ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് നാളെ നടവരമ്പ് അംബേദ്കർ നഗറിൽ നടക്കും.
ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്താണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തെന്ന് പ്രസിഡൻ്റ് സുധ ദിലീപ് പറഞ്ഞു.
2022- 23 വർഷം മുതൽ മൂന്നുവർഷം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് വെള്ളാങ്ങല്ലൂർ ഈ നേട്ടത്തിലേക്ക് കടക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിദ്യാർഥികൾ, വയോജനങ്ങൾ, തൊഴിലാളികൾ എന്നിവരുൾപ്പെടെ എല്ലാവരെയും ഭരണഘടനാ സാക്ഷരതയിലേക്ക് എത്തിക്കാനുള്ള തീവ്ര പ്രവർത്തനങ്ങളാണ് ബ്ലോക്കിന്റെ നേതൃത്വത്തിൽ നടന്നത്.
ഇതിൻ്റെ ഭാഗമായി തുടർച്ചയായി ഭരണഘടനാ സംബന്ധമായ ചർച്ചകൾ, സെമിനാറുകൾ, വിജ്ഞാന സദസ്സുകൾ, ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ, പദയാത്രകൾ, ഗൃഹ സന്ദർശനങ്ങൾ തുടങ്ങിയവയും നടത്തിയിരുന്നു.
ഭരണഘടനയുടെ ആമുഖം ആകർഷകമായ രീതിയിൽ ഡിസൈൻ ചെയ്തു പതിനൊന്നായിരത്തോളം വിദ്യാർഥികൾക്ക് വിതരണം ചെയ്തു.
എൻ.എസ്.എസ്. വൊളൻ്റിയർമാർ, വായനശാല പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരുടെ സഹായത്തോടെ ബ്ലോക്ക് അതിർത്തിയിൽ വരുന്ന അഞ്ച് പഞ്ചായത്തിലെ നാലായിരത്തിലധികം വീടുകളിൽ ലഘുലേഖകൾ എത്തിച്ചു. തുടങ്ങി നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായാണ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഈ അസുലഭ നേട്ടത്തിലേക്ക് കടക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര കിലയിലെ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തി സാക്ഷ്യപത്രം നൽകി. ഇതേതുടർന്നാണ് ശനിയാഴ്ച പ്രഖ്യാപനം നടക്കുന്നത്.
പ്രഖ്യാപന ചടങ്ങ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.
ഇന്ത്യൻ ഭരണഘടനയെ കുറിച്ച് സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ കലക്ടർ അർജുൻ കല്ലംകുന്ന് പട്ടികവർഗ്ഗ ഉന്നതിയിലെ ആളുകൾക്ക് ഭൂമിയുടെ ആധാരം കൈമാറും.
വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം ചെണ്ട പഠനം പൂർത്തിയാക്കിയ കലാകാരന്മാരുടെ അരങ്ങേറ്റവും ചടങ്ങിൽ നടക്കും.
Leave a Reply