ആഘോഷത്തിരയിളക്കി കരോള്‍ സംഘങ്ങള്‍ ; നഗരം കീഴടക്കി പാപ്പാമാരും മാലാഖമാരും

ഇരിങ്ങാലക്കുട : ചുവപ്പന്‍ കുപ്പായമണിഞ്ഞ പാപ്പാക്കൂട്ടവും മഞ്ഞിന്റെ നിറമുള്ള ചിറകും തൂവെള്ള വസ്ത്രവുമണിഞ്ഞ മാലാഖമാരും നൃത്തച്ചുവടുകളുമായി ഇരിങ്ങാലക്കുടയുടെ നഗരവീഥികൾ കീഴടക്കി.

മണ്ണില്‍ വിരിഞ്ഞ നക്ഷത്രങ്ങളെ സാക്ഷിയാക്കി നഗരവീഥിയില്‍ കരോള്‍ ഗാനത്തിനൊപ്പം നിശ്ചലദൃശ്യത്തിന്റെ അകമ്പടിയോടെ പാപ്പാമാരും മാലാഖമാരും ചുവടുവെച്ച് നീങ്ങിയപ്പോള്‍ ആഹ്ലാദത്തോടെ ജനം വരവേറ്റു.

കത്തീഡ്രല്‍ പ്രൊഫഷണല്‍ സി.എല്‍.സി., സീനിയര്‍ സി.എല്‍.സിയുമായി സംഘടിപ്പിച്ച മെഗാ ഹൈടെക് ക്രിസ്മസ് കരോള്‍ മത്സര ഘോഷയാത്രയിലാണ് പാപ്പാകൂട്ടവും മാലാഖവൃന്ദവും ആട്ടിടയന്മാരും അണിനിരന്നത്.

യേശുവിന്റെ കാലഘട്ടത്തിലെ വേഷവിതാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങള്‍ കുട്ടികളില്‍ മാത്രമല്ല വലിയവരിലും ഏറെ കൗതുകമുണര്‍ത്തി.

മാതാവിനും യൗസേപ്പിതാവിനും പുറമേ ആട്ടിടയന്മാരും പൂജരാജാക്കന്മാരുമുള്‍പ്പെടെയുള്ളവരുടെ പുരാതന വേഷധാരണം കരോളിനെ വേറിട്ടതാക്കി.

ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ പരിസരത്തു വെച്ച് കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ കരോൾ മത്സരം ഉദ്ഘാടനം ചെയ്തു.

ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി.

കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ആന്റണി നമ്പളം അധ്യക്ഷത വഹിച്ചു.

കെ.എല്‍.എഫ്. നിര്‍മല്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ് കണ്ടംകുളത്തി, മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

പ്രൊഫഷണല്‍ സി.എല്‍.സി. പ്രസിഡന്റ് ഫ്രാന്‍സിസ് കോക്കാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഒ.എസ്. ടോമി, സീനിയര്‍ സി.എല്‍.സി. പ്രസിഡന്റ് കെ.ബി. അജയ്, വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് ചാക്കോ, കത്തീഡ്രല്‍ ട്രസ്റ്റിമാരായ അഡ്വ. എം.എം. ഷാജന്‍ മാണിക്കത്തുപറമ്പില്‍, പി.ടി. ജോർജ്ജ്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡേവിസ് പടിഞ്ഞാറക്കാരന്‍, സംസ്ഥാന സി.എല്‍.സി. ജനറല്‍ സെക്രട്ടറി ഷോബി കെ. പോള്‍, കണ്‍വീനര്‍ വിനു ആന്റണി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *