രതിനിധികളുടെ ധർണ്ണ സംഘടിപ്പിക്കും.

ധർണ്ണ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും : അഡ്വ. കെ.ആർ വിജയ

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ തുടരുമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഡ്വ.
കെ.ആർ വിജയ പറഞ്ഞു.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) ഏരിയ കമ്മിറ്റി വർഗീയതയ്ക്കും “സാമൂഹ്യജീർണ്ണതക്കുമെതിരെ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മെയ് 6,7,8,9 തീയ്യതികളിൽ നടക്കുന്ന ഏരിയ കാൽനട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് മുരിയാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് ചേർന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സംസ്ഥാന വൈസ് പ്രസിഡണ്ട്.

രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ അവരുടെ സവർണ്ണ ഹിന്ദുത്വ ആശയങ്ങൾ സ്ത്രീകളിലൂടെ പ്രാവർത്തികമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും. അന്ധവിശ്വാസവും അനാചാരവും വർഗീയതയും പ്രചരിപ്പിച്ച് സ്ത്രീകളെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോകാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണമെന്നും അഡ്വ. കെ.ആർ വിജയ പറഞ്ഞു.

ഏരിയ പ്രസിഡണ്ടും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി, സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ കെ. ജി മോഹനൻ മാസ്റ്റർ, പി.ആർ ബാലൻ, ജില്ലാ കമ്മിറ്റി അംഗം വത്സല ബാബു, ഏരിയ ട്രഷറർ ഷീജ ജോയ്, മുൻ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന രാജൻ എന്നിവർ സംസാരിച്ചു.

കാൽനട ജാഥയുടെ പതാക അഡ്വ. കെ. ആർ വിജയ ഏരിയ സെക്രട്ടറി സജിത ഷേബറിന് കൈമാറി.

നാലുദിവസം നീണ്ടുനിൽക്കുന്ന കാൽനട ജാഥയുടെ സമാപന സമ്മേളന പൊതുയോഗം ഒമ്പതാം തീയ്യതി വൈകിട്ട് 5.30ന് നഗരസഭ ടൗൺഹാളിനു സമീപമുള്ള അയ്യങ്കാളി സ്ക്വയറിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും – ഉന്നത വിദ്യാഭ്യാസ സാമൂഹ്യ – നീതി വകുപ്പ് മന്ത്രിയുമായഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷന്‍ വികസനം; ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ വികസനം ആവശ്യപ്പെട്ട് റെയില്‍വേ വികസനസമിതിയുടെയും പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ സമരം ശക്തമായതോടെ റെയില്‍വേയുടെ ഉന്നതതല ഉദ്യോഗസ്ഥസംഘം സ്റ്റേഷനിലെത്തി വിശദപരിശോധന നടത്തി.

ഡിആര്‍എം ഡോ. മനീഷ് താപ്യാല്‍, സിസിഐ അരുണ്‍, എന്‍ജിനീയര്‍ സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിലെത്തിയത്.

സ്റ്റേഷന്‍മാസ്റ്റര്‍ രാജേഷ്, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈജു ജോസഫ്, സെക്രട്ടറി പി.സി. സുഭാഷ് എന്നിവര്‍ സംഘത്തെ സ്വീകരിച്ചു.

റെയില്‍വേയ്ക്കും എംപിക്കും നല്‍കിയ നിവേദനത്തിന്റെ കോപ്പി അസോസിയേഷന്‍ ഭാരവാഹികള്‍ ഡിആര്‍എമ്മിന് കൈമാറി.

റെയില്‍വേ സ്റ്റേഷനെ അടുത്ത പ്രാവശ്യം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഡിആര്‍എം ഉറപ്പു നല്‍കിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങള്‍ ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ച് വിലയിരുത്തി.

കാടുപിടിച്ചു കിടക്കുന്ന ഭാഗം വാഹനങ്ങളുടെ പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്തണമെന്നും റെയില്‍വേ സ്റ്റേഷന് കവാടം വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കണം, രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനോടു ചേര്‍ന്ന് പണിതതുപോലെയുള്ള ആധുനിക പാര്‍ക്കിംഗ് സൗകര്യം ഒന്നാം പ്ലാറ്റ്‌ഫോമിലും ഒരുക്കണം, 50 വര്‍ഷം പഴക്കമുള്ള ശൗചാലയങ്ങള്‍ പുതുക്കി പണിയണം, കാത്തിരിപ്പുമുറി നവീകരിക്കണം, രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ ടീ സ്റ്റാള്‍ തുറക്കണം എന്നീ ആവശ്യങ്ങളും അസോസിയേഷന്‍ ഭാരവാഹികള്‍ ഡിആര്‍എമ്മിനെ ധരിപ്പിച്ചു.