ഠാണാ പൂതംകുളം മുതൽ നടവരമ്പ് അണ്ടാണിക്കുളം വരെയുള്ള കെ.എസ്.ടി.പി. നിർമ്മാണ പ്രവൃത്തികൾ ബുധനാഴ്ച്ച ആരംഭിക്കും : പുതിയ ഗതാഗത നിയന്ത്രണം ഇങ്ങനെ

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ നടന്നു വരുന്ന കെ.എസ്.ടി.പി. റോഡ് നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി കൂർക്കഞ്ചേരി മുതൽ ഇരിങ്ങാലക്കുട പൂതംകുളം വരെയുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി ബുധനാഴ്ച മുതൽ ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസനം ഉൾപ്പെടുന്ന അണ്ടാണിക്കുളം മുതൽ പൂതംകുളം വരെയുള്ള റീച്ചിൽ നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

ഠാണാ – ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായ കാനയുടെ നിർമ്മാണം ഈ റോഡിൽ പുരോഗമിക്കുകയാണ്.

ചന്തക്കുന്നിൽ നിന്നും അണ്ടാണിക്കുളം ഭാഗത്തേക്ക് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ പുതിയ ഗതാഗത നിയന്ത്രണവും ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരിപ്പാലം സെന്ററിൽ എത്തി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് എടക്കുളം റോഡ് വഴി ചേലൂർ സെന്ററിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് എത്തി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃശൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിലെ ഗതാഗതം അനുസരിച്ച് റോഡിന്റെ ഇടതുവശത്ത് കൂടി കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകാവുന്നതാണ്.

സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിച്ച് 2026 ഫെബ്രുവരി അവസാനത്തോടെ തൃശൂർ കൊടുങ്ങല്ലൂർ റോഡും ഠാണാ – ചന്തക്കുന്ന് ജംഗ്ഷനും പൂർണ്ണമായും സഞ്ചാര യോഗ്യമാകും എന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *