അദ്ധ്യാപക നിയമന കാര്യത്തിൽ മന്ത്രിയുടെ സമീപനം ക്രൂരം : അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ മാനേജ്മെൻ്റുകൾക്കെതിരെ, പ്രത്യേകിച്ച് ക്രിസ്ത്യൻ മാനേജ്മെൻ്റുകൾക്കെതിരെ വകുപ്പു മന്ത്രി ശിവൻകുട്ടിയുടെ സമീപനം അത്യന്തം ധിക്കാരപരവും ക്രൂരവുമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ
അഡ്വ തോമസ് ഉണ്ണിയാടൻ.

അദ്ധ്യാപന നിയമനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകൾ സ്വീകരിച്ച നടപടികളും, മാനേജ്മെന്റുകൾ കോടതിയേയും സർക്കാരിനേയും സമീപിച്ചതും, മാനേജ്മെന്റുകളുടെ അപേക്ഷകളിൽ നാലു മാസത്തിനകം സർക്കാർ തീരുമാനം എടുക്കണമെന്ന് കോടതി നിർദ്ദേശത്തിന്റെ കാലാവധി തീരാറായിട്ടും സർക്കാർ ഇതിന്മേൽ തീരുമാനമെടുക്കാത്തതും, ഭിന്നശേഷിക്കാരെ നിയമിക്കുന്നതിന് മാനേജ്മെന്റുകൾ സ്വീകരിച്ചിട്ടുള്ള നല്ല സമീപനത്തേയും ക്രൈസ്തവ സഭയുടെ സംസ്കാര സമീപനത്തേയും ബോധപൂർവ്വം തമസ്ക്കരിച്ചു കൊണ്ടാണ് മന്ത്രി അനാവശ്യ കുറ്റപ്പെടുത്തലുമായി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.

2018 മുതൽ ഭിന്നശേഷി നിയമന ഉത്തരവിൽ കുടുക്കി 16,000 ത്തിൽ അധികം അദ്ധ്യാപകർ നിയമന അംഗീകാരം ലഭിക്കാതെ വേദനിക്കുമ്പോൾ, വേദന പരിഹരിച്ചു കൊടുക്കാതെ മുറിവിൽ മുളക് പുരട്ടുന്നതു പോലെയാണ് സർക്കാർ സമീപനം.

എയ്ഡഡ് മേഖലയിലെ ഇത്തരത്തിലുള്ള അദ്ധ്യാപകർ അനുഭവിക്കുന്ന വേദനയെ കുറിച്ച് മന്ത്രി വേണ്ട രീതിയിൽ പഠിച്ചിട്ടില്ല എന്നു വേണം കരുതാൻ. വർഷങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ ദുരിതത്തിലായത് സർക്കാർ കണ്ടില്ലെന്നു നടിക്കരുത്. നീതിപൂർവ്വമായ അവകാശം അദ്ധ്യാപകർക്ക് നിഷേധിക്കരുത്. ക്രൈസ്തവ മാനേജ്മെൻ്റുകളെ ഒട്ടാകെ അപമാനിക്കുന്ന തരത്തിൽ “ജാതിയും മതവും നോക്കി വിരട്ടാൻ നോക്കണ്ട” എന്നുള്ള പ്രസ്താവന അല്പമെങ്കിലും സംസ്കാരം അവശേഷിക്കുന്നുണ്ടെങ്കിൽ മന്ത്രി പിൻവലിക്കണം എന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ട് ഖജനാവിൽ പണമില്ലാതാക്കിയതു മൂലം ശമ്പളം കൊടുക്കാൻ സാധ്യമല്ലാത്തതു കൊണ്ടാണ് നിയമനം അംഗീകരിക്കാത്തതെന്ന് ഉണ്ണിയാടൻ കുറ്റപ്പെടുത്തി. ഇടതു മുന്നണി സർക്കാരുകളുടെ സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് അദ്ധ്യാപക നിയമനങ്ങളിൽ സ്വീകരിച്ച മാതൃകാപരമായ നടപടികൾ എക്കാലവും സ്മരിക്കപ്പെടുമെന്നും ഉണ്ണിയാടൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *