ഇരിങ്ങാലക്കുട : 18 മുതൽ 25 വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിലെ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള പ്രഥമ ഓൾ കേരള ഇന്റർ ക്ലബ്ബ് ഫുട്ബോൾ ടൂർണ്ണമെന്റിനോടനുബന്ധിച്ച് സംഘാടക സമിതി ഓഫീസ് തുറന്നു.
സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ നിർവഹിച്ചു.
ഏറെക്കാലത്തെ ഇടവേളക്ക് ശേഷം ഇരിങ്ങാലക്കുടയുടെ ഫുട്ബോൾ ആരവങ്ങളിലേക്ക് തിരികെയെത്തുന്ന ഈ ടൂർണ്ണമെന്റിൽ നിരവധി സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ താരങ്ങൾ മുൻ ദേശീയ ‘ഐ ലീഗ് ‘ ജേതാക്കളായ ഗോകുലം എഫ്. സി. കേരള, കേരള ബ്ലാസ്റ്റേഴ്സ്, കേരള പൊലീസ്, റിയൽ മലബാർ എഫ്.സി., കേരള യുണൈറ്റഡ് എഫ്.സി., പറപ്പൂർ എഫ്.സി., ന്യൂ കേരള എഫ്.സി., ലോർഡ്സ് എഫ്.എ. തുടങ്ങിയ പ്രശസ്ത ടീമുകൾക്കായി ജേഴ്സിയണിയും.
ഉദ്ഘാടന ചടങ്ങിൽ ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ്.സി. ക്ലബ്ബ് പ്രസിഡന്റും മുൻ കേരള സന്തുഷ്ടരായി താരവുമായ എം.കെ. പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു.
തുടർന്ന് ടൂർണ്ണമെന്റ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് ക്ലബ്ബ് സെക്രട്ടറിയും മുൻ തമിഴ്നാട് സന്തോഷ് ട്രോഫി ഫുട്ബോൾ താരവുമായ എ.വി. ജോസഫ് വിശദീകരിച്ചു.
അബുദാബി അൽ – ഇത്തിഹാദ് സ്പോർട്സ് അക്കാദമിയുടെ മുൻ പരിശീലകനും ഗോവ ചർച്ചിൽ ബ്രദേഴ്സ് ഫുട്ബോൾ ടീമിന്റെ മുൻ അസിസ്റ്റന്റ് ഫുട്ബോൾ പരിശീലകനും ഫിറ്റ്നസ് ട്രെയിനറുമായ എൻ.കെ. സുബ്രഹ്മണ്യൻ, റിട്ട. അസിസ്റ്റന്റ് കമാൻഡന്റും മുൻ കേരള സന്തോഷ് ട്രോഫി താരവുമായ സി.പി. അശോകൻ, മുൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഫുട്ബോൾ താരം അജി കെ. തോമസ്, വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ഷാജു പാറേക്കാടൻ, മുൻ നഗരസഭ കൗൺസിൽമാരായ ജെസ്റ്റിൻ ജോൺ, അഡ്വ. പി.ജെ. തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.












Leave a Reply