ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസിന്റെ സമയോചിത ഇടപെടലിൽ ആത്മഹത്യയുടെ മുനമ്പിൽ നിന്ന് ഒരു യുവാവിനെ രക്ഷിക്കാനായി.
തിങ്കളാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെയാണ് മുരിയാട് സ്വദേശിനിയായ യുവതി ആളൂർ പൊലീസ് സ്റ്റേഷനിലെ ഫോണിൽ വിളിച്ച് തൻ്റെ ഭർത്താവിനെ കാണാതായതായും, അദ്ദേഹം ജീവനൊടുക്കാൻ ശ്രമിക്കുമോ എന്ന ആശങ്കയുണ്ടെന്നും അറിയിച്ചത്.
വിവരം ലഭിച്ച ഉടൻ തന്നെ സ്റ്റേഷൻ ജി.ഡി. ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് സീനിയർ സി.പി.ഒ. സുനന്ദും, പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സി.പി.ഒ.മാരായ ആഷിക്, അനൂപ് എന്നിവരും യുവതിയെ സമാധാനിപ്പിച്ച് വിശദമായി വിവരങ്ങൾ ശേഖരിക്കുകയും, കാണാതായ യുവാവിന്റെ ഫോൺ നമ്പർ കൈപ്പറ്റുകയും ചെയ്തു.
തുടർന്ന് തൃശൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ യുവാവ് മുരിയാട് ഗേറ്റിനടുത്തുള്ള റെയിൽവേ ട്രാക്കിന് നടുവിലാണ് നിൽക്കുന്നതെന്ന് കണ്ടെത്തി.
ഉടൻ തന്നെ ഈ വിവരം ആളൂർ സ്റ്റേഷനിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ. മിനിമോൾ, ഗ്രേഡ് സീനിയർ സി.പി.ഒ. ജിബിൻ എന്നിവരെ അറിയിച്ചു. ഇവർ മുരിയാട് ഗേറ്റിനടുത്തുള്ള റെയിൽവേ ട്രാക്കിന് സമീപത്തെത്തി പരിസരവാസികളായ മുരിയാട് കുന്നത്തറ സ്വദേശികളായ കണ്ണോളി വീട്ടിൽ വൈശാഖ്, രാഖിൽ എന്നിവരുടെ സഹായത്തോടെ പരിശോധന നടത്തിയതിൽ റെയിൽവേ ട്രാക്കിനു നടുവിൽ ആത്മഹത്യ ചെയ്യുന്നതിനായി ട്രെയിൻ വരുന്നതും കാത്തു നിൽക്കുകയായിരുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർ അനുനയപരമായ ഇടപെടലിലൂടെ യുവാവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി സാന്ത്വനിപ്പിച്ച് സുരക്ഷിതമായി ആളൂർ സ്റ്റേഷനിലെത്തിച്ചു.
തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ച് വിളിച്ചു വരുത്തി, യുവാവിന് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതിനായി ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിലെ സൗജന്യ കൗൺസിലിംഗ് സെന്ററിലേക്ക് എത്തിച്ച് കൗൺസിലിംഗ് നൽകാൻ നിർദ്ദേശിച്ച് ബന്ധുക്കളോടൊപ്പം വിട്ടയച്ചു.
പൊലീസിന്റെ സമയോചിതമായ ഇടപെടലും മനുഷ്യ സ്നേഹപരമായ സമീപനവും മൂലം ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കാനായി.












Leave a Reply