ഇരിങ്ങാലക്കുട : ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ
ഒരുക്കിയ അനുമോദനം, അഭിമുഖം, ആദരണം, സംഗീതസല്ലാപം പരിപാടികൾ ഏറെ ശ്രദ്ധേയമായി.
ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസിൻ്റെ വിശിഷ്ടസാന്നിധ്യത്തിൽ നടന്ന അനുമോദന ചടങ്ങിൽ ഡോക്ടറൽ ബിരുദം നേടിയ വി.ആർ. ദിനേശ്, പി.ആർ. ഷഹന, ഒ.എ. ഫെമി എന്നിവരെ അനുമോദിച്ചു.
തുടർന്ന് ”മുക്കുടിപുരത്തെ വിശേഷങ്ങൾ” എന്ന പുസ്തകത്തിൻ്റെ രചയിതാവ് അഡ്വ. രാജേഷ് തമ്പാനുമായി ടി. വേണുഗോപാൽ ‘അഭിമുഖം’ നടത്തി.
ക്ലബ്ബ് രക്ഷാധികാരി തോട്ടാപ്പള്ളി വേണുഗോപാലമേനോൻ്റെ വിശിഷ്ടസാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എക്കണോമിക്സ് ടൈമിന്റെ അവാർഡ് കരസ്ഥമാക്കിയ കോർപ്പറേറ്റ് സംരംഭകനും മാനേജ്മെൻ്റ് ചിന്തകനും ഗ്രന്ഥകർത്താവും സിനിമ നിർമ്മാതാവുമായ ഡോ. അജയകുമാറിനെ ‘ആദരണമുദ്ര’ നൽകി ആദരിച്ചു.
തുടർന്ന് പ്രശസ്ത സംഗീത ദമ്പതികളായ നെടുമ്പള്ളി രാംമോഹനും മീര രാംമോഹനും വിവിധ പാട്ട് വഴക്കങ്ങളെക്കുറിച്ച് അവതരിപ്പിച്ച ‘സംഗീതസല്ലാപം’ പരിപാടി അരങ്ങേറി. ഘനരാഗങ്ങളായ ഭൈരവി, ശങ്കരാഭരണം, കാംബോജി എന്നീ രാഗങ്ങൾക്കൊപ്പം പുറനീര്, ഖണ്ഡാരം തുടങ്ങിയ ദേശീരാഗങ്ങളെക്കുറിച്ചും സംഗീത സല്ലാപത്തിൽ പരാമർശിച്ചു.
വീണയിൽ തൃശൂർ മുരളീകൃഷ്ണനും മൃദംഗത്തിൽ ഡോ. കെ.ആർ. രാജീവും പക്കമേളമൊരുക്കി.












Leave a Reply