ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെപ്രദർശനങ്ങൾ മുന്നൂറിൽ എത്തുമ്പോൾ…..

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾ മൂന്നൂറിലേക്ക്

അടിയന്തരാവസ്ഥക്ക് ശേഷം 1976ൽ ആരംഭിച്ച് 1990 വരെ നീളുന്നതാണ് ഇരിങ്ങാലക്കുടയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻ്റെ ആദ്യഘട്ടം. വിട പറഞ്ഞ ക്രൈസ്റ്റ് കോളേജ് അധ്യാപകൻ പ്രൊഫ എം കെ ചന്ദ്രൻ്റെ നേതൃത്വത്തിൽ പ്രഭാത് തീയേറ്റർ, ക്രൈസ്റ്റ് കോളേജ്, ബോയ്സ് ഹൈസ്കൂൾ തുടങ്ങി വിവിധ വേദികളിലായി ക്ലാസ്സിക്കുകൾ ഉൾപ്പെടെ 200 ഓളം ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചതായിട്ടാണ് അന്നത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിന്നവർ തരുന്ന സൂചനകൾ.

2017 ജൂൺ ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ചേർന്ന മാധ്യമ പ്രവർത്തകരുടെയും ചലച്ചിത്ര ആസ്വാദകരുടെയും യോഗമാണ് ഇരിങ്ങാലക്കുടയിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനം വീണ്ടും സജീവമാക്കാനുള്ള തീരുമാനമെടുത്തത്. 2017 ജൂലൈ 15 ന് ചേർന്ന യോഗം പ്രൊഫ എം കെ ചന്ദ്രൻ, പി കെ ഭരതൻ മാസ്റ്റർ എന്നിവർ രക്ഷാധികാരികളായി പതിനഞ്ച് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 2017 ജൂലൈ 18ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾ ആരംഭിച്ചു.

വിവിധ ഭാഷകളിലായി ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചതും അന്തർദേശീയ ചലച്ചിത്രമേളകളിൽ ഇടം പിടിച്ചതുമായ 299 ചിത്രങ്ങളാണ് കഴിഞ്ഞ ഇതിനകം പ്രദർശിപ്പിച്ചിട്ടുള്ളത്. ചലച്ചിത്ര അക്കാദമി, തൃശൂർ ചലച്ചിത്രകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ 2019 മാർച്ച് 16, 17, 18 തീയതികളിൽ മാസ് മൂവീസിൽ സംഘടിപ്പിച്ച ഇരിങ്ങാലക്കുട അന്താരാഷ്ട ചലച്ചിത്ര മേളയിൽ ആറ് ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

2020, 2022, 2023 വർഷങ്ങളിൽ നടന്ന ചലച്ചിത്ര മേളയുടെ അടുത്ത പതിപ്പുകളിലായി മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി പതിനഞ്ച് ചിത്രങ്ങൾ വീതമാണ് പ്രദർശിപ്പിച്ചത്. 2024 മാർച്ചിൽ നടത്തിയ അഞ്ചാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി ഇതേ വേദികളിലായി 21 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 2025 മാർച്ച് 8 മുതൽ 16 വരെയുള്ള ഒൻപത് ദിവസങ്ങളിലായി ആറാമത് ചലച്ചിത്ര മേളയിൽ 24 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

ലേഖനമൽസരം, നവാഗത സംവിധായകനുള്ള സി ആർ കേശവൻ വൈദ്യർ പുരസ്കാരം എന്നിവ ആറാമത് മേളയുടെ സവിശേഷതകളാണ്. ചിത്രങ്ങളുടെ സംവിധായകർ, സാങ്കേതിക വിദഗ്ധർ, നടീനടൻമാർ, നിർമ്മാതാക്കൾ എന്നിവർ മേളകളുടെ സാന്നിധ്യങ്ങളായി. സംവാദങ്ങൾക്ക് ശേഷം നടന്ന ചടങ്ങുകളിൽ ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, കലാനിരൂപകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ഇവരെ ആദരിക്കുന്ന ചടങ്ങുകളിൽ പങ്കെടുത്തു.

ഫിലിം സൊസൈറ്റി മുൻകൈ എടുത്ത് സെക്സി ദുർഗ്ഗ, രാംദാസ് കടവല്ലൂരിൻ്റെ ഡോക്യുമെൻ്ററി Beyond Hatred and Power , We keep singing , ഒരു ജാതി പിള്ളേരിഷ്ടാ എന്നിവയുടെ പ്രദർശനങ്ങളും ചെമ്പകശേരി മൂവീസിലും മാസ് മൂവീസിലുമായി സംഘടിപ്പിച്ചിരുന്നു.

വാർഷിക യോഗങ്ങൾക്ക് പുറമേ മൃണാൾ സെൻ അനുസ്മരണം, ഇന്നസെൻ്റ് അനുസ്മരണം, മോഹൻ അനുസ്മരണം എന്നിവയും സംഘടിപ്പിച്ചിരുന്നു. സെൻ്റ് ജോസഫ്സ് കോളേജിൽ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുടയിൽ ആദ്യത്തെ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള (ഋതു) 2024, 2025 വർഷങ്ങളിൽ അരങ്ങേറി.

പ്രളയഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10000 രൂപയും കോവിഡ്, വയനാട് ദുരന്തം എന്നീ ഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25000 രൂപ വീതവും ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രവർത്തകർ കൈമാറി. മുൻ എംഎൽഎ പ്രൊഫ കെ യു അരുണൻ , ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു എന്നിവരാണ് ഫണ്ടുകൾ എറ്റു വാങ്ങിയത്.

വെള്ളിയാഴ്ച തോറുമുള്ള പ്രദർശനങ്ങൾ 300 ലേക്ക് കടക്കുമ്പോൾ ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ 2025 ആഗസ്റ്റ് 15 മുതൽ റോട്ടറി മിനി എസി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും വിദ്യാർഥികളെയും യുവജനങ്ങളെയും സൊസൈറ്റിയുടെ കാഴ്ചകളിലേക്ക് എത്തിക്കാനുള്ള പദ്ധതികളും ഭാവി പരിപാടികളുടെ ആലോചനകളിലുണ്ട്.

സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേത്യത്വത്തിൽ നഗരസഭയുടെയും ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്കായി ലിറ്റിൽ ഫ്ലവർ സ്കൂളിൽ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ശില്പശാലയിൽ 130 ഓളം പേർ പങ്കെടുത്തു.

പി കെ ഭരതൻ മാസ്റ്റർ (രക്ഷാധികാരി) മനീഷ് അരീക്കാട്ട് (പ്രസിഡണ്ട്), ടി ജി സിബിൻ ( വൈസ് പ്രസിഡണ്ട്), നവീൻ ഭഗീരഥൻ ( സെക്രട്ടറി) , ജോസ് മാമ്പിള്ളി ( ജോയിൻ്റ് സെക്രട്ടറി) , രാജീവ് മുല്ലപ്പിള്ളി (ട്രഷറർ), ടി ജി സച്ചിത്ത്, വി എസ് വസന്തൻ, എം എസ് ദാസൻ, എം ആർ സനോജ്, രാധാകൃഷ്ണൻ വെട്ടത്ത്, വർധനൻ പുളിക്കൽ, സുരേഷ് കോവിലകം, അൻവർ അലി, കെ വേണുഗോപാൽ, ബിനു ശാർങ്ഗധരൻ (ഭരണ സമിതി അംഗങ്ങൾ) എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

മൂന്നാറാമത്തെ ചിത്രമായി അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ജോർജിയൻ ചിത്രം “ഏപ്രിൽ” ഒക്ടോബർ 10ന് പ്രദർശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *