കാട്ടൂർ ലക്ഷ്മി കൊലക്കേസ് : പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : കാട്ടൂർകടവ് നന്താനത്തുപറമ്പിൽ ഹരീഷിൻ്റെ ഭാര്യ ലക്ഷ്മി(43)യെ തോട്ടയെറിഞ്ഞു വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാട്ടൂർകടവ് നന്തിലത്തു പറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35), കരാഞ്ചിറ ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ദാസ് (35), ഒളരി നങ്ങേലി വീട്ടിൽ ശരത്ത് (36), ചൊവ്വൂർ പാറക്കോവിൽ കള്ളിയത്ത് വീട്ടിൽ രാകേഷ് (32) എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് എൻ. വിനോദ് കുമാർ ജീവപര്യന്തം കഠിന തടവിനും 1 ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 1 വർഷം അധിക തടവിനും ഐപിസി 308 വകുപ്പ് പ്രകാരം 3 വർഷം കഠിന തടവിനും സെക്ഷൻ 3 (എ) എക്സ്പ്ലോസീവ് ആക്ട് പ്രകാരം 10 വർഷം കഠിന തടവിനും 1 ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 6 മാസം അധിക കഠിന തടവിനും സെക്ഷൻ 27 ഓഫ് ആംസ് ആക്ട് പ്രകാരം 5 വർഷം കഠിന തടവിനും 1 ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 6 മാസം അധിക കഠിന തടവിനും ശിക്ഷ വിധിച്ചു.

പിഴ തുകയിൽ നിന്ന് 2 ലക്ഷം രൂപ കൊല്ലപ്പെട്ട ലക്ഷ്‌മിയുടെ ഭർത്താവിനും മക്കൾക്കും നഷ്ടപരിഹാരമായി നൽകുന്നതിനും കോടതി ഉത്തരവായി.

കാട്ടൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭർത്താവ് ഹരീഷ്. 2021 ഫെബ്രുവരി 14ന് രാത്രി 10.30ഓടെയാണ് ലക്ഷ്മി കൊല്ലപ്പെട്ടത്.

ദർശൻകുമാർ കാട്ടൂർ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ പേരുള്ളയാളും കാട്ടൂർ, അന്തിക്കാട്, വലപ്പാട്, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസുകളിൽ ഉൾപ്പെടെ പതിനഞ്ച് ക്രമിനൽക്കേസുകളിലെ പ്രതിയുമാണ്.

രാകേഷ് ചേർപ്പ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും കൊലപാതകം ഉൾപ്പെടെ ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയുമാണ്.

ഇൻസ്പെക്ടർമാരായ വി.വി. അനിൽകുമാർ, അനീഷ് കരീം, ടി.വി. ഷിബു, സി.ബി. അരുൺ, പി. ജ്യോതീന്ദ്രകുമാർ, എസ്.ഐ.മാരായ ആർ. രാജേഷ്, കെ. സുഹൈൽ, ജസ്റ്റിൻ, രഞ്ജിത്ത്, ജിനുമോൻ തച്ചേത്ത്, എ.എസ്.ഐ. പി. ജയകൃഷ്ണ‌ൻ, സീനിയർ സി.പി.ഒ.മാരായ പ്രസാദ്, ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ്, കെ.വി. ഫെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഇൻസ്പെക്ടർ വി.വി. അനിൽകുമാർ ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 59 സാക്ഷികളെ വിസ്തരിക്കുകയും 39 തൊണ്ടി മുതലുകളും 176 രേഖകളും മാർക്ക് ചെയ്യുകയും ചെയ്തു.

പ്രതിഭാഗത്തു നിന്നും 3 സാക്ഷികളെ വിസ്തരിക്കുകയും 5 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്ജ്, മുൻ പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ. പി.ജെ. ജോബി, അഡ്വ. എബിൽ ഗോപുരൻ, അഡ്വ. പി.എസ്. സൗമ്യ എന്നിവർ ഹാജരായി.

ലെയ്‌സൺ ഓഫീസർ സിപിഒ കെ.വി. വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *