“തിരക്കഥാകൃത്തുക്കൾ സമ്മാനിച്ച ഫ്യൂഡൽ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്”
ഇരിങ്ങാലക്കുട : “കലുങ്ക് സംവാദങ്ങള്‍” എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂര്‍ എംപിയുടെ പരിപാടി അപലപനീയമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.
ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ തന്റെ പ്രശ്നം അവതരിപ്പിച്ച വയോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
“താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തിൻ്റെ മന്ത്രിയാണ്” എന്ന് പറയുന്നയാള്‍ താന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നു. തൃശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് എംപിയും മന്ത്രിയുമായ ഒരാള്‍ക്ക് അവരുടെ ഏതു നിവേദനവും ഏറ്റു വാങ്ങാനും അനുഭാവപൂര്‍വ്വം പരിഗണിക്കാനും ചുമതലയുണ്ട്. തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല, വോട്ടു ചെയ്യാത്തവരുടെയും എംപിയാണ് ഇപ്പോള്‍ അദ്ദേഹം. അവരുടെ എല്ലാവരുടെയും പരാതികളും അഭ്യര്‍ത്ഥനകളും ഒരുപോലെ കേള്‍ക്കാന്‍ ജനാധിപത്യപരമായ ബാധ്യതയുണ്ട് എംപിക്ക് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജീവിത പ്രശ്‍നങ്ങളുമായി മുന്നിലെത്തുന്നവർ തന്റെ അടിയാളരാണെന്ന തോന്നൽ നല്ലതല്ലെന്നും മന്ത്രി ബിന്ദു ഓർമ്മിപ്പിച്ചു.
ജീവിതത്തിലാണോ സിനിമയിലാണോ എന്ന വിഭ്രമത്തിലാണ് അദ്ദേഹം എന്ന് തോന്നും വിധമാണ് സുരേഷ് ഗോപിയുടെ പ്രതികരണങ്ങൾ. തിരക്കഥാകൃത്തുക്കൾ സമ്മാനിച്ച ഫ്യൂഡൽ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി നടക്കുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചു കൊണ്ടാവരുത്. സിനിമകളിൽ ആരാധകരെ ത്രസിപ്പിച്ച തരം ഡയലോഗുകളുമായി തന്നെ സമീപിക്കുന്ന സാധാരണക്കാരുടെ നെഞ്ചത്ത് കേറുന്ന രീതി തുടർച്ചയായി അദ്ദേഹത്തിൽ നിന്നും ഉണ്ടാവുന്നതു കൊണ്ടാണ് ഇതു പറയാൻ നിർബന്ധിതയാകുന്നതെന്നും മന്ത്രി ബിന്ദു പറഞ്ഞു.
മിഥ്യാഭ്രമം മാറാൻ സുരേഷ് ഗോപിയെ ബിജെപി നേതൃത്വം ഇടപെട്ടു സഹായിക്കണം. താനിപ്പോൾ സിനിമയിലല്ല ജനങ്ങളുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട് കൈകാര്യം ചെയ്യേണ്ട ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലാണെന്നത് മറന്നു പോവരുതെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ബിജെപി തയ്യാറാവണമെന്നും മന്ത്രി ഡോ. ആർ. ബിന്ദു ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Leave a Reply