മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഇടപെടലിൽ എടതിരിഞ്ഞിയിലെ ഭൂമി ന്യായവില പ്രശ്നത്തിന് പരിഹാരം

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില നിര്‍ണ്ണയം സംബന്ധിച്ച പ്രശ്‌നത്തിന് മന്ത്രി ഡോ. ആര്‍. ബിന്ദു ഇടപെട്ട് പരിഹാരമാക്കി.

മന്ത്രി ആർ. ബിന്ദുവിന്റെ മുൻകൈയിൽ റവന്യൂ വകുപ്പ് മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്.

എടതിരിഞ്ഞി വില്ലേജില്‍ 2010ലെ ന്യായവില വിജ്ഞാപനപ്രകാരം നിശ്ചയിച്ച ഭൂമിയുടെ ന്യായവില യഥാര്‍ത്ഥ മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും സമീപ വില്ലേജുകളിലെ സമാന സ്വഭാവമുള്ള ഭൂമിയേക്കാള്‍ കൂടുതലാണെന്നും വ്യാപകമായി ആക്ഷേപമുണ്ടായിരുന്നു. ഇതു സംബന്ധിച്ച പരാതികളും അപ്പീലുകളും ജില്ലാ കളക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ന്യായവില പുതുക്കി നിശ്ചയിക്കാന്‍ 2025 ജൂലൈ മാസത്തില്‍ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണറെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ്, താലൂക്ക്, ജില്ലാതല സമിതികളും രൂപീകരിച്ചിരുന്നു.

ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള വിവിധ ക്ലാസിഫിക്കേഷനുകളിലെ ഭൂമിയുടെ കരട് ലിസ്റ്റ് വില്ലേജ് ഓഫീസര്‍ തയ്യാറാക്കുകയും, ആ ലിസ്റ്റ് വില്ലേജ്തല സമിതിയും താലൂക്ക്തല സമിതിയും അംഗീകരിക്കുകയും ചെയ്തിരുന്നു.

നിലവിലുള്ള ന്യായവിലയുടെ അറുപത് മുതല്‍ എൺപത്തഞ്ച് ശതമാനം വരെ കുറവുവരുത്തി നിലവിലെ മാര്‍ക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് കരട് ജില്ലാ കമ്മിറ്റി അംഗീകരിച്ചത്.

ജില്ലാ കമ്മിറ്റി അംഗീകരിച്ച വില ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിനും ഇതില്‍ ആക്ഷേപമുണ്ടെങ്കില്‍ 60 ദിവസങ്ങള്‍ക്കകം അപ്പീല്‍ നല്‍കുന്നതിനും ജില്ലാതല സമിതി യോഗത്തില്‍ തീരുമാനമായി.

ഉദ്യോഗസ്ഥതലത്തിൽ വന്ന തെറ്റു കാരണം ജനങ്ങൾ ദുരിതമനുഭവിക്കേണ്ടി വരുന്നത് ശ്രദ്ധയിൽ വന്നതുമുതൽ പരിഹാരത്തിന് നിരന്തരം ശ്രമിച്ചു വരികയായിരുന്നെന്ന്
മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ആ ഇടപെടലുകൾ ഫലപ്രാപ്തിയിൽ എത്തിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേർത്തു.

കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ടി. മുരളി, ഡെപ്യൂട്ടി കളക്ടര്‍ എം.സി. ജ്യോതി, ആര്‍.ഡി.ഒ, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥര്‍, മറ്റുവകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *