ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം: നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസ് ജില്ലാ പരിധിയിൽ നടക്കുന്ന ഉത്സവങ്ങൾ, പെരുന്നാളുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികളും ലൈറ്റ് & സൗണ്ട് സംവിധാനങ്ങളും പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് പൊലീസ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

നോയ്സ് പൊല്യൂഷൻ (റെഗുലേഷൻ ആൻഡ് കൺട്രോൾ) റൂൾസ് 2000, കേരള ഗവൺമെന്റ് വിജ്ഞാപനം, കേരള പൊലീസ് ആക്ട് എന്നിവയിലെ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ലൈറ്റ് ആൻഡ് സൗണ്ട് ലൈസൻസികൾക്കും ഓപ്പറേറ്റർമാർക്കും പൊലീസ് പ്രത്യേക നിർദ്ദേശം നൽകി.

നിയമപരമായ നിബന്ധനകൾ വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത ലൈറ്റ് ആൻഡ് സൗണ്ട് ലൈസൻസികൾ/ഓപ്പറേറ്റർമാർ എന്നിവർക്ക് ഇതു സംബന്ധിച്ച് രേഖാമൂലം നോട്ടീസ് നൽകുകയും അവ കൈപ്പറ്റിയതിന്റെ രസീത് ശേഖരിക്കുകയും ചെയ്തു.

ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് മൂന്ന് സബ് ഡിവിഷനുകളിൽ വെച്ചാണ് യോഗം നടത്തിയത്.

പുതിയ നിബന്ധനകൾ പ്രകാരം, രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ മാത്രമേ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. രാത്രി 10 മണിക്ക് ശേഷം മൈക്ക് പ്രവർത്തിപ്പിക്കുന്നത് കർശനമായി നിരോധിച്ചു. ബോക്സ് ആകൃതിയിലുള്ള ഉച്ചഭാഷിണികൾ മാത്രമേ ഉപയോഗിക്കാവൂ എന്നും, ഒരു ബോക്സിൽ രണ്ടിൽ കൂടുതൽ ഉച്ചഭാഷിണികൾ ഘടിപ്പിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, കോടതികൾ, പൊതു ഓഫീസുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്. കൂടാതെ, ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ മൈക്ക് സെറ്റ് ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.

ഉത്സവങ്ങളോടനുബന്ധിച്ചുള്ള ഡിജെ പരിപാടികൾക്ക് ലൈറ്റ് & സൗണ്ട് പ്രവർത്തിപ്പിക്കാൻ അനുവാദമില്ല. കണ്ണിന് ഹാനികരമായ ലേസർ ലൈറ്റുകളുടെ ഉപയോഗവും നിരോധിച്ചു.

ശബ്ദത്തിന്റെ തോത് നിശ്ചിത ഡെസിബെല്ലിൽ കൂടാൻ പാടില്ല (വ്യവസായ മേഖല: 75/70 dB, വാണിജ്യ മേഖല: 65/55 dB, ആവാസ മേഖല: 55/45 dB).

പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിൽ സ്പീക്കറുകൾ സ്ഥാപിക്കരുതെന്നും, ആംപ്ലിഫയറിൽ നിന്ന് 300 മീറ്ററിനുള്ളിൽ മാത്രമേ ഉച്ചഭാഷിണികൾ ഘടിപ്പിക്കാവൂ എന്നും പൊലീസ് വ്യക്തമാക്കി.

ഈ നിയമങ്ങൾ ലംഘിക്കുന്ന പക്ഷം ലൈസൻസി, പരിപാടിയുടെ സംഘാടകർ, മൈക്ക് ഘടിപ്പിച്ച വാഹനത്തിന്റെ ഡ്രൈവർ എന്നിവർ ശിക്ഷാർഹരായിരിക്കും.

ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുകയും ഉപകരണങ്ങളും വാഹനങ്ങളും കണ്ടുകെട്ടുകയും ചെയ്യുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *