ഇരിങ്ങാലക്കുട : സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഓട്ടോറിക്ഷ ഡ്രൈവർമാരിൽ ജെൻഡർ ബോധം വളർത്തുന്നതിനുമായി തൃശൂർ റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ‘സേഫ് ഓട്ടോ’ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നുള്ള തിരഞ്ഞെടുത്ത 80 ഓട്ടോറിക്ഷ ഡ്രൈവർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്.
പരിപാടി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് തൃശൂർ റൂറൽ ജില്ലാ പൊലീസ് ഏറ്റവും ഉയർന്ന പ്രാധാന്യമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളോട് എങ്ങനെ സംസാരിക്കണം, എങ്ങനെ പെരുമാറണം, എങ്ങനെ ബഹുമാനത്തോടെ സമീപിക്കണം എന്ന ബോധമാണ് ജെൻഡർ സെൻസിറ്റൈസേഷൻ എന്നതിന്റെ ഉള്ളടക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാരോട് മര്യാദയും ബഹുമാനവും പുലർത്തണം, അനാവശ്യ ചോദ്യങ്ങളും സ്വകാര്യ കാര്യങ്ങളിലേക്കുള്ള ഇടപെടലുകളും ഒഴിവാക്കണം. പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ സ്ത്രീകൾക്ക് ആവശ്യമായ സഹായം നൽകണം. യാത്രക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രമേ ഇറക്കിവിടാവൂ എന്നും സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
അടിയന്തിര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിലേക്ക് വിളിക്കണമെന്നും 112 എന്ന എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം നമ്പർ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടിയിൽ റൂറൽ ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ട് ടി.എസ്. സിനോജ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇ.യു. സൗമ്യ സ്വാഗതം പറഞ്ഞു.
അഡ്വ. എ. അശ്വിൻ (ഡി.എൽ.എസ്.എ. തൃശൂർ) ജെൻഡർ സെൻസിറ്റൈസേഷൻ, സ്ത്രീ സുരക്ഷ, ഡ്രൈവർമാരുടെ നിയമബാധ്യതകൾ എന്ന സെഷൻ കൈകാര്യം ചെയ്തു.
പരിശീലനത്തിൽ പങ്കെടുത്ത വനിതാ ഓട്ടോറിക്ഷാ ഡ്രൈവർ ഉഷയെ സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തവും ആത്മവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റൂറൽ ജില്ലാ പോലീസ് മേധാവി ആദരിച്ചു.












Leave a Reply