ഇരിങ്ങാലക്കുട : ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകലാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ മുഖമുദ്രയെന്നും പാവപ്പെട്ടവനും പണക്കാരനും എന്ന വ്യത്യാസമില്ലാതെ ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകലാണ് വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭയുടെ ലക്ഷ്യമെന്നും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു.
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചതും സംസ്കൃത വിദ്യാഭ്യാസം എല്ലാ ജാതിക്കാർക്കും പഠിക്കാൻ അവസരം നൽകിയതും ഉച്ചക്കഞ്ഞി വിതരണം സ്കൂളുകളിൽ ആദ്യമായി തുടങ്ങിയതും ചാവറ കുര്യാക്കോസ് അച്ചനാണ് എന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയായിരുന്നു.
രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇരിമ്പൻ റിട്ടയർ ചെയ്യുന്നവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക്, ട്രസ്റ്റി തോമസ് തൊകലത്ത്, വാർഡ് കൗൺസിലർ ജോസഫ് ചാക്കോ, പി.ടി.എ. പ്രസിഡൻ്റ് ഷാജു ജോസ് ചിറയത്ത്, രജത ജൂബിലി ആഘോഷ കമ്മറ്റി സഹ രക്ഷാധികാരി ആന്റണി ജോൺ കണ്ടംകുളത്തി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടെൽസൺ കോട്ടോളി, ഫൈനാൻസ് കമ്മറ്റി കൺവീനർ ലിംസൺ ഊക്കൻ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റീജ ജോസ്, മുൻ പ്രിൻസിപ്പൽ ബിജു ആന്റണി, റപ്പായി പന്തല്ലിപ്പാടൻ, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി, ഫസ്റ്റ് അസിസ്റ്റൻഡ് എം.ജെ. ഷീജ, അനധ്യാപക പ്രതിനിധി ഡൊണാൾഡ് ജോർജ്ജ്, സ്കൂൾ ചെയർമാൻ സി.ബി. ക്രിസ്റ്റഫർ എന്നിവർ പ്രസംഗിച്ചു.
റിട്ടയർ ചെയ്യുന്ന ബോട്ടണി അധ്യാപിക ജിജി ജോർജ്ജ്, ലാബ് അസിസ്റ്റൻ്റ് വി.പി. ജോസഫ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
തുടർന്ന് വിവിധ എൻഡോവ്മെന്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.












Leave a Reply