കെ.വി. ചന്ദ്രൻ സ്മാരക പ്രഥമ “ചന്ദ്രപ്രഭ” പുരസ്കാരം പള്ളം ചന്ദ്രന്

ഇരിങ്ങാലക്കുട : കഥകളി രംഗത്തെ നിസ്തുലമായ പ്രവർത്തനങ്ങൾ, കൂത്ത്, കൂടിയാട്ടം തുടങ്ങിയ മറ്റ് രംഗകലകളുടെ പ്രചാരത്തിന് നടത്തിയ പ്രയത്നങ്ങൾ, കഥകളിയെ കുറിച്ച് വിജ്ഞാന പ്രദമായ ഗ്രന്ഥങ്ങളുടെ രചന തുടങ്ങി കലകളേയും, കലാകാരന്മാരേയും സമൂഹവുമായി ബന്ധിപ്പിക്കുന്നതിനുതകുന്ന അശ്രാന്ത പരിശ്രമങ്ങൾ പരിഗണിച്ച് “ചന്ദ്രപ്രഭ” പുരസ്കാരം പള്ളം ചന്ദ്രനെന്ന ടി എസ് ചന്ദ്രശേഖരൻ പിള്ളക്ക് നൽകുമെന്ന് ഡോ
കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ, സെക്രട്ടറി രാജേഷ് തമ്പാൻ എന്നിവർ അറിയിച്ചു.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ ടി കെ നാരായണൻ (ചെയർമാൻ), പദ്മശ്രീ പെരുവനം കുട്ടൻമാരാർ (മുഖ്യ ഉപദേഷ്ടാവ്), ഡോ നാരായണൻ പിഷാരടി, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, അഡ്വ രാജേഷ് തമ്പാൻ, ടി നന്ദകുമാർ എന്നിവരടങ്ങുന്ന പുരസ്കാര നിർണ്ണയ സമിതിയാണ് ഏകകണ്ഠമായി പള്ളം ചന്ദ്രൻ്റെ പേര് നിർദ്ദേശിച്ചത്.

പതിനയ്യായിരം രൂപയും, ഫലകവും, കീർത്തി പത്രവും, അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഏഴര പതിറ്റാണ്ടിലേറെയായി കഥകളി രംഗത്ത് കാലദേശശൈലീ ഭേദമെന്യേ സർവ്വരും ആദരിക്കുന്ന പള്ളം ചന്ദ്രൻ മദ്ധ്യ തിരുവിതാംകൂറിലെ സാംസ്കാരിക രംഗത്ത്
നവതി പിന്നിട്ട വേളയിലും സജീവ സാന്നിദ്ധ്യമായി നിറഞ്ഞു നിൽക്കുന്നു. കോട്ടയം “കളിയരങ്ങ്” എന്ന കലാസ്ഥാപനത്തിന്റെ സ്ഥാപക സെക്രട്ടറിയായി നാലര പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിക്കുന്ന അദ്ദേഹം ഇപ്പോഴും അതിൻ്റെ പ്രവർത്തക സമിതിയിൽ തുടരുന്നു.

കേരള കലാമണ്ഡലത്തിൻ്റെ എം കെ കെ നായർ സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഥകളി കലാകാരനായിരുന്ന പള്ളം മാതുപിള്ളയുടെ ചെറുമകനാണ്.

ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ ആരംഭകാലം മുതൽക്കേ സർവ്വസ്വമായി വർത്തിച്ച്, സമൂഹത്തിൻ്റെ എല്ലാ തുറയിലും സമർപ്പിത ജീവിതത്തിൻ്റെ നേർ സാക്ഷ്യമായിരുന്ന കെ വി ചന്ദ്രൻ്റെ സ്മരണ നിത്യദീപ്തമായി നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കഥകളി ക്ലബ്ബ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

2022ലെ മഹാനവമി ദിവസമാണ് കെ വി ചന്ദ്രൻ വാരിയർ ഇഹലോകവാസം വെടിഞ്ഞത്. എല്ലാ വർഷവും മഹാനവമി ദിവസം പുരസ്കാരം പ്രഖ്യാപിക്കുകയും, ക്ലബ്ബിൻ്റെ വാർഷിക ദിനത്തിൽ സമർപ്പിക്കുകയും ചെയ്യുക എന്നതാണ് ക്ലബ്ബിൻ്റെ നയം.

2026 ജനുവരി 24, 25, 26 തിയ്യതികളിലായി നടക്കുന്ന ക്ലബ്ബിൻ്റെ 51-ാമത് വാർഷികാഘോഷ ചടങ്ങിൽ വെച്ചായിരിക്കും പുരസ്കാര സമർപ്പണം.

Leave a Reply

Your email address will not be published. Required fields are marked *