ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി സംസ്ഥാനതല പുരസ്കാരം എൻ.എസ്. സംഘമിത്രക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മലയാള വിഭാഗം അധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ ബഹുമാനാർത്ഥം ക്രൈസ്റ്റ് കോളെജ് ഏർപ്പെടുത്തിയ സംസ്ഥാനതല പുരസ്കാരമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് ശ്രീ കേരളവർമ്മ കോളെജ് മലയാളവിഭാഗം വിദ്യാർഥിനി എൻ.എസ്. സംഘമിത്ര അർഹയായതായി പുരസ്കാരസമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. സിൻ്റോ കോങ്കോത്ത് എന്നിവർ അറിയിച്ചു.

ക്രൈസ്റ്റ് കോളെജിലെ മികച്ച മലയാള പ്രബന്ധത്തിന് നൽകുന്ന പുരസ്കാരത്തിന് പി.വി. ദേവറസിനെ തെരഞ്ഞെടുത്തു.

സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളെജുകളിൽ മലയാളം ബി.എ. പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കുന്ന മികച്ച പ്രബന്ധത്തിന് നൽകുന്ന 5001 രൂപയും പ്രശസ്തിപത്രവും ഫെബ്രുവരി 3 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെമിനാർ ഹാളിൽ ചേരുന്ന യോഗത്തിൽ വെച്ച് യാത്രികയും സഞ്ചാരസാഹിത്യകാരിയുമായ ഡോ. മിത്ര സതീഷ് സമർപ്പിക്കും.

ഡോ. സി. ആദർശിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ സംഘമിത്ര തയ്യാറാക്കിയ ആത്മകഥകളിലെ സ്ത്രീ : മലയാളത്തിലെ സ്ത്രീ ആത്മകഥകളെ മുൻനിർത്തിയുള്ള അന്വേഷണം എന്ന പ്രബന്ധമാണ് പുരസ്കാരസമിതി മികച്ച പ്രബന്ധമായി തെരഞ്ഞെടുത്തത്.

ഡോ. അജു കെ. നാരായണൻ
(എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ്), ഡോ. കെ.വി. ശശി (മലയാളം സർവ്വകലാശാല) ഡോ. അനു പാപ്പച്ചൻ (വിമല കോളെജ് തൃശൂർ) എന്നിവർ പുരസ്കാര സമിതി അംഗങ്ങൾ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *