ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന നടപടി : പൊലീസും ബാങ്കിങ് സംവിധാനങ്ങളും കൈകോർക്കുന്നു

ഇരിങ്ങാലക്കുട : ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനും തട്ടിപ്പിന് ഇരയായവർക്ക് നഷ്ടമായ പണം വേഗത്തിൽ തിരികെ ലഭിക്കുന്നതിനും, പൊലീസ് – ബാങ്ക് ഏകോപനം ശക്തിപ്പെടുത്താനുള്ള കർശന നടപടികൾ ചർച്ച ചെയ്യുന്നതിനുമായി വിവിധ ബാങ്കുകളിലെ മാനേജർമാരുടെയും നോഡൽ ഓഫീസർമാരുടെയും യോഗം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ചേർന്നു.

എല്ലാ മാസത്തിലും അവലോകന യോഗങ്ങൾ കൂടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

യോഗത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

നിലവിലെ സൈബർ തട്ടിപ്പുകളെ കുറിച്ചും അവ തടയുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു.

അഡീഷണൽ എസ്പി ടി.എസ്. സിനോജ്, ഡി സി ആർ ബി ഡിവൈഎസ്പി പി.കെ. സന്തോഷ്കുമാർ, ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, സൈബർ കേസുകൾ കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും വിവിധ ബാങ്കുകളുടെ പ്രതിനിധികളും പങ്കെടുത്തു.

സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ബാങ്ക് ജീവനക്കാർക്ക് നിലവിലെ തട്ടിപ്പ് രീതികളെക്കുറിച്ച് കൃത്യമായ അവബോധം നൽകുന്നതിനും സംശയാസ്പദമായ അക്കൗണ്ട് ഇടപാടുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടനടി പൊലീസിനെ അറിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി.

പുതിയ ബാങ്ക് അക്കൗണ്ട് എടുക്കാനായി വരുന്നവർ ‘മ്യൂൾ അക്കൗണ്ടുകൾ’ ഉണ്ടാക്കി തട്ടിപ്പിലൂടെയുള്ള പണം കൈമാറ്റം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താൻ കർശന പരിശോധന നടത്തും.

ഒരാൾക്ക് എത്ര അക്കൗണ്ടുകൾ എടുക്കാം, എത്ര തുക പിൻവലിക്കാം, നിക്ഷേപിക്കാം തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കാനും അക്കൗണ്ട് എടുത്ത ശേഷം മറ്റൊരാൾക്ക് വിൽക്കുന്നത് കുറ്റകരമാണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാനും ബാങ്ക് ജീവനക്കാർക്ക് നിർദ്ദേശം നൽകി.

നിക്ഷേപിച്ചവർ ഉയർന്ന തുകകൾ പെട്ടെന്ന് മറ്റൊരു അക്കൗണ്ടിലേക്ക് അയക്കുന്നുണ്ടെങ്കിൽ, അവർ ഏതെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽപ്പെട്ടതാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും.

കെ.വൈ.സി. മാനദണ്ഡങ്ങൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനും ഒരേ ബ്രാഞ്ചിൽ തട്ടിപ്പിനായി മാത്രം പല അക്കൗണ്ടുകൾ തുറക്കുന്നത് തടയാനും തീരുമാനിച്ചു.

ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ട പണം പൊതുജനങ്ങൾക്ക് എത്രയും വേഗത്തിൽ തിരികെ ലഭിക്കുന്നതിനും, തട്ടിപ്പ് നടന്ന ഉടൻ തന്നെ പണം പിൻവലിക്കുന്നത് തടയാനുമുള്ള നടപടികൾ കാര്യക്ഷമമാക്കാനും യോഗത്തിൽ ധാരണയായി.

ഇതിനോടൊപ്പം, വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശക്തമായ ക്യാമ്പയിനുകൾ നടത്താനും തീരുമാനിച്ചു.

പൊതുജനങ്ങൾ താഴെ പറയുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണം:

  1. ഫിഷിംഗ് : ബാങ്കിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ എന്ന വ്യാജേന വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഒ.ടി.പി., ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേർഡ് എന്നിവ നൽകരുത്.
    1. ലോൺ തട്ടിപ്പുകൾ : കുറഞ്ഞ പലിശയിൽ ലോൺ വാഗ്ദാനം ചെയ്ത് പ്രോസസ്സിംഗ് ഫീസ്, ജി.എസ്.ടി. തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞ് പണം മുൻകൂറായി വാങ്ങുന്ന തട്ടിപ്പുകളിൽ വീഴാതിരിക്കുക.
    2. തൊഴിൽ തട്ടിപ്പുകൾ : മികച്ച ശമ്പളത്തിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലി വാഗ്ദാനം ചെയ്ത്, രജിസ്‌ട്രേഷൻ ഫീസോ, ജോലി നൽകുന്നതിന് മുൻപായി പണം നിക്ഷേപിക്കാനോ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ അവഗണിക്കുക.
    3. സമ്മാന/ലോട്ടറി തട്ടിപ്പുകൾ : വിലകൂടിയ സമ്മാനങ്ങൾ, വലിയ ലോട്ടറി തുകകൾ എന്നിവ ലഭിച്ചു എന്ന് വിശ്വസിപ്പിച്ച് നികുതി/ ചെറിയ തുക ഫീസായി ആവശ്യപ്പെടുന്ന തട്ടിപ്പുകളിൽ അകപ്പെടരുത്.
    4. ആൾമാറാട്ടം : ബന്ധുക്കളായോ പരിചയമുള്ളവരായോ നടിച്ച് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുന്ന വാട്ട്‌സ്ആപ്പ്/ സോഷ്യൽ മീഡിയ സന്ദേശങ്ങൾ ലഭിച്ചാൽ, പണം അയക്കുന്നതിന് മുൻപ് അവരെ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തുക.
    5. മ്യൂൾ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത് കുറ്റകരം : സ്വന്തം ബാങ്ക് അക്കൗണ്ട്, എ.ടി.എം. കാർഡ്, ഒ.ടി.പി. എന്നിവ മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഇത് സൈബർ തട്ടിപ്പുകൾക്ക് പണം കൈമാറ്റം ചെയ്യപ്പെടാനായി ഉപയോഗിക്കാം.

തട്ടിപ്പിനിരയായി എന്ന് മനസ്സിലാക്കിയാൽ ഉടൻ തന്നെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.

ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ https://cybercrime.gov.in/ എന്ന വെബ്സൈറ്റിൽ പരാതി നൽകുക. തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ ഈ അടിയന്തര നടപടികൾക്ക് കഴിയും.

ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *