ഇന്ത്യയിൽ ആദ്യമായി അപൂർവ്വയിനം തസ്കര ഈച്ചയെ കണ്ടെത്തി ; കണ്ടെത്തിയത് തൃശൂരിലെ കലശമലയിൽ നിന്ന്

ഇരിങ്ങാലക്കുട : തൃശൂരിലെ കലശമല പുൽമേടുകളിൽ നിന്ന് ശാസ്ത്രലോകത്തിന് പുതിയൊരിനം തസ്കര ഈച്ചയെ കണ്ടെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ഗവേഷകർ.

കോളെജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്.

“ലോവിനെല്ല കലശമലഎൻസിസ്” എന്ന് ശാസ്ത്രീയ നാമം നൽകിയിരിക്കുന്ന ഈ പുതിയ ഇനം, ലോവിനെല്ല ജനുസ്സിൽ പെട്ട ഇന്ത്യയിലെ തന്നെ ആദ്യത്തെ കണ്ടെത്തലാണ്.

121 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓറിയൻ്റൽ മേഖലയിൽ ഈ ജനുസ്സിൽപ്പെട്ട ഒരിനത്തെ കണ്ടെത്തുന്നത് എന്ന ചരിത്രപരമായ പ്രത്യേകതയും ഇതിനുണ്ട്.

1902ൽ പാക്കിസ്ഥാനിലെ ക്വറ്റയിൽ നിന്നാണ് ഇതിനു മുൻപ് ഈ വിഭാഗത്തിൽപ്പെട്ട ഒരിനത്തെ ഓറിയൻ്റൽ മേഖലയിൽ നിന്നും രേഖപ്പെടുത്തിയിട്ടുള്ളത്.

ആഗോളതലത്തിൽ ഏറെ അപൂർവ്വമായ ഈ ജനുസ്സിൽ ഇതുവരെ 9 ഇനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ആഫ്രോട്രോപ്പിക്കൽ മേഖലയിൽ നിന്ന് ആറും, പാലിയാർക്റ്റിക് മേഖലയിൽ നിന്ന് രണ്ടും. പുതിയ കണ്ടെത്തലോടെ ലോകത്താകെയുള്ള ലോവിനെല്ല ഇനങ്ങളുടെ എണ്ണം പത്തായി ഉയർന്നു.

തെക്കുപടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി) കാലയളവിൽ കലശമലയിലെ പുൽമേടുകളിൽ നിന്നാണ് ഈ പുതിയ ഇനത്തെ ശേഖരിച്ചത്.

ജൈവവൈവിധ്യ സമ്പന്നമായ കേരളത്തിലെ ഇടനാടൻ ചെങ്കൽക്കുന്നുകളുടെയും പുൽമേടുകളുടെയും പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തൽ.

ഷഡ്പദങ്ങളെ ആഹാരമാക്കുന്നവയിൽ പ്രധാനികളായ തസ്കര ഈച്ചകൾ, പ്രാണികളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ജർമ്മൻ എൻ്റമോളജിസ്റ്റായ ഹെർമൻ ലോവിനോടുള്ള ആദരസൂചകമായാണ് ഈ ജനുസ്സിന് ലോവിനെല്ല എന്ന് പേര് നൽകിയിരിക്കുന്നത്.

കലശമല എന്ന സ്ഥലനാമത്തിൽ നിന്നുമാണ് കലശമലഎൻസിസ് എന്ന സ്പീഷിസ് നാമം സ്വീകരിച്ചത്.

ക്രൈസ്റ്റ് കോളെജിലെ ഗവേഷക വിദ്യാർഥിനി കാവ്യ ജി. പിള്ള, റിസർച്ച് ഗൈഡും ലാബ് മേധാവിയുമായ അസിസ്റ്റൻ്റ് പ്രൊഫ. ഡോ. സി. ബിജോയ്, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളെജ് അസിസ്റ്റൻ്റ് പ്രൊഫ. ഡോ. ജിജി പൗലോസ്, അമേരിക്കയിലെ നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ ക്രിസ് എം. കോഹൻ എന്നിവരടങ്ങിയ സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്.

യു.ജി.സി. സീനിയർ റിസർച്ച് ഫെല്ലോഷിപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ ഈ പഠനം പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സൂട്ടാക്സയിൽ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *