ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിൻ്റെ സ്വപ്നസാക്ഷാത്കാരമാണ് 27ന് നാടിന് സമർപ്പിക്കുന്ന പുതിയ പഞ്ചായത്ത് ആസ്ഥാന മന്ദിരമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ മുഴുവൻ തുകയും എംഎൽഎ എന്ന നിലയ്ക്കുള്ള ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിക്കാനായതാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയതെന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
മൂന്നു ഘട്ടങ്ങളിലായി അനുവദിച്ച 1.49 കോടി രൂപ വിനിയോഗിച്ചാണ് പൂമംഗലം പഞ്ചായത്തിൻ്റെ പുതിയ ആസ്ഥാന മന്ദിരം പൂർത്തിയാക്കിയത്. തനതു വരുമാനം വളരെ കുറവായ പൂമംഗലം പഞ്ചായത്തിന് ആധുനിക ഓഫീസ് ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് നിർമ്മാണപ്രവർത്തനത്തിന് ആവശ്യമായ മുഴുവൻ തുകയും അനുവദിച്ചത്.
2021-22 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ നിർമ്മാണ പ്രവൃത്തികൾക്കായി അനുവദിച്ചു. ഈ തുക കെട്ടിടത്തിൻ്റെ സ്ട്രക്ച്ചറൽ വർക്ക് പൂർത്തിയാക്കാൻ മാത്രമേ തികയൂവെന്ന് മനസ്സിലാക്കിയപ്പോൾ ഇലക്ട്രിഫിക്കേഷൻ, ജനലുകൾ, വാതിലുകൾ, ടൈൽ വർക്ക് എന്നിവയടക്കം ഫിനിഷിംങ് ജോലികൾക്കായി 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 34 ലക്ഷം രൂപ കൂടി അനുവദിച്ചു. അതുപയോഗിച്ച് ഗ്രൗണ്ട് ഫ്ലോർ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.
കെട്ടിടത്തിൽ കുടുബശ്രീ, തൊഴിലുറപ്പ് തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും അടിസ്ഥാനസൗകര്യം തികയില്ലെന്ന ഘട്ടത്തിൽ പഞ്ചായത്തിൻ്റെ പൂർണ്ണമായ ഓഫീസ് പ്രവർത്തനത്തിനായി 2024-25 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ കൂടി അനുവദിച്ചു. ഈ തുക വിനിയോഗിച്ച് ഒന്നാം നില സ്ട്രക്ച്ചറൽ വർക്ക്, വൈദ്യുതീകരണം, ജനലുകൾ, വാതിലുകൾ, കാബിൻ തിരിയ്ക്കൽ, ടൈൽ വർക്ക് എന്നിവയുൾപ്പെടെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി.
5605 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വിശാലമായ പാർക്കിംങ് സംവിധാനത്തോടു കൂടിയാണ് പൂമംഗലം പഞ്ചായത്ത് ഓഫീസ് ആസ്ഥാന മന്ദിരം നിർമ്മിച്ചിരിക്കുന്നതെന്നും മന്ത്രി ഡോ. ബിന്ദു കൂട്ടിച്ചേർത്തു.












Leave a Reply