യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടികൂടി.

വള്ളിവട്ടം കരൂപ്പടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടിൽ മുഹമ്മദിനെ(29)യാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണയ്ക്ക് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

2015 മെയ് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കരൂപ്പടന്നയിലെ പുഴവക്കിലേക്കുള്ള റോഡ് തന്റേതാണെന്ന് പറഞ്ഞ് അതുവഴി നടന്നുപോവുകയായിരുന്ന യുവാവിനെ മുഹമ്മദ് ആക്രമിക്കുകയായിരുന്നു. തടയാൻ ചെന്ന യുവാവിന്റെ അമ്മാവനായ മയ്യാക്കാരൻ വീട്ടിൽ ബഷീറിനെയും (49) പ്രതി മർദിച്ച് പരിക്കേൽപ്പിച്ചിരുന്നു.

ഈ കേസ്സിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്ത ശേഷം വിദേശത്തേക്ക് കടന്ന പ്രതി, ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് നെടുമ്പാശ്ശേരിയിൽ വെച്ച് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ് വെച്ച് ഇരിങ്ങാലക്കുട പൊലീസിന് കൈമാറിയത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, ജിഎസ്ഐ കെ.പി. രാജു, ജി എസ് സി പി ഒ മാരായ കൃഷ്ണദാസ്, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *