പഠിച്ച സ്കൂളിന് കവാടം സമർപ്പിച്ച് ടൊവിനോ തോമസ്

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന രജത നിറവിന്റെ ഭാഗമായി സ്കൂളിന്റെ മുൻ വശത്ത് സ്ഥാപിച്ചിരിക്കുന്ന ജൂബിലി കവാട സമർപ്പണം പ്രശസ്ത സിനിമാതാരവും പൂർവ വിദ്യാർഥിയുമായ ടൊവിനോ തോമസ് നിർവഹിച്ചു.

സ്കൂൾ മാനേജർ റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, സഹ രക്ഷാധികാരി ആന്റണി ജോൺ കണ്ടംകുളത്തി, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടെൽസൺ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി, പൂർവ വിദ്യാർഥി പ്രതിനിധി ജിബിൻ ജോണി കൂനൻ, ഫൈനാൻസ് കൺവീനർ ലിംസൺ ഊക്കൻ എന്നിവർ പ്രസംഗിച്ചു.

സർവീസിൽ നിന്ന് വിരമിക്കുന്ന ജിജി ജോർജ്ജ്, വി.പി. ജോസഫ്, ശ്രേഷ്ടാചാര്യ അവാർഡ് നേടിയ പ്രിൻസിപ്പൽ പി. ആൻസൻ ഡൊമിനിക്, മികച്ച പി.ടി.എ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാജു ജോസ് ചിറയത്ത് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് സോളാർ യൂണിറ്റിന് നൽകുന്ന 10 ലക്ഷം രൂപയുടെ ചെക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ മാനേജർ റാണി സക്കറിയ സ്കൂളിന് നൽകി.

കവാട നിർമ്മാണം നിർവഹിച്ച കോൺട്രാക്ടർ ജോജോ വെള്ളാനിക്കാരനെ ടൊവിനോ തോമസ് ആദരിച്ചു.

മനോഹരമായ ജൂബിലി കവാടം സ്പോൺസർ ചെയ്തതും ടൊവിനോ തോമസാണ്.

Leave a Reply

Your email address will not be published. Required fields are marked *