സി എ ഫൈനൽ പരീക്ഷയിൽ വിജയിച്ച കാറളം സ്വദേശിനിക്ക് കോൺഗ്രസിന്റെ ആദരം

ഇരിങ്ങാലക്കുട : സി എ ഫൈനൽ പരീക്ഷയിൽ വിജയം നേടിയ കാറളം സ്വദേശിനി കാതറിൻ ബിന്നിയെ കാറളം ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി ഉപഹാരം നൽകി.

വാർഡ് കമ്മിറ്റി പ്രസിഡൻ്റ് രാധാകൃഷ്ണൻ കക്കേരി, മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്, മുൻ പഞ്ചായത്ത് മെമ്പർ കെ ബി ഷമീർ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് വി ഡി സൈമൺ, വി എ ലോനപ്പൻ, ബെനഡിക്ട് ബിന്നി എന്നിവർ പങ്കെടുത്തു.

ഡോ മൻമോഹൻസിംഗിങ്ങിൻ്റെ വിയോഗം : എടതിരിഞ്ഞിയിൽ സർവ്വകക്ഷി യോഗം

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ മൻ മോഹൻസിംഗിൻ്റെ നിര്യാണത്തിൽ എടതിരിഞ്ഞി പോസ്റ്റോഫീസ് സെൻ്ററിൽ സർവ്വകക്ഷി യോഗം ചേർന്നു.

പടിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ ഐ സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

സി എം ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.

ഡിസിസി സെക്രട്ടറി ശോഭ സുബിൻ മുഖ്യപ്രഭാഷണം നടത്തി.

പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ഒ എൻ അജിത് (സി പി എം), മുരളി മണക്കാട്ടുപടി (സി പി ഐ), വാണി കുമാർ കോപ്പുള്ളിപറമ്പിൽ (ബി ജെ പി), തുഷാര (കേരള കോൺഗ്രസ്), ഒ എൻ ഹരിദാസ്, കെ ആർ പ്രഭാകരൻ, സുനന്ദ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

നൗഷാദ്, നീലാംബരൻ, സിദ്ധാർത്ഥൻ ചാണാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

”സുവർണ്ണം” രണ്ടാം ദിനത്തിൽ ശ്രദ്ധേയമായി ”കലികൈതവാങ്കം” കൂടിയാട്ടം

ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന അമ്പതാം വാർഷികാഘോഷം ”സുവർണ്ണ”ത്തിന്റെ സമാപന ആഘോഷ പരമ്പരയിലെ രണ്ടാം ദിനത്തിൽ ആദ്യമായി അരങ്ങത്തവതരിപ്പിച്ച ”കലികൈതവാങ്കം കൂടിയാട്ടം” ശ്രദ്ധേയമായി.

കവി ഭട്ടനാരായണ സുദർശന പണ്ഡിതൻ്റെ കലിവിധൂനനം നാടകത്തിലെ മൂന്നാമങ്കമാണ് കലികൈതവാങ്കം.

ആട്ടപ്രകാര രചനയും, സംവിധാനവും, ആവിഷ്ക്കാരവും നടത്തിയ ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ കലിയായും അമ്മന്നൂർ മാധവ് ചാക്യാർ ദ്വാപരനായും വേഷമിട്ടു.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം വിജയ്,
ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവർ പശ്ചാത്തല മേളമൊരുക്കി.

കലാമണ്ഡലം സതീശൻ ചുട്ടി കുത്തി.

അരങ്ങുതളി, ശ്ലോകരചനയും താളവും ഡോ പി കെ എം ഭദ്ര ആയിരുന്നു.

അവതരണത്തിനു മുമ്പായി ഡോ പി കെ എം ഭദ്ര ആട്ടപ്രകാരത്തിലും,
കലാമണ്ഡലം നാരായണൻ നമ്പ്യാർ – അവതരണത്തിൻ്റെ നാൾവഴികളെയും ആഹാര്യത്തെയും, കലാമണ്ഡലം രാജീവ് മേളപ്രകാരത്തെക്കുറിച്ചും ആമുഖഭാഷണം നടത്തി.

രാവിലെ മുതൽ അരങ്ങേറിയ പ്രഭാഷണങ്ങളിൽ
“ഉണ്ണായിവാര്യരുടെ കൃതികളും വിശ്വസാഹിത്യ കൃതികളും” എന്ന വിഷയത്തിൽ ഡോ എം വി നാരായണനും, “ആധുനികകാലത്ത് സംസ്കൃത നാടകങ്ങൾ കൂടിയാട്ട രംഗാവിഷ്കാരത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോഴുള്ള പ്രത്യേകതകൾ” എന്ന വിഷയത്തിൽ മാർഗ്ഗി മധുവും, ”ബാഹുക ഹൃദയം – ആട്ടപ്രകാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സംസ്കൃതകാവ്യം” എന്ന വിഷയത്തിൽ ഡോ ഇ എൻ നാരായണനും, “സംസ്കൃതനാടകം കലിവിധൂനനം” എന്ന വിഷയത്തിൽ ഡോ കെ പി ശ്രീദേവിയും പ്രഭാഷണങ്ങൾ നടത്തി.

വില്വമംഗലം പാടശേഖരത്തിൽ ആറ്റക്കിളി ശല്യം രൂക്ഷം

ഇരിങ്ങാലക്കുട : നൂറ് ഏക്കറോളം വരുന്ന പുത്തൻചിറ വില്വമംഗലം പാടശേഖരത്തിൽ മുണ്ടകൻ കൃഷിക്ക് ഭീഷണിയായി ആറ്റക്കിളി ശല്യം വർദ്ധിക്കുന്നു.

നെൽക്കതിർ വളർന്ന് തുടങ്ങുമ്പോൾ അതിലെ പാലൂറ്റി കുടിക്കുന്നതിനാണ് ഇവ കൂട്ടമായി എത്തുന്നത്. ഇതു കാരണം നെൽകൃഷിക്ക് നാശം സംഭവിക്കുന്നു.

സമീപത്തുള്ള നടുതുരുത്ത് പാട ശേഖരത്തിലും ആറ്റക്കിളി ശല്യം ഉണ്ടായിരുന്നു. അവിടത്തെ കൊയ്ത്ത് കഴിഞ്ഞപ്പോഴാണ് ആറ്റക്കിളികൾ കൂട്ടത്തോടെ വില്വമംഗലം പാടശേഖരത്തിലേക്ക് എത്തിയത്.

നിലവിൽ കർഷകർ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ആറ്റക്കിളികളെ ഓടിക്കുന്നത്.

ഈ പാടശേഖരത്തിലെ നെൽകൃഷിക്ക് ആദ്യം കുമിൾ രോഗം വന്നിരുന്നു. അതിന് പ്രതിരോധ മരുന്ന് തളിച്ച് കഴിഞ്ഞപ്പോഴാണ് ആറ്റക്കിളി ശല്യം വരുന്നത്.

വൈകീട്ട് 3 മണിയോടെ ഇവ പാടശേഖരത്തിന് സമീപമുള്ള വൈദ്യുതി ലൈനിൽ വന്നിരിക്കും. പിന്നെ കൂട്ടത്തോടെ പാടശേഖരത്തിലേക്ക് ഇറങ്ങി വളരുന്ന നെൽക്കതിരുകളുടെ പാലൂറ്റി കുടിക്കുകയാണ് പതിവെന്ന് കർഷകർ പറയുന്നു.

വില്വമംഗലം പാടശേഖരത്തിലെ ആറ്റക്കിളി ശല്യത്തിന് പരിഹാരം കാണണമെന്ന് വില്വമംഗലം പാടശേഖര സമിതി ഭാരവാഹികൾ കൃഷി വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.

ചേലൂർ യൂത്തിന്റെ അങ്ങാടി അമ്പ്

ഇരിങ്ങാലക്കുട : ചേലൂർ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോൽഭവ മാതാവിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ ഭാഗമായി ഇടവക യുവജനങ്ങൾ അങ്ങാടി അമ്പ് നടത്തി.

രാവിലത്തെ കുർബാനയ്ക്കു ശേഷം അമ്പു വള എഴുന്നള്ളിപ്പ് പ്രദക്ഷിണത്തോടെ പള്ളിയിൽ നിന്നും ആരംഭിച്ച് എടതിരിഞ്ഞി ജംഗ്ഷനിൽ പ്രത്യേകം അലങ്കരിച്ച പന്തലിൽ പ്രതിഷ്ഠിച്ചു.

വൈകീട്ട് 6.30ന് പ്രൗഢഗംഭീരമായ വാദ്യ മേളങ്ങളോടും, കലാരൂപങ്ങളോടും കൂടെ എടതിരിഞ്ഞി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം രാത്രി 11 മണിക്ക് പള്ളിയിൽ സമാപിക്കും.

കാട്ടുങ്ങച്ചിറയിൽ ഇലക്ട്രിക് പോസ്റ്റിൽ കാറിടിച്ച് അമ്മക്കും മകനും പരിക്ക്

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയിൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന അമ്മക്കും മകനും പരിക്കേറ്റു.

ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ കാട്ടുങ്ങച്ചിറ എസ് എന്‍ നഗറിനു സമീപമായിരുന്നു അപകടം.

അപകടത്തില്‍ പരിക്കേറ്റ ചേലൂര്‍ സ്വദേശികളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

മാപ്രാണം ഭാഗത്തുനിന്നും ഇരിങ്ങാലക്കുടയിലേക്ക് വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.

റോഡു പണി നടക്കുന്നതിനാൽ ഇതുവഴി വണ്‍വേ സംവിധാനത്തിലാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്.

ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു. അപകടത്തിൽ കാറിന്റെ മുന്‍ഭാഗവും തകർന്നു.

ഈ റോഡില്‍ പലയിടത്തും ടാറിംഗ് ചെയ്തിരിക്കുന്നതിനോട് ചേര്‍ന്നാണ് ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ അവയിൽ തട്ടി അപകടമുണ്ടാകുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഒരു വീടിനുള്ളില്‍ തീപടര്‍ന്നു : എട്ട് വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു

ഇരിങ്ങാലക്കുട : വൈദ്യുതി കമ്പി പൊട്ടി വീണ് അവിട്ടത്തൂര്‍ മാവിന്‍ ചുവടിനു സമീപമുള്ള ഒരു വീടിനുള്ളില്‍ തീ പടര്‍ന്നു, എട്ടു വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു.

ഈ പ്രദേശത്തെ ന്യൂട്രല്‍ ലൈന്‍ കമ്പി പൊട്ടിവീണതോടെ വീടുകളിലേക്കുള്ള കണക്ഷനില്‍ വൈദ്യുതി അമിതമായി പ്രവഹിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പുത്തന്‍പീടിക വീട്ടില്‍ സേവ്യറിന്റെ വീട്ടിലാണ് കൂടുതൽ നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

എസി പൊട്ടിത്തെറിച്ചു. വീടിനുള്ളിലെ കമ്പ്യൂട്ടറും കട്ടിലും കാമറയും കത്തിനശിച്ച് വീടിനുള്ളില്‍ തീ പടര്‍ന്നു. ചുമരുകള്‍ക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. ജനാലചില്ലുകള്‍ ചിന്നിചിതറുകയും ഫാനുകള്‍ താഴെ വീഴുകയും ചെയ്തു.

ആദ്യം ബള്‍ബ് ഉരുകിവീഴുന്നത് കണ്ട് വീടിനുള്ളിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി നോക്കിയപ്പോഴാണ് വീടിനു മുകളില്‍ നിന്ന് പുക ഉയരുന്നതായി കണ്ടത്.

ഉടന്‍ തന്നെ ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണക്കുകയായിരുന്നു. ഈ സമയം സേവ്യറിന്റെ ഭാര്യ ജ്യോതി, മക്കളായ വില്‍മ, റൈസ എന്നിവര്‍ വീട്ടിലുണ്ടായിരുന്നുവെങ്കിലും പുറത്തേക്കിറങ്ങി ഓടിയതിനാൽ ആര്‍ക്കും പരിക്കുകളില്ല. രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് സേവ്യറിന് സംഭവിച്ചിട്ടുള്ളത്.

നങ്ങിണി ജോര്‍ജിന്റെ വീട്ടിലെ വാഷിംഗ് മെഷീന്‍, മോട്ടോര്‍ എന്നിവ കത്തി നശിച്ചു.

ജോസ് പെരേപ്പാടന്റെ വാഷിംഗ് മെഷീന്‍, വിന്‍സന്റ് കോനിക്കരയുടെ ടിവി, ഇഗ്‌നേഷ്യസ് പെരേപ്പാടന്റെ മോട്ടോര്‍, സജി പെരേപ്പാടന്റെ സ്പീക്കര്‍, രാജപ്പന്‍ തെക്കാനത്തിന്റെ മോട്ടോര്‍, നയന ഷിജുവിന്റെ മോട്ടോര്‍ എന്നിവയും കത്തിനശിച്ചിട്ടുണ്ട്.

വൈദ്യുതിയുടെ അമിത പ്രവാഹമാണ് തീപിടുത്തത്തിനും വീടുകളിലെ ഉപകരണങ്ങള്‍ കത്തിനശിക്കുന്നതിനും കാരണമെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥർ അറിയിച്ചു.

ഇരിങ്ങാലക്കുട ഗാന്ധിഗ്രാം നമ്പര്‍ രണ്ടിലെ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

നടവരമ്പ് മോഡൽ സ്കൂൾ ശതാബ്ദി സമാപനവും പൂർവ്വ വിദ്യാർത്ഥി സംഗമവും ഏപ്രിൽ 5നും 6നും : സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും മഹാപൂർവ്വ വിദ്യാർത്ഥി സംഗമവും 2025 ഏപ്രിൽ 5, 6 എന്നീ തീയ്യതികളിൽ നടക്കും.

ഇതിനു വേണ്ടിയുള്ള സംഘാടക സമിതിയുടെ രൂപീകരണയോഗം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ ഉൽഘാടനം ചെയ്തു.

പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് യു പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു.

ബാലകൃഷ്ണൻ അഞ്ചത്ത്, ബാലൻ അമ്പാടത്ത്, സോണിയ ഗിരി, മാത്യു പാറേക്കാടൻ, കെ എസ് ധനിഷ്, വിജയലക്ഷ്മി വിനയചന്ദ്രൻ, എം രാജേഷ് എന്നിവർ പ്രസംഗിച്ചു.

സി അനൂപ് സ്വാഗതവും, സി ബി ഷക്കീല ടീച്ചർ നന്ദിയും പറഞ്ഞു.

ഡോ ആർ ബിന്ദു (മുഖ്യ രക്ഷാധികാരി), സുരേഷ് ഗോപി എം പി, വി എസ് പ്രിൻസ്, ലത ചന്ദ്രൻ, സുധ ദിലീപ് (രക്ഷാധികാരികൾ), ടി കെ നാരായണൻ (ചെയർമാൻ), സി ബി ഷക്കീല ടീച്ചർ (ജനറൽ കൺവീനർ), എം രാജേഷ് (കോ-ഓർഡിനേറ്റർ), ടി എസ് സജീവൻ മാസ്റ്റർ (ഖജാൻജി) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ.

വിവിധ ആവശ്യങ്ങൾക്കായി 15 സബ് കമ്മിറ്റികളും രുപീകരിച്ചിട്ടുണ്ട്.

നേത്ര ചികിത്സ – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ നേത്ര പരിശോധന- തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ലയണ്‍സ് ക്ലബ്ബ് ഏരിയ ചെയര്‍പേഴ്സണ്‍ ഷീല ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്‍സൺ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.

സോണ്‍ ചെയര്‍മാന്‍ അഡ്വ ജോണ്‍ നിധിന്‍ തോമസ്, ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍ ടിന്റോ ഇലഞ്ഞിക്കല്‍, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അശോകന്‍ മണപറമ്പില്‍, സെക്രട്ടറി അഡ്വ എം എസ് രാജേഷ്, പ്രദീപ്, ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുത്തു.

താളമേളവിസ്മയം തീർത്ത് വർണ്ണക്കുട രണ്ടാം ദിവസം

ഇരിങ്ങാലക്കുട : നാട്ടുത്സവമായ വർണ്ണക്കുടയിൽ രണ്ടാം ദിനം ആയിരങ്ങൾക്ക് ആവേശമായി താളമേളവിസ്മയം തീർത്ത് ആൽമരം മ്യൂസിക് ബാൻഡും നല്ലമ്മ നാടൻപാട്ടുത്സവവും ക്ലാസിക്കൽ നൃത്തനൃത്യങ്ങളും അരങ്ങേറി.

പൊതുസമ്മേളനം മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കിയ സിജി പ്രദീപിനെയും സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനെയും ചടങ്ങിൽ ആദരിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ചു.

വേണുജി, സദനം കൃഷ്ണൻകുട്ടി, അമ്മന്നൂർ കുട്ടൻ ചാക്യാർ, നിർമ്മല പണിക്കർ, കലാനിലയം രാഘവൻ, മുരിയാട് മുരളീധരൻ എന്നിവർ വിശിഷ്ടാതിഥികളായി.

പ്രീതി നീരജ്, ജ്യോതി സുരേഷ്, ലിയാഷ യൂസഫ്, ശരണ്യ സഹസ്ര, യമുന രാധാകൃഷ്ണൻ, സുധി നൃത്തപ്രിയൻ, സൗമ്യ സതീഷ്, ഹൃദ്യ ഹരിദാസ്, വൈഗ കെ സജീവ്, ശോഭ എസ് നായർ, കലാമണ്ഡലം പ്രജീഷ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറക്കാടൻ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി ആർ സ്റ്റാൻലി നന്ദിയും പറഞ്ഞു.

തുടർന്ന് നല്ലമ്മ നാടൻ പാട്ടുത്സവം, ഇരിങ്ങാലക്കുടയിലെ നൃത്തവിദ്യാലയങ്ങളിലെ വിദ്യാർഥിനികളുടെ നൃത്തനൃത്യങ്ങൾ, ആൽമരം മ്യൂസിക് ബാൻഡ് എന്നിവ അരങ്ങേറി.

തിങ്കളാഴ്ച്ച സമാപന ദിനത്തിൽ ഇരിങ്ങാലക്കുടയിലെ നൃത്ത വിദ്യാലയങ്ങളിലെ വിദ്യാർഥിനികളുടെ നൃത്തനൃത്യങ്ങൾ, ഗൗരി ലക്ഷ്മിയുടെ മ്യൂസിക് ബാൻഡ് എന്നിവ അരങ്ങേറും.