അന്നമനട പഞ്ചായത്തിലെ സിപിഎം – സിപിഐ നിലപാടുകളോടുള്ള പ്രതിഷേധം : സിപിഐ വിട്ട് നിരവധി പേർ സിഎംപിയിലേക്ക്

ഇരിങ്ങാലക്കുട : അന്നമനട പഞ്ചായത്തിൽ ഉണ്ടായിരുന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതുഭരണത്തിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ ശബ്ദമുയർത്തിയപ്പോൾ അതിൻ്റെ പേരിൽ സിപിഎം സമ്മർദ്ദത്തിന് വഴങ്ങി തങ്ങളുടെ നേരെ അച്ചടക്ക നടപടി സ്വീകരിച്ച് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി മാർക്സിസ്റ്റ് പാർട്ടിക്ക് അടിമപ്പണി ചെയ്യുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി താൻ ഉൾപ്പെടെ നിരവധിപേർ സിപിഐയിൽ നിന്ന് രാജി വെച്ച് സിഎംപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പറും കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി സിപിഐയുടെ മാള മേഖലയിലെ പ്രവർത്തകനും വിവിധ വർഗ്ഗ- ബഹുജന സംഘടനാ ഭാരവാഹിയുമായിരുന്ന ഇ.കെ. അനിലൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 

അന്നമനട ലോക്കൽ കമ്മിറ്റി മെമ്പർമാരും ബ്രാഞ്ച് സെക്രട്ടറിമാരും വർഗ്ഗ – ബഹുജന സംഘടനാ പ്രവർത്തകരുമായ നിരവധി പേർ സിപിഐയോടു വിട പറഞ്ഞ് സിഎംപിയുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

മാർക്സിസത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച് സ്വന്തം വ്യക്തിത്വം നിലനിർത്തുന്ന ഒരു കമ്മ്യൂണിസ്റ്റായി കേരളത്തിൽ നിലകൊള്ളുന്ന പാർട്ടിയാണെന്ന് ബോധ്യമായതിനാലാണ് അനിലനും സഹപ്രവർത്തകരും സിഎംപിയിൽ അണിചേരാൻ തീരുമാനിച്ചതെന്ന് സിഎംപി കൺട്രോൾ കമ്മിഷൻ അംഗം പി.ആർ.എൻ. നമ്പീശൻ, സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി വികാസ് ചക്രപാണി, ജില്ലാ സെക്രട്ടറി ജയ്‌സിങ് കൃഷ്ണൻ, ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി മനോജ് കുമാർ, കെഎംഎഫ് സംസ്ഥാന പ്രസിഡൻ്റ് മിനി രമേഷ് എന്നിവർ പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *