ഇരിങ്ങാലക്കുടയിൽ കൂൺഗ്രാമം പദ്ധതി ഉദ്ഘാടനം 14ന് : കർഷകർക്ക് ഒക്ടോബർ 10 വരെ അപേക്ഷകൾ സമർപ്പിക്കാം

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ “പച്ചക്കുട”യുടെ ഭാഗമായി കൂൺഗ്രാമം പദ്ധതി ഒക്ടോബർ 14ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

കൂൺ കൃഷിയിൽ താല്പര്യമുള്ള കർഷകർക്ക് ഒക്ടോബർ 10 വരെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെകൃഷി ഓഫീസുകളിലോ kkoongramamirinjalakuda@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കാം.

ഇരിങ്ങാലക്കുട നിയോജകമണ്ഡലം പരിധിയിൽ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, മുരിയാട്, കാട്ടൂർ, കാറളം, വേളൂക്കര, പൂമംഗലം, പടിയൂർ, ആളൂർ കൃഷിഭവനുകളുടെ പരിധിയിലുള്ള കർഷകർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

ചെറുകിട കൂൺ കൃഷി യൂണിറ്റ് 80 മുതൽ 100 ബെഡുകൾ ചെയ്യുന്നവർക്ക് ചിലവാകുന്ന ആകെ തുകയുടെ 40 ശതമാനം സബ്സിഡിയായി ലഭിക്കും.
വൻകിട കൂൺ കൃഷി യൂണിറ്റുകൾക്കും ചിലവാകുന്ന തുകയുടെ 40 ശതമാനം സബ്സിഡി ലഭിക്കും. പദ്ധതിയുടെ ഭാഗമായ പരമാവധി സബ്സിഡി 2 ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ചെറുകിട കൂൺ വിത്ത് ഉല്പാദന യൂണിറ്റുകൾക്കും ചിലവാകുന്ന തുകയുടെ 40 ശതമാനം സബ്സിഡി ലഭിക്കും.

മണ്ണിര കമ്പോസ്റ്റ് യൂണിറ്റ്, പാക്ക് ഹൗസ് നിർമ്മാണം,
കൂൺ പ്രിസർവേഷൻ യൂണിറ്റ് നിർമ്മാണം എന്നീ പദ്ധതികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

ഒക്ടോബർ 14ന് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം കർഷകർക്ക് കൂൺകൃഷിയിൽ സൗജന്യ പരിശീലനം ഉണ്ടായിരിക്കുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

കൃഷിഭവൻ മുഖേനയോ ഇ-മെയിൽ വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കുന്ന കർഷകർക്ക് മാത്രമായിരിക്കും പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *