ആർട്സ് കേരള കലോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ആതിഥ്യം വഹിച്ച ആർട്സ് കേരള കലോത്സവത്തിന് വർണ്ണാഭമായ സമാപനം.

സംഘനൃത്തവും നാടൻപാട്ടും തിരുവാതിരക്കളിയുമായിരുന്നു ഈ വർഷത്തെ മത്സരയിനങ്ങൾ.

സംഘനൃത്തത്തിൽ ആതിഥേയരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ഒന്നും രണ്ടും സ്ഥാനങ്ങളും ചാലക്കുടി സേക്രഡ് ഹാർട്ട് കോളെജ് മൂന്നാം സ്ഥാനവും നേടി.

മികച്ച ചമയത്തിനുള്ള രാമേട്ടൻ പുരസ്കാരം ക്രൈസ്റ്റ് കോളെജ് സ്വന്തമാക്കി.

ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ വിജയികൾക്ക് കെ.പി. ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 30,000 രൂപ ക്യാഷ് അവാർഡും നൽകി. രണ്ടാം സമ്മാനമായി 20,000 രൂപയും ലീല ജോൺ മെമ്മോറിയൽ ട്രോഫിയും മൂന്നാം സമ്മാനമായി 15000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. നാലും അഞ്ചും സ്ഥാനങ്ങൾ എത്തിയ ടീമുകൾക്ക് ക്യാഷ് അവാർഡും (10000, 5000 രൂപ) സർട്ടിഫിക്കറ്റുകളും നൽകി.

നാടൻപാട്ട് മത്സരത്തിൽ തൃശൂർ എസ്.ആർ.വി. കോളെജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് ഒന്നാം സ്ഥാനം നേടി. ക്രൈസ്റ്റ് കോളെജ്, തൃശൂർ സെൻ്റ് തോമസ് കോളെജ് എന്നീ കലാലയങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഒന്നാം സമ്മാനമായി കെ.എൽ. ആൻ്റോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 20,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. രണ്ടാം സമ്മാനമായി സെലിൻ ആൻ്റോ ട്രോഫിയും 15,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനത്ത് എത്തിയ ടീമിന് വിജു ആൻ്റോ ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു.

തിരുവാതിരക്കളിയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തിയത് ക്രൈസ്റ്റ് കോളെജിൻ്റെ ടീമുകളാണ്. മൂന്നാം സ്ഥാനം തൃശൂർ ഗവ. എൻജിനീയറിങ് കോളെജിന് ലഭിച്ചു.

വിജയികൾക്ക് ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പ് സ്പോൺസർ ചെയ്ത ട്രോഫികൾക്കൊപ്പം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപയും സമ്മാനമായി നൽകി.

സമാപന സമ്മേളനത്തിൽ കോളെജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

സമ്മാനദാനത്തോടെ ആർട്സ് കേരള കലാമേളക്ക് തിരശ്ശീല വീണു.

Leave a Reply

Your email address will not be published. Required fields are marked *