പിടികിട്ടാപ്പുള്ളിയെ ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്ത കേസിൽ കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്ന് ഒളിവിലായിരുന്ന പ്രതിയെ ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

കരുവന്നൂർ മൂർക്കനാട് സ്വദേശി വല്ലത്ത് വീട്ടിൽ വിശ്വാസ് (27) എന്നയാളെയാണ് ലുക്കൗട്ട് സർക്കുലർ പ്രകാരം അറസ്റ്റ് ചെയ്തത്.

2020 ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കാറളം സ്വദേശിയായ യുവാവിനെ തടഞ്ഞ് നിർത്തി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും യുവാവിനെ വിട്ടയക്കാൻ പണം ആവശ്യപ്പെടുകയുമായിരുന്നു.

പ്രതിയെ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ ഇ.ആർ. ബൈജു, എസ്ഐ-മാരായ ബാബു ജോർജ്ജ്, സബീഷ്, എഎസ്ഐ അസീസ്, ജിഎസ്‌സിപിഒ-മാരായ ജി.എസ്. രഞ്ജിത്ത്, സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *