എയ്ഡഡ് പ്രധാനാധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് പദവി റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണം : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ

ഇരിങ്ങാലക്കുട : എയ്ഡഡ് സ്കൂൾ ശമ്പള ബില്ലുകളിൽ കൗണ്ടർ സൈൻ വേണമെന്ന ഉത്തരവ് പുന:സ്ഥാപിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

2024ൽ സർക്കാർ ഇത്തരത്തിലുള്ള ഒരു ഉത്തരവ് ഇറക്കിയെങ്കിലും കെ.എ.എസ്.എൻ.ടി.എസ്.എ.യുടെയും പ്രധാന അധ്യാപക സംഘടനയായ കെ.പി.പി.എച്ച്.എ.യുടെയും സംയുക്താടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ ഓഫീസുകൾക്കും മുന്നിൽ നടത്തിയ ശക്തമായ പ്രതിഷേധ ധർണ്ണകൾക്കും മറ്റും ഒടുവിൽ വിവാദ ഉത്തരവ് മരവിപ്പിച്ചിരുന്നു. എന്നാൽ ഉത്തരവ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് തികച്ചും വിവേചനപരമാണ്.
നിലവിൽ രണ്ടാം പ്രവർത്തി ദിവസം നൽകുന്ന ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നതാണ് പുതിയ നീക്കം. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ സ്പാർക്കിലെ നിയന്ത്രണങ്ങൾ വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. സർക്കാർ ജീവനക്കാരുടെ അതേ സേവന വേതന വ്യവസ്ഥകൾ തന്നെയാണ് എയ്ഡഡ് മേഖലയിലും പിന്തുടരുന്നത് എന്നതിനാൽ ശമ്പളവും പി.എഫ്., മറ്റാനുകൂല്യങ്ങളും ഉൾപ്പെടുന്ന ബില്ലുകൾ കൗണ്ടർ സൈൻ ഇല്ലാതെ തന്നെ ട്രഷറിയിൽ സമർപ്പിക്കുന്നതിനുള്ള ക്രമീകരണം തുടരണം എന്നും കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ ശമ്പളം പറ്റുന്ന മൂന്നിലൊന്ന് ജീവനക്കാരേയും പ്രതികൂലമായി ബാധിക്കുന്ന പ്രസ്തുത നീക്കം തികച്ചും അനാവശ്യമാണെന്ന് ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.

നിലവിൽ എയ്ഡഡ് സ്ഥാപനങ്ങളിലെ മേലാധികാരിക്ക് ജീവനക്കാരുടെ ശമ്പളം നേരിട്ട് ട്രഷറിയിൽ ഇ – സബ്മിറ്റ് ചെയ്യാം. പുതിയ രീതി നടപ്പിലായാൽ ശമ്പള ബില്ല് പാസാക്കുന്നതിനായി ജീവനക്കാർ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ് സൃഷ്ടിക്കുക. ക്ലാർക്ക്, സൂപ്രണ്ട്, വിദ്യാഭ്യാസ അധികാരി എന്നിവർ ആരെങ്കിലും ലീവ് ആയാൽ ശമ്പള ബില്ല് യഥാസമയം ട്രഷറിയിൽ സമർപ്പിക്കാൻ സാധിക്കാതെ വരുന്നത് ജീവനക്കാരെ വലിയതോതിൽ ബാധിക്കും.
പൊതു വിദ്യാഭ്യാസ വകുപ്പിലെ പകുതിയിലധികം ജീവനക്കാരും എയ്ഡഡ് മേഖലയിൽ ആണെന്നിരിക്കെ പ്രസ്തുത ജീവനക്കാരെ രണ്ടാം തരക്കാരാക്കുന്നതിനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

സർക്കാർ സംവിധാനങ്ങൾ എല്ലാം തന്നെ കടലാസുരഹിത സംവിധാനത്തിലേക്ക് മാറുമ്പോൾ എയ്ഡഡ് സ്ഥാപനങ്ങളിലെ ബില്ലുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് എത്തിച്ചു നൽകേണ്ടിവരും. കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടതിനു പകരം എയ്ഡഡ് മേഖലയിലെ സംവിധാനങ്ങൾ പതിറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകുന്ന നീക്കത്തിനെതിരെ മേഖലയിലെ വിവിധ സംഘടനകളെ യോജിപ്പിച്ചു കൊണ്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് ബിജു പറപ്പൂക്കര, സെക്രട്ടറി ഷിജു എടതിരിഞ്ഞി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *