ഇരിങ്ങാലക്കുട ദനഹാ തിരുനാൾ : വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ ദനഹാ തിരുനാളിനോടനുബന്ധിച്ച് ജനുവരി 10 മുതൽ 12 വരെ ഇരിങ്ങാലക്കുടയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

കത്തീഡ്രലിന് കീഴിലുള്ള അറുപതോളം യൂണിറ്റുകളിൽ നിന്നുള്ള 20ഓളം വാദ്യമോളങ്ങളോടെയുള്ള ഘോഷയാത്രകൾ വിവിധ ഭാഗങ്ങളിൽ നിന്നും പുറപ്പെട്ട് പള്ളിയിൽ വന്ന് ചേരുന്നതിനാലും നിലവിൽ ടൗണിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷാജുവിന്റെ മേൽനോട്ടത്തിൽ 2 സോണുകളാക്കി തിരിച്ചാണ് പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

സോൺ ഒന്നിൽ പള്ളി പരിസര പ്രദേശങ്ങളിലെ സുരക്ഷാ ചുമതല ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജിക്കും സോൺ രണ്ടിൽ ഗതാഗതത്തിന്റെയും പാർക്കിംഗ് ക്രമീകരണത്തിന്റെയും ചുമതല ചേർപ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജനുമാണ് നൽകിയിട്ടുള്ളത്.

നിരീക്ഷണത്തിനായി ഡ്രോൺ സംവിധാനം, പള്ളി പരിസരത്ത് 24 മണിക്കൂർ പൊലീസ് കൺട്രോൾ റൂം, വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ, സി.സി.ടി.വി. സർവൈലൻസ്, മൊബൈൽ, ബൈക്ക് പട്രോളിംഗ്, മഫ്തി പൊലീസ്, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി പിങ്ക് പൊലീസ് എന്നിവയ്ക്കൊപ്പം ഫയർഫോഴ്‌സ്, മെഡിക്കൽ ടീം, ആംബുലൻസ് ആൻ്റി ഡ്രഗ്സ് സർവൈലൻസിനായി ഡാൻസാഫ് ടീം എന്നിവയും സ്ഥലത്ത് സജ്ജമാക്കും.

സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡികൾ എന്നിവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ സ്വീകരിക്കും.

പൊതുജനങ്ങൾ പൊലീസിന്റെയും വൊളന്റിയർമാരുടെയും നിർദ്ദേശങ്ങൾ പാലിക്കുകയും ഗതാഗത നിയന്ത്രണങ്ങൾ കർശനമായി അനുസരിക്കുകയും ചെയ്യേണ്ടതാണെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കൃഷ്ണകുമാർ അറിയിച്ചു.

തിരുനാൾ ദിവസങ്ങളിൽ അനാവശ്യമായി വാഹനങ്ങൾ പള്ളി പരിസരത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും, സംശയാസ്പദമായ വ്യക്തികളെ കണ്ടാൽ ഉടൻ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്നും അറിയിച്ചു.

സമാധാനപരമായും സുരക്ഷിതമായും ഇരിങ്ങാലക്കുട ദനഹ തിരുനാൾ ആഘോഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ബി കൃഷ്ണകുമാർ അറിയിച്ചു.

തൃശൂർ റൂറൽ അഡീഷണൽ എസ്പി ടി.എസ്. സിനോജ്, പി.ആർ. ബിജോയ് (സ്പെഷ്യൽ ബ്രാഞ്ച്), ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.കെ. ഷാജി എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *