ഇരിങ്ങാലക്കുട : നഗരസഭ 25-ാം വാർഡിൽ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ചിരപുരാതന കളിസ്ഥലമായ മഹാത്മാഗാന്ധി പാർക്കിൻ്റെ നവീകരണത്തിനായി വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ മുൻകൈയെടുത്ത് കേന്ദ്രസർക്കാർ ഫണ്ടായ 35 ലക്ഷം രൂപ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നേടിയെടുത്തിട്ടും കരാർ എടുക്കുവാൻ ആളില്ല എന്ന മുട്ടാപോക്ക് ന്യായം പറഞ്ഞ് പാർക്കിന്റെ നവീകരണത്തിനു തുരങ്കം വെയ്ക്കുന്ന നഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കൗൺസിലറുടെ നേതൃത്വത്തിൽ വാർഡ് നിവാസികൾ, പാർക്ക് ക്ലബ്ബംഗങ്ങൾ എന്നിവർ ചേർന്ന് നഗരസഭ ചെയർപേഴ്സണെ കണ്ട് പരാതി ബോധിപ്പിച്ചു.
പാർക്ക് നവീകരണത്തിനായുള്ള അഡ്മിനിസ്ട്രേറ്റീവ് അനുമതി, ടെക്നിക്കൽ അനുമതി മുതലായവ ലഭിച്ചിട്ടും തുടർനടപടികൾ കൃത്യമായി നടക്കാത്തതിനെ തുടർന്നാണ് കൗൺസിലറും സംഘവും പരാതിയുമായി നഗരസഭ കാര്യാലയത്തിലെത്തിയത്.
ഉടനടി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും, കേന്ദ്രവിഹിതം ലാപ്സാക്കാൻ ഇട വരരുതെന്നും കൗൺസിലർ ആവശ്യപ്പെട്ടു.
നഗരസഭ കരാറുകാർക്ക് തക്ക സമയത്ത് പ്രതിഫലം നൽകാത്തതിനാൽ കരാറുകാർ പുതിയ കരാർ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല എന്നത് നിരന്തരമായി കൗൺസിലിൽ ഉയരുന്ന വിമർശനമാണ്.
എന്നാൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തികൾക്ക് യഥാസമയം പണം കിട്ടുമെന്നിരിക്കലും കരാറുകാരെ കണ്ടെത്തി നടപടികളുമായി നഗരസഭ മുന്നോട്ടു പോകാത്തതിന് പിന്നിൽ നിക്ഷിപ്ത താല്പര്യങ്ങളാണെന്ന് കൗൺസിലർ സ്മിത കൃഷ്ണകുമാർ ആരോപിച്ചു.
കൗൺസിലർ സ്മിത കൃഷ്ണകുമാറിനോടൊപ്പം പാർക്ക് ക്ലബ് അംഗങ്ങളായ ബിമൽ, ശ്രീരാം എന്നിവരും, വാർഡ് നിവാസികളും റെസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങളുമായ ശശി മേനോൻ, മുരളി, രാധാകൃഷ്ണൻ, രമേശ് അയ്യർ എന്നിവരും പരാതി ബോധിപ്പിക്കാൻ എത്തിയിരുന്നു.












Leave a Reply